LogoLoginKerala

പ്രമുഖ നടന്റെ പല്ല് മയക്കുമരുന്നുപയോഗിച്ച് പൊടിഞ്ഞു തുടങ്ങി, ഇനി എല്ലും പൊടിയും

മകനെ സിനിമയിലിറക്കാത്തത് മയക്കുമരുന്നിനെ പേടിച്ചെന്ന് ടിനി ടോം
 
 
tiny tom

കൊച്ചി-നടന്‍ ബാബുരാജിന് പിന്നാലെ സിനിമയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടന്‍ ടിനി ടോം. സിനിമയില്‍ ലഹരിയുണ്ടെന്നും അതിന്റെ ഭയം മൂലം മകന് സിനിമയില്‍ അവസരം ലഭിച്ചിട്ടും അഭിനയിക്കാന്‍ വിട്ടില്ലെന്നും ടിനി ടോം പറഞ്ഞു. കേരള സര്‍വകലാശാല യുവജനോത്സവം ഉദ്ഘാടന വേദിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അടുത്തിടെ തനിക്കൊപ്പം അഭിനയിച്ച നടന്‍ ലഹരിക്ക് അടിമയാണ്. അദ്ദേഹത്തിന്റെ പല്ലുകള്‍ പൊടിഞ്ഞു തുടങ്ങി. ലഹരി ഉപയോഗിക്കുന്നതു കൊണ്ട് അദ്ദേഹം നന്നായി അഭിനയിക്കുന്നുണ്ടെന്നു പലരും പറയുന്നു. ഇപ്പോള്‍ പല്ല്, അടുത്തത് എല്ലു പൊടിയും. അതു കൊണ്ടു കലയാകണം നമുക്ക് ലഹരി- ടിനി ടോം പറഞ്ഞു. 

പ്രമുഖ താരത്തിന്റെ മകനായി അഭിനയിക്കാന്‍ തന്റെ മകന് അവസരം ലഭിച്ചിരുന്നു. തനിക്ക് ഒരു മകനേയുള്ളു ഭയം കാരണം സിനിമയില്‍ വിട്ടില്ല. സിനിമയില്‍ അഭിനയിക്കാന്‍ മകനെ വിടില്ലെന്ന് എന്റെ ഭാര്യ ഉറപ്പിച്ചു പറഞ്ഞു. ലഹരി ഉപയോഗത്തെക്കുറിച്ചുള്ള പേടിയായിരുന്നു അവള്‍ക്ക്. സിനിമയില്‍ പലരും ലഹരി ഉപയോഗിക്കുന്നുണ്ട്. 16-18 വയസ്സിലാണു കുട്ടികള്‍ വഴി തെറ്റുന്നത്. എനിക്ക് ഒരു മകനേയുള്ളു- ടിനി ടോം പറഞ്ഞു.

ലഹരിക്കെതിരായ പോലീസിന്റെ 'യോദ്ധാവ്' ബോധവല്‍ക്കരണ പരിപാടിയുടെ അംബാസഡര്‍ കൂടിയാണ് ടിനി ടോം. അമ്മ സംഘടനയുടെ എക്‌സിക്യൂട്ടീവ് അംഗവുമാണ്. നേരത്തെ മറ്റൊരു അമ്മ എക്‌സിക്യൂട്ടീവ് അംഗമായ ബാബുരാജ് സിനിമാ നടന്‍മാരുടെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ശക്തമായ വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. 
മയക്കുമരുന്നുപയോഗത്തിന്റെ പേരില്‍ വിലക്കും വിമര്‍ശനവും നേരിടുന്ന ശ്രീനാഥ് ഭാസി അമ്മ സംഘടനയില്‍ അംഗത്വത്തിന് അപേക്ഷ നല്‍കിയതിന് തൊട്ടുപിന്നാലെയാണ് ഇരുവരും മയക്കുമരുന്നുപയഗിക്കുന്ന നടന്‍മാര്‍ക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുന്നത് എന്നത് ശ്രദ്ധേയാണ്. അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ക്ക് വീറ്റോ പവറുണ്ട്. ഒരാള്‍ എതിര്‍ത്താല്‍ അംഗത്വ അപേക്ഷ നിരസിക്കപ്പെടും. ഈ സാഹചര്യത്തിലാണ് ബാബുരാജിന്റെയും ടിനി ടോമിന്റെയും വിമര്‍ശനങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നത്.