LogoLoginKerala

ബ്രഹ്‌മപുരം: രാജ് കുമാര്‍ ചെല്ലപ്പന്‍ വഴിവിട്ട് സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ടോണി ചമ്മണി

 
tony chammany

ജി ജെ എക്കോപവര്‍ കമ്പനി തന്റെ ബന്ധുക്കളുടേതാണെന്ന ആരോപണം പിന്‍വലിച്ചില്ലെങ്കില്‍ സി പി എമ്മിനെതിരെ നിയമനടപടി

കൊച്ചി-ബ്രഹ്‌മപുരത്ത് ബയോമൈനിംഗിന് കരാര്‍ ലഭിച്ച സോണ്‍ടാ ഇന്‍ഫ്രാടെക് എം ഡി രാജ്കുമാര്‍ ചെല്ലപ്പന്‍ പിള്ള തന്നെ വഴിവിട്ട് സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് മുന്‍ മേയര്‍ ടോണി ചമ്മണി. സോണ്‍ടക്ക് കരാര്‍ നല്‍കിയതിനെതിരെ ഒന്നര വര്‍ഷം മുമ്പ് താന്‍ എതിര്‍പ്പുമായി രംഗത്തുവന്നതിനെ തുടര്‍ന്നാണ് തന്നെ സ്വാധീനിച്ച് പിന്തിരിപ്പിക്കാന്‍ ശ്രമം നടന്നത്. മലബാറിലെ ഒരു മുന്‍ എം പിയുടെ സന്തത സഹചാരിയും സിനിമാ നിര്‍മാതാവുമായിരുന്ന വ്യക്തിയാണ് തന്നെ വീട്ടില്‍ വന്നു കണ്ടത്. സോണ്‍ടാ കമ്പനിയുടെ മേന്‍മ വിശദീകരിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. എന്നാല്‍ പോരായ്മകള്‍ താന്‍ അക്കമിട്ടു നിരത്തിയപ്പോള്‍ അദ്ദേഹം അവിടെ വെച്ച് രാജ്കുമാര്‍ ചെല്ലപ്പനെ ഫോണില്‍ വിളിച്ച് തനിക്ക് കൈമാറാന്‍ ശ്രമിച്ചു. രാജ്കുമാര്‍ ചെല്ലപ്പനാണ് എന്തു വേണമെങ്കിലും ചെയ്യാന്‍ തയ്യാറാണ് എന്നു പറഞ്ഞാണ് ഫോണ്‍ കൈമാറാന്‍ ശ്രമിച്ചത്. എന്നാല്‍ താന്‍ ഫോണ്‍ വാങ്ങാന്‍ തയ്യാറായില്ല. കരാര്‍ ലഭിക്കാതിരുന്ന മുന്‍ കരാറുകാരനായ ജി ജെ എക്കോപവര്‍ കമ്പനിക്ക് വേണ്ടിയാണ് ടോണി ചമ്മിണി ആരോപണങ്ങളുന്നയിച്ച് കരാര്‍ മുടക്കാന്‍ ശ്രമിക്കുന്നതെന്ന് രാജ്കുമാര്‍ ചെല്ലപ്പന്‍ പിള്ള ആരോപണമുയര്‍ത്തിയ സാഹചര്യത്തിലാണ് താന്‍ ഇക്കാര്യം വെളിപ്പെടുത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. 
സോണ്‍ടയ്ക്ക്  എതിരെ അഴിമതി ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ സിപിഎം ഭയപ്പെടുത്താന്‍ ശ്രമിക്കുകയാണ്. തന്നെ ഭയപ്പെടുത്തി പിന്മാറ്റാനാവില്ലെന്നും ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും ടോണി ചമ്മണി പറഞ്ഞു. മുന്‍പും ഇതേ വിഷയത്തില്‍ ആരോപണം ഉന്നയിച്ചപ്പോള്‍ സോണ്‍ട തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും മുന്‍ മേയര്‍ പറയുന്നു. സോണ്‍ടയുടെ എതിരാളിയായ കമ്പനിയുടെ ഉടമ തന്റെ ബന്ധുവാണെന്ന അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചാണ് സിപിഎം ഇതിനെ പ്രതിരോധിക്കാന്‍ ശ്രമിച്ചത് ഏതു തരത്തിലുള്ള ബന്ധമാണ് ആ കമ്പനിയുമായി തനിക്കുള്ളതെന്ന് സിപിഎം തന്നെ പറയണം. ഇക്കാര്യത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും ടോണി ചമ്മണി പറഞ്ഞു. കൊച്ചി കോര്‍പ്പറേഷന്‍ ഓഫീസിലെ സംഘര്‍ഷത്തില്‍ കൗണ്‍സില്‍ യോഗത്തിനെത്തിയവരെയാണ് പൊലീസ് മര്‍ദിച്ചത്. ഇത് ഭരണഘടന ലംഘനമാണ്. ഉത്തരവാദികളായ പൊലീസ് എ.സിയ്ക്കും ഉദ്യോഗസ്ഥര്‍ക്കും എതിരെ നടപടിയെടുക്കണം. ഇക്കാര്യത്തില്‍ വനിത കമ്മീഷനടക്കം പരാതി നല്‍കുമെന്ന് ടോണി ചമ്മണി പറഞ്ഞു.