LogoLoginKerala

ത്രിപുരയില്‍ തിപ്ര മോത തകര്‍ത്തു;ബിജെപിക്ക് കനത്ത തിരിച്ചടി

 
tipra motha

ത്രിപുരയിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ബിജെപിക്ക് തിളക്കം കുറഞ്ഞ വിജയം. മുഖ്യമന്ത്രി മണിക് സഹ വെറും 832 വോട്ടിനാണ് വിജയിച്ചത്. ടൊണ്‍ ബോഡോവലി മണ്ഡലത്തില്‍ നിന്നാണ് മണിക് സഹ വിജയിച്ചത്. എന്നാല്‍ പ്രതീക്ഷിച്ച ലീഡ് നില ബിജെപിക്ക് ലഭിച്ചില്ലെന്നാണ് വിലയിരുത്തല്‍. ഇതിന് കാരണം ഗോത്ര മേഖലകള്‍ കയ്യൊഴിഞ്ഞതാണെന്ന റിപ്പോര്‍ട്ടും പുറത്ത് വരുന്നുണ്ട്.

ത്രിപുരയില്‍ ഗോത്ര മേഖലകളില്‍ ബിജെപിക്ക് തിരിച്ചടി. തിപ്ര മോതയാണ് ഗോത്ര മേഖലകള്‍ പിടിച്ചെടുത്തിരിക്കുന്നത്. അംപിനഗര്‍, ആശരാംബരി, ചരിലാം, കരംചര, കര്‍ബൂക്ക്, മണ്ഡൈബസാര്‍, റൈമ വാലി, രാംചന്ദ്രഘട്ട്, സന്ത്രിബസാര്‍, സിംന, തകര്‍ജല, തെലിയാമുറ എന്നിവിടങ്ങളിലാണ് തിപ്ര മോത നിലവില്‍ മുന്നേറ്റം കാഴ്ചവയ്ക്കുന്നത്.

അതേസമയം, ത്രിപുരയില്‍ ബിജെപി ലീഡ് തിരിച്ചുപിടിച്ചിരിക്കുകയാണ്. നേരത്തെ സിപിഐഎം-കോണ്‍ഗ്രസ് സഖ്യവും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. 23-23 ലാണ് ഇരു പക്ഷവും നിന്നിരുന്നത്. നിലവില്‍ ബിജെപി 31 ലേക്ക് ലീഡ് ഉയര്‍ത്തിയിരിക്കുകയാണ്.

ത്രിപുരയില്‍ ഇനി കിംഗ് മേക്കറാകുക തിപ്രമോതയാണ്. ഇരു പക്ഷത്തിനും കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ തിപ്രമോതയുടെ പിന്തുണയാകും സംസ്ഥാനത്ത് നിര്‍ണായകമാകുക. ഒരു പാര്‍ട്ടിയുമായും സഖ്യമുണ്ടാക്കാതെ ഒറ്റയ്ക്ക് തിപ്രമോത മത്സരിച്ചത് 42 സീറ്റുകളിലാണ്. തദ്ദേശീയ സമുദായങ്ങള്‍ക്കായി ഗ്രേറ്റര്‍ ടിപ്രലാന്‍ഡ് എന്ന പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യത്തെ ഒരു പാര്‍ട്ടിയും പിന്തുണയ്ക്കാതിരുന്നതോടെയാണ് ഒറ്റയ്ക്കുള്ള പോരാട്ടത്തിന് തിപ്രമോത മുന്നോട്ടിറങ്ങിയത്.

പാര്‍ട്ടി അധ്യക്ഷന്‍ ദേബ് ബര്‍മ പോലും മത്സരിക്കാനിറങ്ങിയിരുന്നില്ല.നിലവിലെ രാഷ്ട്രീയ വ്യവസ്ഥിതിയെ മാറ്റാന്‍ സുതാര്യതയില്‍ വിശ്വസിക്കുന്ന ഒരു ചെറിയ പാര്‍ട്ടി മാത്രമാണെന്നാണ് തിപ്ര മോതയെ കുറിച്ച് പാര്‍ട്ടി അധ്യക്ഷന്‍ പറഞ്ഞത്. 2019 ഫെബ്രുവരി 25 ന് ത്രിപുര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി മാണിക്യ ദേബ് ബര്‍മയെ നിയമിച്ചെങ്കിലും അഴിമതിക്കാര്‍ക്കുവേണ്ടി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തന്നില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് ആരോപിച്ച് ഏതാനും മാസങ്ങള്‍ക്കുള്ളില്‍തന്നെ ദേബ് ബര്‍മ രാജിവയ്ക്കുകയുണ്ടായി. പിന്നാലെ മൂന്ന് മാസങ്ങള്‍ക്ക് ശേഷമായിരുന്നു പുതിയ സംഘടനയ്ക്ക് ദേബ് ബര്‍മ പിറവികൊടുത്തത്.

2021 ഫെബ്രുവരി 5ന് തന്റെ സംഘടനയെ രാഷ്ട്രീയ പാര്‍ട്ടിയായി പ്രഖ്യാപിച്ചെന്നും 2021ലെ ത്രിപുര ട്രൈബല്‍ ഏരിയാസ് ഓട്ടോണമസ് ഡിസ്ട്രിക്ട് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ദേബ് ബര്‍മ പ്രഖ്യാപിച്ചു. തുടര്‍ന്ന് ഐഎന്‍പിടി, ടിഎസ്പി , ഐപിഎഫ്ടി എന്നിവ 2021ല്‍ തിപ്ര പാര്‍ട്ടിയില്‍ ലയിച്ചു.

അങ്ങനെ പിന്നീടുവന്ന ട്രൈബല്‍ ഏരിയാസ് ഓട്ടോണമസ് ഡിസ്ട്രിക്ട് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ 16 സീറ്റുകള്‍ തിപ്ര മോത നേടി. സഖ്യകക്ഷിയായ ഐഎന്‍പിടി 2 സീറ്റുകളും നേടി. അങ്ങനെ 15 വര്‍ഷത്തെ ഇടതുപക്ഷ ഭരണം കൗണ്‍സിലില്‍ അവസാനിച്ചു. മാത്രമല്ല, ഒരു ദേശീയ പാര്‍ട്ടിയുമായും സഖ്യമില്ലാതെ കൗണ്‍സിലില്‍ അധികാരം നിലനിര്‍ത്തിയ ഏക പ്രാദേശിക പാര്‍ട്ടിയായി തിപ്ര മാറി.