'മണിപ്പൂരിലെ സംഭവം രാജ്യത്തിന് അപമാനം; രാജ്യം മുഴുവൻ ലജ്ജിക്കുന്നു, കുറ്റവാളികൾക്ക് മാപ്പില്ല': പ്രധാനമന്ത്രി

മണിപ്പൂരിൽ സ്ത്രീകള്‍ക്കെതിരെ നടന്ന അതിക്രമം രാജ്യത്തിന് അപമാനമാണെന്നും കുറ്റവാളികൾക്കു മാപ്പില്ലെന്നും പ്രധാനമന്ത്രി നരേന്ദമ്രോദി. രാജ്യം ലജ്ജിക്കുന്നുവെന്നും കുറ്റക്കാരായ ഒരു പ്രതിയും രക്ഷപ്പെടില്ലെന്നും മോദി വ്യക്തമാക്കി.
" ഈ ജനാധിപത്യ ക്ഷേത്രത്തിന് സമീപം നിൽക്കുമ്പോൾ, എന്റെ ഹൃദയം വേദനയും ദേഷ്യവും കൊണ്ട് നിറഞ്ഞിരിക്കുന്നു. മണിപ്പൂരിൽ അരങ്ങേറിയ സംഭവം ഏതൊരു പരിഷ്കൃത സമൂഹത്തിനും ലജ്ജാകരമായ സംഭവമാണ്. മണിപ്പൂരിലെ പെൺമക്കൾക്ക് സംഭവിച്ചത് ഒരിക്കലും പൊറുക്കാനാവില്ല. സംഭവം രാജ്യത്തിന് നാണക്കേടാണ്, കുറ്റവാളികൾ രക്ഷപ്പെടില്ല " പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി പാർലമെന്റിന് പുറത്ത് വെച്ച് നരേന്ദ്രമോദി മാധ്യമങ്ങളോട് പറഞ്ഞു.
"അതാത് സംസ്ഥാനങ്ങളിൽ ക്രമസമാധാന സംവിധാനം കൂടുതൽ ശക്തമാക്കുന്നുവെന്ന് ഉറപ്പാക്കാൻ ഞാൻ എല്ലാ മുഖ്യമന്ത്രിമാരോടും ആവശ്യപ്പെടുന്നു. പ്രത്യേകിച്ചും നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും സംരക്ഷണത്തിന്റെ കാര്യത്തിൽ, കർശനമായ നടപടി സ്വീകരിക്കണം. അത് രാജസ്ഥാനിലോ ഛത്തീസ്ഗഢിലോ മണിപ്പൂരിലോ ആകട്ടെ, ഈ രാജ്യത്തിന്റെ ഏത് കോണിലായാലും, സ്ത്രീകൾ ബഹുമാനിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ രാഷ്ട്രീയക്കാർ രാഷ്ട്രീയ വാചാടോപങ്ങൾക്ക് അതീതമായി ഉയരണം, "മോദി കൂട്ടിചേർത്തു.
രണ്ട് യുവതികളെ അക്രമിസംഘം നഗ്നരായി നടത്തിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വ്യാപക പ്രതിഷേധം രാജ്യവ്യാപകമായി ഉയർന്നിരുന്നു. പ്രതികൾക്കെതിരെ കടുത്ത നടപടി വേണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.