എ ഐ ക്യാമറ പദ്ധതിയുമായി ബന്ധമില്ലെന്ന് ഊരാളുങ്കല്‍
ആരോപണങ്ങൾ തെറ്റിദ്ധാരണയിൽ നിന്നുണ്ടായത്
Apr 24, 2023, 13:03 IST
കോഴിക്കോട്- എ.ഐ. ക്യാമറ പദ്ധതിയുമായോ എസ്.ആര്‍.ഐ.ടിയുമായോ ഊരാളുങ്കല്‍ സൊസൈറ്റിക്ക് ബന്ധമില്ലെന്ന് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി (യു.എല്‍.സി.എസ്.) വാര്‍ത്താക്കുറിപ്പില്‍ അറയിച്ചു. ചില വാര്‍ത്തകളില്‍ പറയുന്ന പേരുകാര്‍ ആരും യു.എല്‍.സി.എസിന്റെ ഡയറക്ടര്‍മാരല്ലെന്നും യു.എല്‍.സി.എസ്. മാനേജിങ് ഡയറക്ടര്‍ വ്യക്തമാക്കി.
ബെംഗളൂരു ആസ്ഥാനമായ എസ്.ആര്‍.ഐ.ടി. ഒരു ആശുപത്രി സോഫ്റ്റ്‌വെയര്‍ വികസനപദ്ധതി 2016ല്‍ ഊരാളുങ്കല്‍ സൊസൈറ്റിക്കു നല്‍കി. ഇതിനായി അന്ന് ഈ രണ്ടു സ്ഥാപനങ്ങളും ചേര്‍ന്ന് സംയുക്തസംരംഭം രൂപവത്കരിച്ചു. അതിന്റെ പേരാണ് യു.എല്‍.സി.എസ്. എസ്.ഐ.ആര്‍.ടി. രണ്ടു സ്ഥാപനത്തിലെയും ഡയറക്ടര്‍മാര്‍ അതില്‍ അംഗങ്ങള്‍ ആയിരുന്നു. യു.എല്‍.സി.എസ്. എസ്.ഐ.ആര്‍.ടിയുടെ ദൗത്യം 2018ല്‍ അവസാനിക്കുകയും തുടര്‍ന്ന് ആ സംയുക്ത സംരംഭം പിരിച്ചുവിടുകയും ചെയ്തു. യു.എല്‍.സി.എസ്. എസ്.ഐ.ആര്‍.ടി. ഇപ്പോള്‍ നിലവിലില്ല.
എന്നാല്‍, കമ്പനികളുടെ വിവരങ്ങള്‍ ലഭ്യമാകുന്ന ചില വെബ്‌സൈറ്റുകളില്‍ എസ്.ആര്‍.ഐ.ടി. എന്നു തിരഞ്ഞാല്‍ യുഎല്‍സിസിഎസ് എസ് ആര്‍ ഐ ടി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ വിവരംകൂടി വരാറുണ്ട്. അവരുടെ വെബ്‌സൈറ്റ് അപ്‌ഡേറ്റ് ചെയ്യാത്തതുകൊണ്ട് സൈറ്റില്‍ ഇപ്പോഴും പഴയ വിവരം കിടക്കുന്നതുകൊണ്ടാണ് അത്. ഇതു കണ്ടിട്ടാണ് പലരും എസ്.ആര്‍.ഐ.ടി. എന്നു കേള്‍ക്കുന്നിടത്തെല്ലാം യു.എല്‍.സി.എസിനെ കൂട്ടിക്കെട്ടാന്‍ മുതിരുന്നത്.
എസ് ആര്‍ ഐ ടി സ്വതന്ത്രമായ അസ്തിത്വമുള്ള സ്വകാര്യ കമ്പനിയാണ്. എന്നാല്‍, എസ്.ആര്‍.ഐ.ടി. പങ്കാളിയായി മുമ്പ് ഉണ്ടായിരുന്ന സംയുക്തസംരംഭമായ യു.എല്‍.സി.എസ്. എസ്.ഐ.ആര്‍.ടി. ആണ് യഥാര്‍ഥ എസ്ആര്‍ഐറ്റി എന്നു തെറ്റിദ്ധരിപ്പിച്ചാണ് ഈ ആരോപണമെല്ലാം എന്നും ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ മാനേജിങ് ഡയറക്ടറുടെ പത്രക്കുറിപ്പില്‍ വിശദീകരിക്കുന്നു.