ഷാരൂഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തി, അന്വേഷണം ഇനി എന്‍ ഐ എക്ക് ഏറ്റെടുക്കാം

കോഴിക്കോട്- എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിക്കെതിരെ പോലീസ് യുഎപിഎ ചുമത്തി. കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതിയിലാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ യു എ പി എ വകുപ്പുകള്‍ ചുമത്തിക്കൊണ്ടുള്ള റിപ്പോര്‍ട്ട് നല്‍കിയത്. ഡല്‍ഹി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ തീവ്രവാദ ബന്ധം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് യുഎപിഎ ചുമത്തി റിപ്പോര്‍ട്ട് നല്‍കിയത്. ഇതോടെ കേസിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) എത്രയും വേഗം ഏറ്റെടുക്കും. ഇതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. അന്വേഷണ ഏജന്‍സി യുഎപിഎ ചുമത്താത്തതായിരുന്നു എന്‍ ഐ എ കേസ് ഏറ്റെടുക്കുന്നതിനുണ്ടായിരുന്ന ഏക തടസം. ഇയാളുടെ ഡല്‍ഹി ബന്ധങ്ങള്‍ കേരള പോലീസിന് മാത്രമായി കണ്ടെത്താന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയാണ് അന്വേഷണം എന്‍ ഐ എ ഏറ്റെടുക്കുന്നതിനുള്ള വഴിയൊരുക്കി പോലീസ് യു എ പി എ ചുമത്താന്‍ തീരുമാനിച്ചത്.
കേസില്‍ പ്രതിയെ വെള്ളിയാഴ്ച ഷൊര്‍ണൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ആക്രമണത്തിനായി പ്രതി ഉപയോ?ഗിച്ച പെട്രോള്‍ വാങ്ങിയ പമ്പിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. പെട്രോള്‍ പമ്പ് ജീവനക്കാരില്‍ നിന്ന് പ്രതിയെ കുറിച്ചും സംഭവത്തെ കുറിച്ചും പൊലീസ് വിവരങ്ങള്‍ തേടിയിരുന്നു. ശേഷം പ്രതിയെ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിച്ചു. റെയില്‍വേ സ്റ്റേഷന് അടുത്തുളള കടകളിലേക്ക് പൊലീസ് പ്രതിയെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയിരുന്നു.
ആക്രമണ ദിവസം പുലര്‍ച്ചെ നാല് മണിയോടെ ഷൊര്‍ണൂരിലെത്തിയ പ്രതി വൈകീട്ട് ഏഴ് മണിവരെ ഷൊര്‍ണൂരില്‍ ചെലവഴിച്ചിരുന്നു. ഇവിടെ നിന്ന് ഇയാള്‍ക്ക് പ്രാദേശിക സഹായം ലഭിച്ചതായി പോലീസിന് സൂചനകള്‍ ലഭിച്ചെങ്കിലും തെളിവുകള്‍ കണ്ടെത്താനായിട്ടില്ല. താന്‍ ഒറ്റക്കാണ് കൃത്യം നടത്തിയതെന്നും ആരും സഹായിച്ചിട്ടില്ലെന്നുമുള്ള മൊഴിയില്‍ ഇയാള്‍ ഉറച്ചു നില്‍ക്കുകയാണെന്നുമാണ് അറിയുന്നത്.