LogoLoginKerala

ആത്മസമര്‍പ്പണത്തിന്റെ ഓര്‍മ്മകളുണര്‍ത്തി ഇന്ന് ബലിപെരുന്നാള്‍

 
baliperunnal
മനുഷ്യത്വത്തിന്റെ ഏറ്റവും ഉദാത്തമായ ആവിഷ്‌കാരം ത്യാഗമാണെന്ന് ഓര്‍മിപ്പിക്കുന്ന ദിനമാണ് ബലി പെരുന്നാള്‍. സ്വന്തം സുഖസന്തോഷങ്ങള്‍ ഉപേക്ഷിച്ച് മറ്റുള്ളവന്റെ നന്മയ്ക്കായി ആത്മാര്‍പ്പണം ചെയ്ത മനുഷ്യരുടെ ത്യാഗമാണ് ലോകത്തെ പ്രകാശമാനമാക്കുന്നതെന്ന സന്ദേശമാണ് ഈ ദിനം പകരുന്നത്. അതുള്‍ക്കൊള്ളാനും പങ്കുവയ്ക്കാനും ആവിധം ബലി പെരുന്നാള്‍ ആഘോഷം സാര്‍ത്ഥകമാക്കാനും ഏവര്‍ക്കും സാധിക്കണം.

ത്മസമര്‍പ്പണത്തിന്റെ ഓര്‍മ്മകളുണര്‍ത്തി വിശ്വാസികള്‍ ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുകയാണ്. പ്രവാചകന്‍ ഇബ്രാഹിമിന്റെയും മകന്‍ ഇസ്മായിലിന്റെയും ത്യാഗത്തിന്റെ സ്മരണകളുമായാണ് വിശ്വാസികളുടെ ഈദ് ആഘോഷം.

പുതു വസ്ത്രങ്ങളണിഞ്ഞ് ഈദ് ഗാഹുകളില്‍ ഒത്തുചേര്‍ന്നും വീടുകളിലേക്ക് അതിഥികളെ ക്ഷണിച്ചും സല്‍ക്കരിച്ചും വിശ്വാസികള്‍ വിശുദ്ധിയുടെ പെരുന്നാള്‍ ദിനം ആഘോഷപൂര്‍ണമാക്കും.
ത്യാഗത്തിന്റെയും സഹനത്തിന്റെയും സാഹോദര്യത്തിന്റെയും സ്മരണ പുതുക്കല്‍ കൂടിയാണ് ബക്രീദ്.

മനുഷ്യത്വത്തിന്റെ ഏറ്റവും ഉദാത്തമായ ആവിഷ്‌കാരം ത്യാഗമാണെന്ന് ഓര്‍മിപ്പിക്കുന്ന ദിനമാണ് ബലി പെരുന്നാള്‍. സ്വന്തം സുഖസന്തോഷങ്ങള്‍ ഉപേക്ഷിച്ച് മറ്റുള്ളവന്റെ നന്മയ്ക്കായി ആത്മാര്‍പ്പണം ചെയ്ത മനുഷ്യരുടെ ത്യാഗമാണ് ലോകത്തെ പ്രകാശമാനമാക്കുന്നതെന്ന സന്ദേശമാണ് ഈ ദിനം പകരുന്നത്. അതുള്‍ക്കൊള്ളാനും പങ്കുവയ്ക്കാനും ആവിധം ബലി പെരുന്നാള്‍ ആഘോഷം സാര്‍ത്ഥകമാക്കാനും ഏവര്‍ക്കും സാധിക്കണം.

ദുല്‍ഹജ്ജ് മാസം പിറന്നതുമുതല്‍ ലോകത്തിന്റെ ശ്രദ്ധ മുഴുവന്‍ പരിശുദ്ധ കഅ്ബയിലേക്കും മദീനയുടെ രാജകുമാരന്റെ കബറിടത്തിലേക്കുമായിരിക്കും. ഭാരതീയര്‍ക്കൊപ്പം ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ നിന്നും ഓസ്ട്രേലിയ, ആഫ്രിക്ക, അമേരിക്ക, യൂറോപ്പ് തുടങ്ങിയ ലോകത്തുള്ള എല്ലാ ഭൂഖണ്ഡങ്ങളില്‍ നിന്നും ജനലക്ഷങ്ങള്‍ ആര്‍ത്തിരമ്പുന്ന തിരമാല കണക്കെ പരിശുദ്ധ ഹറമില്‍ സംഗമിക്കുമ്പോള്‍ വെളുത്തവനും കറുത്തത്തവനും മംഗോളിയനും ലക്ഷ്യം വെക്കുന്നത് ഒരേ കാര്യങ്ങളാണ്. തൂവെള്ളയില്‍ ഒരേ തക്ബീറുകള്‍ ചൊല്ലി ശാശ്വത സന്തോഷത്തിന്റെ മന്ത്രങ്ങള്‍ ഉരുവിടുമ്പോള്‍ ലോകം മുഴുവന്‍ മനസ്സുകൊണ്ട് അറേബ്യയിലെത്തുന്നു.

സര്‍വ ചരാചരങ്ങളെയും സൃഷ്ടിച്ച് മനുഷ്യരെ കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിച്ചുപോകുന്ന അല്ലാഹു, അവന് നാം എത്രത്തോളം നന്ദി ചെയ്യണമെന്ന് ഇബ്രാഹിം നബി നമുക്ക് പറഞ്ഞുതരുന്നു. ദാമ്പത്യ ജീവിതം തുടങ്ങിയതു മുതല്‍ പൈതലിനു വേണ്ടി ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്ത നബിക്കും പ്രിയ പത്നിക്കും വാര്‍ധക്യ ദശയിലാണ് മകന്‍ പിറക്കുന്നത്. അതിയായ സന്തോഷത്തില്‍ അവനെ വളര്‍ത്തിവരുന്ന സമയത്താണ് നാഥന്റെ കല്‍പനയെത്തുന്നത്.

തങ്ങളുടെ പൊന്നുമോനെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ബലി നല്‍കാന്‍, സൂര്യതേജസാര്‍ന്ന മകനെ മാതാവ് അണിയിച്ചൊരുക്കിയ ശേഷം പിതാവിനൊപ്പം അയക്കുകയാണ്. അദ്ദേഹം ഉദ്ദേശിച്ച സ്ഥലമെത്തിയപ്പോള്‍ നബി മകനോട് കാര്യം പറയുന്നു. നാഥനില്‍ നിന്നും ലഭിച്ച സന്ദേശം തന്റെ പ്രിയതമയോടുപോലും പറഞ്ഞിരുന്നില്ല നബി ഇക്കാര്യം, ചെകുത്താന്റെ നോട്ടം പോലും ശരീരത്തില്‍ തട്ടാത്ത ആ പിഞ്ചുബാലന്‍ വളരെ പക്വതയാര്‍ന്ന പണ്ഡിതനെപ്പോലെ പ്രിയ ബാപ്പയോട് പറയുന്നു. അങ്ങ് അല്ലാഹുവിന്റെ പ്രവാചകനല്ലേ തീര്‍ച്ചയായും ഈ കാര്യം നമുക്ക് നടപ്പില്‍ വരുത്താം. എനിക്ക് തെല്ലും സങ്കടമില്ല. മാത്രമല്ലാ അല്ലാഹുവിന്റെ തീരുമാനം നടപ്പില്‍ വരുത്തുന്നതില്‍ സന്തോഷമേയുള്ളൂ. അങ്ങ് എന്നെ അറക്കുന്ന സമയത്ത് മുഖം കാണാത്ത രീതിയില്‍ വേണം കിടത്താന്‍. അല്ലെങ്കില്‍ ചിലപ്പോള്‍ താങ്കള്‍ക്ക് നാഥന്റെ കല്‍പന നടപ്പില്‍ വരുത്താന്‍ സാധിക്കാതെ വരും.

ഇസ്മാഈല്‍ നബി (അ) ബലി നല്‍കാന്‍ സ്വയം തയ്യാറായി കിടന്നപ്പോള്‍ മാലാഖമാര്‍പോലും പൊട്ടിക്കരഞ്ഞുവെന്നും ഭൂമിയില്‍ ഭൂചലനം അനുഭവപ്പെട്ടുവെന്നും , ചരാചരങ്ങള്‍ മൗനത്തിലായെന്നുമാണ് പറയപ്പെടുന്നത്. അവര്‍ സര്‍വ ശക്തനായ അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചു. ബലി നല്‍കാനായി ഇബ്രാഹിം നബി, വാളുയര്‍ത്തിയതും ആകാശത്തില്‍ നിന്നും അല്ലാഹുവിന്റെ മാലാഖ ഇറങ്ങി വന്ന് നബിയുടെ ദൈവ ഭക്തിയില്‍ അല്ലാഹു സന്തുഷ്ടനായെന്നും മകനു പകരം ഈ ആടിനെ ബലി നല്‍കിയാല്‍ മതിയെന്നും അറിയിച്ചു. ഇബ്രാഹിം നബിയുടെ ആ മഹാത്യാഗം പുതുക്കിയാണ് ലോകം ബിലി പെരുന്നാള്‍ കൊണ്ടാടുന്നത്.