LogoLoginKerala

താനൂര്‍ ദുരന്തം, ബോട്ട് സര്‍വീസ് നടത്തിയത് രാഷ്ട്രീയ പിന്‍ബലത്തിലെന്ന് വെളിപ്പെടുത്തല്‍

 
boat thanur

മലപ്പുറം- താനൂര്‍ ബോട്ട് ദുരന്തത്തിന് വഴിവെച്ചത് അനധികൃതമായി നിര്‍മിച്ച ബോട്ടിന് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് രഹസ്യാനുമതി നേടിയെടുത്തതാണെന്ന് വെളിപ്പെടുത്തല്‍. ബോട്ടുടമ നാസറിന്റെ സഹോദരനും സി പി എം പ്രാദേശിക നേതാവുമായ ഹംസക്കുട്ടിയാണ് ലൈസന്‍സില്ലാത്ത ബോട്ട് സര്‍വീസിനിറക്കാന്‍ ഒത്താശ ചെയ്തതെന്ന് ബോ്ട്ടുകള്‍ പൊളിച്ചു നിര്‍മിച്ചു വില്‍ക്കുന്നതിന് ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്ന കബീര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. സി പി എം മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും നിലവില്‍ ലോക്കല്‍ കമ്മിറ്റി അംഗവുമായ ഹംസക്കുട്ടി,  മന്ത്രി വി അബ്ദുറഹ്‌മാന്‍ അടക്കമുള്ളവരുമായുള്ള ബന്ധം ഉപയോഗിച്ചാണ് ബോട്ട് അനധികൃതമായി സര്‍വീസിനിറക്കിയതെന്നാണ് ആരോപണം.

രേഖകളില്ലാതെ നിര്‍മിച്ച ബോട്ടിന് എല്ലാ രേഖകളും സംഘടിപ്പിക്കുമെന്ന് ഹംസക്കുട്ടി പറഞ്ഞതായി കബീര്‍ വെളിപ്പെടുത്തുന്നു. പുതുപൊന്നാനി പാലപ്പെട്ടിയില്‍ മത്സ്യബന്ധനത്തിനായി ഉപയോഗിച്ചിരുന്ന വഞ്ചി നാസര്‍ വാങ്ങുകയും പിന്നീട് ബോട്ടാക്കി മാറ്റുകയുമായിരുന്നു. കച്ചവടത്തില്‍ ഇടനിലക്കാരാനായിരുന്നു കബീര്‍. 95000 രൂപക്കാണ് വഞ്ചി വിറ്റത്. ടൂറിസത്തിനാണെന്ന കാര്യം തനിക്കറിയില്ലായിരുന്നു. കുടുംബത്തിന് സഞ്ചരിക്കാന്‍ വേണ്ടിയാണ് ബോട്ടെന്ന് പറഞ്ഞു. നേരത്തെ ഹൗസ് ബോട്ടുകള്‍ വാങ്ങാന്‍ നോക്കി വില കൂടുതലാണെന്ന് പറഞ്ഞാണ് ഫൈബര്‍ വള്ളം വാങ്ങിയതെന്നും കബീര്‍ വെളിപ്പെടുത്തി. ആലപ്പുഴയില്‍ നിന്നും കോഴിക്കോടു നിന്നും തുറമുഖ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനക്കെത്തി ബോട്ടിന് അനുമതി നല്‍കാന്‍ കഴിയില്ലെന്ന് പറഞ്ഞ് നിര്‍മാണം സ്റ്റേ ചെയ്തിരുന്നു. എന്നാല്‍ സ്‌റ്റേ കാലാവധിയായ 15 ദിവസം കഴിഞ്ഞ് അനുമതിയില്ലാതെ ബോട്ട് സര്‍വീസിനിറക്കുകയായിരുന്നു.