സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ടൊവിനോ തോമസ്
Updated: May 31, 2023, 13:27 IST
കൊച്ചി- ഡല്‍ഹിയില്‍ സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി നടന്‍ ടൊവിനോ തോമസ്. 'അന്താരാഷ്ട്ര കായിക വേദികളില്‍ നമ്മുടെ യശസ്സ് ഉയര്‍ത്തി പിടിച്ചവരാണ്, ഒരു ജനതയുടെ മുഴുവന്‍ പ്രതീക്ഷകള്‍ക്ക് വിജയത്തിന്റെ നിറം നല്‍കിയവര്‍! ആ പരിഗണനകള്‍ വേണ്ട, പക്ഷേ നമ്മുടെ രാജ്യത്തെ ഏതൊരു സാധാരണക്കാരനും അര്‍ഹിക്കുന്ന നീതി ഇവര്‍ക്ക് ലഭിക്കാതെ പോയിക്കൂടാ, എതിര്‍പക്ഷത്ത് നില്‍ക്കുന്നവര്‍ ശക്തരായത് കൊണ്ട് ഇവര്‍ തഴയപ്പെട്ടു കൂടാ. ജെയ് ഹിന്ദ്' -ടൊവിനോ സാമൂഹ്യമാധ്യമത്തില്‍ കുറിച്ചു.
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മുന്നിലേക്ക് മാര്‍ച്ച് നടത്തുന്നതിനിടെ പോലീസ് അതിക്രമത്തിനിരയായ ഗുസ്തി താരങ്ങളുടെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് ടൊവിനോ തന്റെ പ്രതിഷേധം അറിയിച്ചത്. സൗബിന്‍ ഷാഹിര്‍ അടക്കം രണ്ടു ലക്ഷത്തോളം പേരാണ് ഒരു മണിക്കൂറിനുള്ളില്‍ പോസ്റ്റ് ലൈക്ക് ചെയ്തത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയടക്കം ഏഴ് ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റുമായ ബ്രിജ് ഭൂഷണെ അറസ്റ്റുചെയ്യണം എന്നാവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ നടത്തുന്ന പ്രക്ഷോഭം ആഴ്ചകള്‍ പിന്നിടുമ്പോള്‍ അവര്‍ക്കു വേണ്ടി മലയാള സിനിമയില്‍ നിന്ന് ഉയര്‍ന്നു കേട്ട ആദ്യത്തെ ശബ്ദമാണ് ടൊവിനോയുടേത്. സാമൂഹ്യവിഷയങ്ങളില്‍ രാഷ്ട്രീയം നോക്കാതെ ഇതിന് മുമ്പും ടൊവിനോ പ്രതികരിച്ചിട്ടുണ്ട്. വെറും പ്രതികരണത്തില്‍ ഒതുങ്ങി നില്‍ക്കാതെ പ്രതിസന്ധി ഘട്ടങ്ങളില്‍ നേരിട്ട് ഇറങ്ങിച്ചെല്ലാനും ധൈര്യം കാണിക്കുന്ന നടനാണ് ടൊവിനോ തോമസ്.
ഗുസ്തി പശ്ചാത്തലമാക്കി ബേസില്‍ ജോസഫ് ഒരുക്കിയ 'ഗോദ' എന്ന സിനിമയില്‍ ഗുസ്തി താരമായി അഭിയിച്ചിട്ടുള്ള ടൊവിനോ സിനിമക്കായി ഗുസ്തി അഭ്യസിക്കുകയും ചെയ്തിട്ടുണ്ട്.