LogoLoginKerala

ട്രെയിനിന് തീവെച്ചത് നോയ്ഡ സ്വദേശി ഷെഹറൂഫ് സെയ്ഫി? ഔദ്യോഗിക സ്ഥിരീകരണം ഉടനുണ്ടാകും

 
Train Fire
കോഴിക്കോട്: ആലപ്പുഴ-കണ്ണൂര്‍ എക്‌സ്പ്രസ് ട്രെയിന് തീ വെച്ചത് നോയ്ഡ സ്വദേശി ഷെഹറൂഖ് സെയ്ഫി എന്നയാളാണെന്ന് പോലീസ് സൂചന നല്‍കി. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. തീവെപ്പിനിടയില്‍ ഇയാള്‍ക്ക് പൊള്ളലേറ്റതായും കണ്ണൂരില്‍ ചികിത്സ തേടിയതായും റിപ്പോര്‍ട്ടുകളുണ്ട്. പോലീസ് ഇയാളിലേക്ക് എത്തിയതായാണ് നിഗമനം. നോയ്ഡ സ്വദേശിക്കൊപ്പം മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
റെയില്‍ പാളത്തില്‍ നിന്ന് കണ്ടെത്തിയ ബാഗില്‍ നിന്ന് ലഭിച്ച നിര്‍ണായകമായ ചില തെളിവുകളുമായി ബന്ധപ്പെട്ട അന്വേഷണമാണ് പ്രതി ഉത്തരേന്ത്യക്കാരനാണെന്ന നിഗമനത്തിലേക്ക് പോലീസ് എത്തുന്നത്. ബാഗില്‍നിന്നും ലഭിച്ച മൊബൈല്‍ ഫോണ്‍ അവസാനം ഉപയോഗിച്ചത് മാര്‍ച്ച് 30നാണ്. ഫോണിലെ കോള്‍ രേഖകള്‍ അടക്കം പോലീസ് ശേഖരിച്ചുവരികയാണ്. ബാഗിലുള്ള ഫോണ്‍ അടക്കമുള്ള വസ്തുക്കള്‍ ഫൊറന്‍സിക്, ഫിംഗര്‍ പ്രിന്റ് വിദഗ്ധര്‍ പരിശോധിച്ചിട്ടുണ്ട്. ബാഗില്‍നിന്നും കിട്ടിയ ബുക്കിലെ കുറിപ്പില്‍ നിരവധി റെയില്‍വേ സ്റ്റേഷനുകളെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. കേരളത്തിലെ നിരവധി സ്ഥലങ്ങളെപ്പറ്റിയും ഇതില്‍ എഴുതിയിട്ടുണ്ടെന്നാണ് വിവരം.  
എഡിജിപി എം കെ അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. സൈബര്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥരെ അടക്കം ഏകോപിപ്പിച്ചാണ് അന്വേഷണം നടക്കുന്നത്. അന്വേഷണം സംബന്ധിച്ച വിശദാംശങ്ങളും അക്രമിയെ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണവും ഉത്തരവാദപ്പെട്ടവരില്‍നിന്നും അധികം വൈകാതെ ഉണ്ടാകുമെന്നാണ് കരുതുന്നത്.