'കണ്ണൂരില്‍ പിള്ളമാരില്ല, വിജേഷിനെ അറിയില്ല, നല്ല ഗൗരവമുള്ള തിരക്കഥ തയ്യാറാക്കണം, അല്ലെങ്കില്‍ പൊട്ടും: എം വി ഗോവിന്ദന്‍

സ്വര്‍ണക്കടത്ത് കേസുമായി മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദന്‍. സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ പൂര്‍ണമായിം തള്ളിക്കൊണ്ടാണ് എം വി ഗോവിന്ദന്‍ രംഗത്തെത്തിയത്. വിജേഷ് പിള്ള എന്നൊരാളെ അറിയില്ലെന്നും കണ്ണൂരില്‍ പിള്ളമാരില്ലെന്നുമായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം. സ്വപ്നയുടെ ആരോപണങ്ങള്‍ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
തിരക്കഥ തയ്യാറാക്കുമമ്പോള്‍ ഗൗരവമുള്ള തിരക്കഥ തയ്യാറാക്കണം. ആദ്യത്തെ മിനിറ്റില്‍ തന്നെ പൊട്ടിപ്പോകുന്ന തിരക്കഥയുണ്ടാക്കിയിട്ട് എന്താണ് കാര്യം. കേസ് കൊടുക്കും, ആയിരം പ്രാവശ്യം ധൈര്യമുണ്ട്. നിയമപരമായ എല്ലാ രീതിയിലും കൈകാര്യം ചെയ്യും. ഇവരുടെയൊന്നും ചീട്ട് സര്‍ക്കാരിനും മുഖ്യമന്ത്രിക്കും കുടുംബത്തിനും എനിക്കും വേണ്ട. പുറത്തുകൊണ്ടുവരാന്‍ ഇനി ഒന്നും ഇല്ല. എല്ലാം കഴിഞ്ഞതാണ്, എം.വി. ഗോവിന്ദന്‍ പറഞ്ഞു.
എവിടെ നിന്നാണ് ഈ പിള്ളയെ കിട്ടിയത് എന്ന് തനിക്കറിയില്ലെന്ന് പറഞ്ഞ ഗോവിന്ദന്‍ വിജേഷിന്റെ പേര് മാധ്യമങ്ങളില്‍ പലതരത്തിലാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും ചൂണ്ടിക്കാട്ടി. 'അങ്ങനെ തോന്നിയ പോലെ പേര് വെക്കാന്‍ പറ്റുമോ? മുമ്പ് ചെയ്യാറുണ്ട്. ജാതി വ്യവസ്ഥയില്‍ ബ്രാഹ്‌മണ മേധാവിത്വത്തെ എതിര്‍ക്കാന്‍ വേണ്ടി നമ്പൂതിരി എന്ന് എഴുതിവെച്ച ഒരുപാട് പേരുണ്ട്. അതുകൊണ്ട് തന്നെ പേര് വെക്കുന്നതിന് എതിരല്ല. എന്നാല്‍ എന്റെ നാട്ടിലും കണ്ണൂര്‍ ജില്ലയിലും പിള്ളമാരില്ല എന്ന കാര്യം പറഞ്ഞതാണ്. അത്യാവശ്യം എവിടെ നിന്നെങ്കിലും വന്നു താമസിക്കുന്നവര്‍ മാത്രമാണ്. എനിക്ക് ഈ പറയുന്ന ആളെ അറിയില്ല, എന്ന് മാത്രമല്ല കണ്ടിട്ടേ ഇല്ല', എംവി ഗോവിന്ദന്‍ പറഞ്ഞു.
മുഖ്യമന്ത്രിയേയും കുടുംബത്തേയും സ്ഥിരമായി ടാര്‍ജറ്റ് ചെയ്യുന്നത് വ്യക്തമായ രാഷ്ട്രീയമാണ്. എന്നാല്‍ അത് ഞങ്ങളെ ഒരു തരി ഏശില്ല. വിശദീകരിക്കാനുള്ളതും തെളിവ് അവതരിപ്പിക്കാനുള്ളതും ചെയ്‌തോട്ടെ. പേര് മാറിപ്പോയപ്പോയി എന്ന് പറഞ്ഞ പത്രക്കാര്‍ ഉണ്ട്. വിജയന്‍ പിള്ള എന്നാണ് സുരേന്ദ്രന്‍ പറഞ്ഞത്. അതാണ് പറഞ്ഞത്, തിരക്കഥ തയ്യാറാക്കുമ്പോള്‍ പറ്റുന്ന സൈസ് ആളെ കണ്ടെത്തി തയ്യാറാക്കാണം. ഇല്ലെങ്കില്‍ ഇമ്മാതിരിയെല്ലാം പറഞ്ഞാല്‍ ജനങ്ങള്‍ അംഗീകരിക്കില്ല, ഗോവിന്ദന്‍ പറഞ്ഞു.
സ്വപ്നയ്‌ക്കെതിരെ സാധ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു കോടി പോലും ഒന്നിച്ചു കണ്ടിട്ടില്ലെന്നും പിന്നെയല്ലേ മുപ്പത് കോടിയെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. സ്വപ്നയ്ക്ക് തന്നെ നിശ്ചയമില്ല എന്താണ് പറയുന്നതെന്ന്. ആരോപണങ്ങളില്‍ ചൂളിപോകുമെന്ന് ആരു കരുതേണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജനകീയ പ്രതിരോധ ജാഥ ജാഥയുടെ വിജയത്തില്‍ അസ്വസ്ഥത പൂണ്ടവരാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.