LogoLoginKerala

താനൂര്‍ ബോട്ട് ദുരന്തം; നാസറിനെ ജെയിലിലടച്ചു, 3 സഹായികളും അറസ്റ്റില്‍

 
boat tragedy arrest

താനൂര്‍ ബോട്ടപകടത്തില്‍ ബോട്ടുടമ നാസറിനെ ഒളിവില്‍ പോകാന്‍ സഹായിച്ച മൂന്നുപേര്‍ അറസ്റ്റില്‍. പട്ടരകത്ത് സലാം (53), പുതിയ കടപ്പുറം പട്ടരകത്ത് വാഹിദ്(23), വളപ്പിലകത്ത് മുഹമ്മദ് ഷാഫി(37) എന്നിവരാണ് പിടിയിലായത്. പൊന്നാനിയില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

അതേസമയം, പ്രതികളായ ബോട്ടിന്റെ സ്രാങ്ക്, സഹായി എന്നിവര്‍ക്കായുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി. സാങ്കേതിക വിദഗ്ദ്ധരുടെ സഹായത്തോടെയാണ് അന്വേഷണവും പരിശോധനകളും. അറസ്റ്റിലായ ബോട്ടുടമ നാസറിനെ 8 മണിക്കൂര്‍ ചോദ്യം ചെയ്തു. ബോട്ടിന്റെ സ്രാങ്ക് ദിനേശന്‍, സഹായി എന്നിവരെക്കൂടി പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. ബോട്ട് ഓടിച്ചിരുന്ന ദിനേശനും ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.

അതേസമയം ബോട്ടുടമ നാസറിനെ കോടതി റിമാന്‍ഡ് ചെയ്തു. പരപ്പനങ്ങാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് വിപില്‍ ദാസിന് മുന്‍പാകെ ഹാജരാക്കിയ നാസറിനെ  തിരൂര്‍ സബ്ബ് ജയിലിലേക്ക് റിമാന്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയില്‍ കൊണ്ടു വരുന്നതറിഞ്ഞ് നൂറ് കണക്കിനാളുകള്‍ കോടതി പരിസരത്ത് തടിച്ചു കൂടിയിരുന്നു. വലിയ ജനരോഷമാണ് നാസറിനെതിരെ ഉയര്‍ന്നത്. ഇന്നലെ കോഴിക്കോട് നഗരത്തില്‍ നിന്ന് പിടിയിലായ നാസറിന്റെ അറസ്റ്റ് ഇന്ന് രാവിലെയാണ് രേഖപ്പെടുത്തിയത്. നാസറിനെതിരെ ജനരോഷം ഉണ്ടാകുമെന്ന് അറിയാവുന്നതിനാല്‍ ഇയാളെ  താനൂര്‍ സ്റ്റേഷനില്‍ എത്തിച്ചിരുന്നില്ല. നാസറിനെ കൊണ്ടുവരുമെന്ന് കരുതി നിരവധി ആളുകളാണ് താനൂര്‍ പോലീസ് സ്റ്റേഷന് മുന്നില്‍ തടിച്ചു കൂടിയിരുന്നത്. കൊലക്കുറ്റം ചുമത്തിയാണ് ഉടമ നാസറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മലപ്പുറം താലൂക്കാശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയും പൂര്‍ത്തിയാക്കിയാണ് കോടതിയിലെത്തിച്ചത്. തെളിവെടുപ്പ് പിന്നീട് നടത്തും.