LogoLoginKerala

ഇന്ന് ചിങ്ങം ഒന്ന്... മലയാളികള്‍ക്കിനി പ്രതീക്ഷയുടെ പൊന്നിന്‍ ചിങ്ങ മാസം

 
chingam

സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും വരവറിയിച്ച് പൊന്നോണം വിരുന്നെത്തുന്ന മാസത്തിലെ ആദ്യ ദിനം. പ്രതീക്ഷയോടെ പൊന്നിന്‍ ചിങ്ങത്തെ വരവേല്‍ക്കാനൊരുങ്ങുകയാണ് മലയാളികൾ.

ഓണത്തിന്റെ വരവറിയിച്ച് ചിങ്ങമാസം പിറന്നു. ഇനി പൂക്കളവും പൂവിളിയുമൊക്കെയായി ഓണക്കാലം. കര്‍ക്കിടത്തിന്റെ ക്ഷീണം മാറ്റി നല്ല നാളുകള്‍ ആരംഭിക്കുകയാണ്. കേരളീയര്‍ക്ക് ചിങ്ങ മാസം കര്‍ഷകദിനം കൂടിയാണ്.

വര്‍ഷത്തില്‍ 364 ദിവസവും മറ്റുള്ളവര്‍ക്ക് വേണ്ടി അദ്ധ്വാനിക്കുന്ന ഒരു വിഭാഗത്തിന് വേണ്ടി നീക്കിവെക്കപ്പെട്ട ദിവസം.അതുകൊണ്ടു തന്നെ ഈ ദിനം നമുക്ക് അവരെ ആദരിക്കാനായി നീക്കിവക്കാം. ആശങ്കകള്‍ ഏറെ ഉണ്ടെങ്കിലും പ്രതീക്ഷയോടെ പൊന്നിന്‍ ചിങ്ങത്തെ വരവേല്‍ക്കാനൊരുങ്ങുകയാണ് കര്‍ഷകര്‍.

ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകള്‍ നടക്കും. കൊയ്തെടുത്ത നെല്ലുകൊണ്ട് പത്തായം നിറച്ചിരുന്ന പഴയ കാലത്തിന്റെ ഗൃഹാതുരതയാണ് മലയാളിക്ക് ചിങ്ങമാസം. ഒപ്പം കാണം വിറ്റിട്ടാണെങ്കിലും ഓണമുണ്ണാന്‍ തയ്യാറെടുപ്പുകള്‍ നടത്തേണ്ട സമയമായി എന്ന ഓര്‍മ്മപ്പെടുത്തലിന്റേതും.

മലയാളിയുടെ സങ്കല്പത്തിലെ ചിങ്ങമാസം വര്‍ണങ്ങളുടേതാണ്. തുമ്പയും മുക്കുറ്റിയും തുടങ്ങി പുഷ്പിക്കുന്ന ചെടികളെല്ലാം മാവേലി തമ്പുരാനെ വരവേല്‍ക്കാന്‍ അണിഞ്ഞൊരുങ്ങുന്ന മാസം. സ്വര്‍ണവര്‍ണമുള്ള നെല്‍ക്കതിരുകള്‍ പാടങ്ങള്‍ക്ക് ശോഭ പകരുന്ന കാലം. മഴക്കോളു മാറി മാനം തെളിയുന്നതിന്റെ തുടക്കം.

കൃഷി ചെയ്യാന്‍ പറ്റിയ മാസമാണ് ചിങ്ങം. അതുവരെ ഉള്ള എല്ലാ ദാരിദ്രവും ചിങ്ങം തീര്‍ക്കും എന്നാണ് കരുതപ്പെടുന്നത്. കര്‍ക്കിടക്കത്തില്‍ കൃഷിയൊന്നും ചെയ്യാന്‍ പറ്റാതെ ദാരിദ്ര്യത്തില്‍ അകപ്പെട്ട മനുഷ്യന്മാര്‍ക്ക് പ്രതീക്ഷയുമായാണ് ഓണം വന്നിരുന്നത്.

അതുകൊണ്ട് തന്നെ ചിങ്ങ മാസം എന്ന് പറയുന്നത് തന്നെ ഐശ്വര്യത്തിന്റെ മാസമാണ്. മനോഹരമായ പുലരിവിരിയുമെന്നും പ്രത്യാശിച്ചുകൊണ്ട്, എല്ലാവര്‍ക്കും ചിങ്ങപ്പുലരിയില്‍ നല്ലൊരു വര്‍ഷം ആശംസിക്കുന്നു.