LogoLoginKerala

എ ഐ ക്യാമറ വന്നതോടെ വാഹനങ്ങളുടെ നിയമലംഘനങ്ങള്‍ കുത്തനെ കുറയുന്നു

ജൂണ്‍ 5മുതല്‍ പിഴയീടാക്കുന്നതോടെ ഇനിയും കുറയുമെന്ന് പ്രതീക്ഷ
 
ai camera

 

തിരുവനന്തപുരം- സംസ്ഥാനത്തുടനീളം എഐ ക്യാമറകള്‍ സ്ഥാപിച്ചതോടെ ഗതാഗത നിയമലംഘനങ്ങള്‍ ഗണ്യമായി കുറഞ്ഞു. ക്യാമറകള്‍ സ്ഥാപിക്കുന്നതുവരെ 2.13 ശതമാനമായിരുന്ന നിയമലംഘനങ്ങള്‍ പിന്നീട് 1.41 ആയി. ഏപ്രില്‍ 20നാണ് എഐ ക്യാമറ സംവിധാനം പ്രവര്‍ത്തനം ആരംഭിച്ചത്. ഏപ്രില്‍ 17ന് 4,50,552 വാഹനം വിവിധ നിയമലംഘനം നടത്തിയെങ്കില്‍ തുടര്‍ന്നിങ്ങോട്ട് ക്രമാനുഗതമായി നിയമലംഘനങ്ങള്‍ കുറയുകയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഏപ്രില്‍ 22ന് 3,37,994 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. 27ന് അത് 2,39,792 ആയി കുറഞ്ഞു. മെയ് ഒന്നിന് 2,62,370 നിയമലംഘനങ്ങളുണ്ടായി. മെയ് 8ന് അത് 2,72,540 ആയി.  

പിഴ ഈടാക്കി തുടങ്ങുന്നതോടെ നിയമലംഘനങ്ങളുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജൂണ്‍ അഞ്ച് മുതല്‍ പിഴ ഈടാക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഈ മാസം 20 മുതല്‍ പിഴ ഈടാക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ മുന്നറിയിപ്പ് നോട്ടിസ് നല്‍കുന്നത് ഒരു മാസം കൂടി തുടരാനാണ് പുതിയ തീരുമാനം.  ഇരുചക്ര വാഹനങ്ങളില്‍ പോകുന്ന 12 വയസ്സില്‍ താഴെയുള്ള കുട്ടിക്ക് 3 പേര്‍ യാത്ര ചെയ്യുമ്പോള്‍ ചുമത്തുന്ന പിഴയീടാക്കുമെന്ന വ്യവസ്ഥയില്‍ ഇളവു വേണമെന്ന് വ്യാപകമായി ആവശ്യവും ഉയര്‍ന്നിരുന്നു. മാതാപിതാക്കള്‍ക്കൊപ്പം യാത്ര ചെയ്യുന്ന കുട്ടിക്കു പിഴയീടാക്കുന്നത് ഒഴിവാക്കണമെന്ന ആവശ്യവും ഉയര്‍ന്നു. ഇക്കാര്യത്തില്‍ കേന്ദ്രനിയമത്തിലെ വ്യവസ്ഥയില്‍ ഇളവുവരുത്തണമെന്നായിരുന്നു ആദ്യം ഗതാഗതവകുപ്പ് വിശദീകരിച്ചതെങ്കിലും സംസ്ഥാന സര്‍ക്കാര്‍ തന്നെ ഈ ഇളവ് കൊണ്ടുവരുന്ന കാര്യത്തിലാണ് തീരുമാനം നീളുന്നത്.