സെക്രട്ടേറിയറ്റ് വളഞ്ഞ് പ്രതിപക്ഷ സമരം, തിരുവനന്തപുരം സ്തംഭിച്ചു

തിരുവനന്തപുരം- തലസ്ഥാന നഗരിയെ സ്തംഭിപ്പിച്ച് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷവും പ്രതിപക്ഷത്തിന്റെ സെക്രട്ടേറിയറ്റ് വളയല്‍ സമരവും. പ്രതിപക്ഷ സമരം മൂലം രാവിലെയും സര്‍ക്കാരിന്റെ വാര്‍ഷികാഘോഷം മൂലം വൈകിട്ടും നഗരത്തില്‍ ഗതാഗത നിയന്ത്രണമാണ്. സെക്രട്ടേറിയറ്റ് പരിസരത്ത് പാര്‍ക്കിംഗ് വിലക്കും ഏര്‍പ്പെടുത്തി.
നികുതി വര്‍ധന, കാര്‍ഷിക പ്രശ്നങ്ങള്‍, അഴിമതി, സാമ്പത്തിക പ്രതിസന്ധി, സര്‍ക്കാരിന്റെ ധൂര്‍ത്ത് തുടങ്ങി രാഷ്ട്രീയ വിഷയങ്ങളില്‍ ഉള്‍പ്പടെ സര്‍ക്കാരിനെതിരായ കുറ്റപത്രം വായിച്ചുകൊണ്ടായിരുന്നു യു ഡി എഫ് ഉപരോധം. സംസ്ഥാനത്തെ പൊലീസ് നിഷ്‌ക്രിയമാണെന്ന് കെ പി സി സി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ വിമര്‍ശിച്ചു. ഡോ. വന്ദനാ ദാസ് കൊലക്കേസും താനൂര്‍ ബോട്ടപകടവും ഇതിന് തെളിവാണെന്നും അദ്ദേഹം വിമര്‍ശിച്ചു. അനധികൃത ബോട്ട് സര്‍വീസിന് പിന്നില്‍ മലപ്പുറത്തെ മന്ത്രിയാണെന്നും പിണറായി സര്‍ക്കാര്‍ കമ്മീഷന്‍ സര്‍ക്കാരാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. 'അരി ചാമ്പാന്‍ അരിക്കൊമ്പന്‍, ചക്ക ചാമ്പാന്‍ ചക്കക്കൊമ്പന്‍, കേരളത്തെ ചാമ്പാന്‍ ഇരട്ടച്ചങ്കന്‍'- സുധാകരന്‍ വിമര്‍ശിച്ചു.
ഈ സര്‍ക്കാരിനെ കേരളത്തിലെ ജനങ്ങളുടെ മനസാക്ഷിയുടെ കോടതിയില്‍ വിചാരണ ചെയ്യാന്‍ പോകുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ഈ രണ്ട് വര്‍ഷക്കാലത്തെ ഭരണത്തിന്റെയും അതിന് മുമ്പുള്ള അഞ്ച് വര്‍ഷക്കാലത്തിന്റെയും ഭരണത്തിന്റെ കെടുതികള്‍ ജനങ്ങള്‍ നിരന്തരമായി അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇത്രമാത്രം ജനങ്ങളെ ദ്രോഹിച്ച സര്‍ക്കാര്‍ ഈ സംസ്ഥാനത്തിന്റെ ചരിത്രത്തിലുണ്ടായിട്ടില്ല. മഹാപ്രളയത്തിനും മഹാമാരിക്കും ശേഷം ജീവിക്കാന്‍ നിവൃത്തിയില്ലാതെ കഷ്ടപ്പെട്ട സാധാരണക്കാരുടെ തലയിലേക്ക് നികുതി ഭാരം അടിച്ചേല്‍പിച്ച്, നികുതികൊള്ള നടത്തി, നികുതി ഭീകരത കേരളത്തില്‍ നടപ്പാക്കുന്ന ഇന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനം ഈ പിണറായി ഭരിക്കുന്ന കേരള സര്‍ക്കാരാണ് എന്ന് പറയുന്നതില്‍ തനിക്ക് ദുഖമുണ്ടെന്നും സതീശന്‍ പറഞ്ഞു. കഴിഞ്ഞ ബജറ്റില്‍ 5000 കോടി രൂപയുടെ നികുതി ഭാരമാണ് കെട്ടിവെച്ചത്. പിന്നീട് വെള്ളക്കരം വര്‍ദ്ധിപ്പിച്ചു. വൈദ്യുതി ചാര്‍ജ് കൂട്ടി. വീണ്ടും വൈദ്യുതി ചാര്‍ജ് കൂട്ടാന്‍ പോകുന്നുവെന്നും സതീശന്‍ വിമര്‍ശിച്ചു.
എം കെ മുനീര്‍ കുഴഞ്ഞു വീണു
രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിനെതിരായി പ്രതിപക്ഷം നടത്തിയ സമരത്തെ അഭിസംബോധന ചെയ്ത് സംസാരിക്കാന്‍ തുടങ്ങവേ പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ കുഴഞ്ഞു വീണു. ദേഹാസ്വാസ്ഥ്യമുണ്ടായ മുനീര്‍ മെക്കിന് മുന്നിലാണ് കുഴഞ്ഞു വീണത്. ഉടന്‍ തന്നെ മറ്റു നേതാക്കള്‍ അദ്ദേഹത്തെ പിടിച്ച് കസേരയിലിരുത്തി. സി.പി. ജോണ്‍ പ്രസംഗിച്ചതിനു പിന്നാലെയാണ് അദ്ദേഹം പ്രസംഗിക്കാന്‍ എഴുന്നേറ്റത്. ദേഹാസ്വാസ്ഥ്യം ഉണ്ടായതിനു പിന്നാലെ അദ്ദേഹം വേദി വിട്ടു.
പ്രസ് ക്ലബിനു സമീപം പോലീസും സമരക്കാരുമായി ഉന്തുംതള്ളുമുണ്ടായി. സമരം നടക്കുന്ന ഗേറ്റിലൂടെ ജീവനക്കാരെ പോലീസ് കടത്തിവിട്ടതിനെ ചൊല്ലിയാണ് പ്രശ്നമുണ്ടായത്. പോലീസ് സമരം പൊളിക്കാനുള്ള ശ്രമമാണെന്നാണ് പ്രതിഷേധക്കരുടെ ആരോപണം. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ അടക്കം സെക്രട്ടേറിയറ്റില്‍ പ്രവേശിക്കാനാവാതെ പുറത്തുനില്‍ക്കുകയാണ്. സമരക്കാരുമായി ഒരു ജീവനക്കാരി വാക്കുതര്‍ക്കത്തിലുമേര്‍പ്പെട്ടു.
യുഡിഎഫാണ് സെക്രട്ടേറിയറ്റ് വളഞ്ഞ് പ്രതിഷേധിക്കുന്നത്. നികുതി വര്‍ധന, കാര്‍ഷിക പ്രശ്നങ്ങള്‍, അഴിമതി, സാമ്പത്തിക പ്രതിസന്ധി, സര്‍ക്കാരിന്റെ ധൂര്‍ത്ത് തുടങ്ങി രാഷ്ട്രീയ വിഷയങ്ങളില്‍ ഉള്‍പ്പടെ സര്‍ക്കാരിനെതിരായ കുറ്റപത്രം പ്രതിഷേധ സമരത്തിനിടെ വായിക്കും.