LogoLoginKerala

കര്‍ണാടകത്തിന് മലയാളി സ്പീക്കര്‍, യു ടി ഖാദര്‍ പത്രിക നല്‍കി

 
UT khadar

ബെംഗളൂരു: മലയാളിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ യു ടി ഖാദര്‍ കര്‍ണാടക നിയമസഭാ സ്പീക്കറാകും. അഞ്ചാം തവണയും വിധാന്‍സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച യു ടി ഖാദര്‍ സ്പീക്കര്‍ തിരഞ്ഞെടുപ്പിലേക്ക് ഇന്ന് രാവിലെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെയും സാന്നിധ്യത്തിലാണ് അദ്ദേഹം പത്രിക സമര്‍പ്പിച്ചത്.

UT khadar

ഹൈക്കമാന്‍ഡിന്റെ അംഗീകാരം ലഭിച്ചതിന് പിന്നാലെയാണ് ഖാദര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ആര്‍.വി. ദേശ്പാണ്ഡെ, ടി.ബി. ജയചന്ദ്ര, എച്ച്.കെ. പാട്ടീല്‍ തുടങ്ങിയവരുടെ പേരുകളാണ് മുന്‍പ് സ്പീക്കര്‍ സ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ടിരുന്നത്. ഇവരെ പിന്തള്ളിയാണ് അപ്രതീക്ഷിതമായി സ്പീക്കര്‍ സ്ഥാനത്തേക്കുള്ള ഖാദറിന്റെ വരവ്.

പ്രതിപക്ഷം സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ നാളെ തിരഞ്ഞെടുപ്പ് നടക്കും. തിരെഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നും ആദ്യമായി കര്‍ണാടക സ്പീക്കാറാകുന്ന വ്യക്തിയായി ഖാദര്‍ മാറും. കഴിഞ്ഞ നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവായിരുന്നു. രണ്ട് തവണ മന്ത്രിയായിരുന്നു. മംഗളൂരു മണ്ഡലത്തില്‍ നിന്നും അഞ്ചാം തവണയാണ് ഖാദര്‍ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെടുന്നത്. നിലവിലെ കര്‍ണാടക സര്‍ക്കാരിന്റെ രണ്ടാം ടേമില്‍, മന്ത്രിസഭ പുനഃസംഘടിപ്പിക്കുമ്പോള്‍ ഖാദറിന് മന്ത്രിസ്ഥാനം പാര്‍ട്ടി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് സൂചനകള്‍. ന്യൂനപക്ഷ സമുദായത്തില്‍നിന്നുള്ള നേതാവിന് അവസരം നല്‍കുന്നു എന്ന സന്ദേശം കൂടിയാണ് ഖാദറിനെ സ്പീക്കറാക്കുന്നതിലൂടെ കോണ്‍ഗ്രസ് നല്‍കാന്‍ ഉദ്ദേശിക്കുന്നത്.
പിതാവ് കാസര്‍കോട്ടുകാരനായ ഉപ്പള പള്ളത്തെ പരേതനായ യു.ടി. ഫരീദിന്റെ മകനാണ് യു.ടി. ഖാദര്‍. യു ടി ഫരീദ് 1972, 1978, 1999, 2004 എന്നീ വര്‍ഷങ്ങളില്‍ മംഗലാപുരത്തെ ഉള്ളാള്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. അദ്ദേഹത്തിന്റെ മരണത്തെ തുടര്‍ന്ന് 2007-ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഖാദര്‍ മത്സരിച്ച് ജയിച്ചു. കാസര്‍കോട് ചട്ടഞ്ചാല്‍ സ്വദേശി ലമിസാണ് ഭാര്യ. ഏകമകള്‍ ഹവ്വ നസീമ പഠിച്ചതും കേരളത്തിലാണ്.