കുഞ്ഞൂഞ്ഞിന് വിടനല്‍കി കുടുംബവീട്; പുതുപ്പള്ളി പള്ളിയില്‍ സംസ്‌കാരം
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഭൗതിക ശരീരം കുടുംബ വീട്ടില്‍ നിന്ന് പള്ളിയിലേക്ക് കൊണ്ടു പോകാന്‍ തുടങ്ങുന്നു. കുഞ്ഞൂഞ്ഞിന് വിടനല്‍കി കുടുംബ വീട്. പള്ളിയിലേക്ക് വിലാപ യാത്ര പോകുന്നു.
പുതുപ്പള്ളി പള്ളിയില്‍ പ്രത്യേകമൊരുക്കിയ കല്ലറയില്‍ ഉമ്മന്‍ ചാണ്ടിയെ സംസ്‌കരിക്കും. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ സംസ്‌കാര ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിക്കും. അതിനുശേഷം പള്ളി മുറ്റത്ത് അനുശോചന യോഗവും ചേരും. അദ്ദേഹത്തിന്റെ അന്ത്യാഭിലാഷമനുസരിച്ച് ഔദ്യോഗിക ബഹുമതികള്‍ ഇല്ലാതെയാകും സംസ്‌കാരം.
തിരുവന്തപുരത്തെ പുതുപ്പള്ളി ഹൗസില്‍നിന്ന് ആരംഭിച്ച്, 28 മണിക്കൂര്‍ പിന്നിട്ടാണ് വിലാപയാത്ര തിരുനക്കരയില്‍ എത്തിയത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസ്, മന്ത്രിമാര്‍, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍, മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ് തുടങ്ങിയ സിനിമാതാരങ്ങള്‍ ഉള്‍പ്പടെ ലക്ഷക്കണക്കിന് ആളുകള്‍ അന്തിമോപചാരം അര്‍പ്പിച്ചു.
ഇന്നലെ രാവിലെ രാവിലെ 7.15 നായിരുന്നു ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍ നിന്നുള്ള വിലാപയാത്ര ആരംഭിച്ചത്.ജന സമ്പര്‍ക്കത്തില്‍ ജീവിച്ച ഉമ്മന്‍ ചാണ്ടിയുടെ അന്ത്യ യാത്രയും ജന സാഗരത്തില്‍ അലിഞ്ഞു തന്നെയായി. അദ്ദേഹത്തിന്റെ ഭൗതിക ശരീരവും വഹിച്ചുള്ള വിലാപയാത്ര പുലര്‍ച്ചെ 5.30നാണ് കോട്ടയം ജില്ലയില്‍ പ്രവേശിച്ചത്.