തീവ്രവാദബന്ധം ഉറപ്പിച്ച് കേന്ദ്ര ഏജന്‍സികള്‍, തെളിവ് ലഭിച്ചിട്ടില്ലെന്ന് കേരള പോലീസ്
കോഴിക്കോട്- എലത്തൂര്‍ ട്രെയിന്‍ തീവെയ്പിന് പിന്നില്‍ തീവ്രവാദബന്ധമുണ്ടെന്ന് വ്യക്തമായിട്ടും കേരള പോലീസ് യു എ പി എ ചുമത്താത്തതില്‍ കേന്ദ്ര ഏജന്‍സികള്‍ അമര്‍ഷത്തില്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി ഐ ബി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കുമെന്നറിയുന്നു. അന്വേഷണം എത്രയും വേഗം എന്‍ ഐ എയെക്കൊണ്ട് ഏറ്റെടുപ്പിക്കാനാണ് നീക്കം. കേസിലെ തീവ്രവാദ ബന്ധം സംബന്ധിച്ച് തങ്ങള്‍ക്ക് ലഭിച്ച വിവരങ്ങള്‍ കൈമാറുക വഴി കേന്ദ്ര ആഭ്യന്തര മന്ത്രാലയം തന്നെ അന്വേഷണം എന്‍.ഐ.എ.യെ ഏല്‍പ്പിക്കാനുള്ള സാധ്യതയാണ് അവര്‍ തേടുന്നത്.
ട്രെയിന്‍ തീവെയ്പിന് പിന്നില്‍ ഇസ്ലാമിക തീവ്രവാദ സംഘടനകള്‍ക്ക് ബന്ധമുണ്ടെന്നാണ് ഐ ബിയും എന്‍ ഐ എയുമടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ കേരള പോലീസാകട്ടെ തീവ്രവാദ ബന്ധം സംശയിക്കുന്നുണ്ടെങ്കിലും ഇതുവരെ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന നിലപാടിലാണ്. തെളിവ് ലഭിക്കുന്ന മുറയ്ക്ക് യു എ പി എ ചുമത്താനാണ് അവരുടെ തീരുമാനം. യു എ പി എ ചുമത്തിയാല്‍ സ്വാഭാവികമായും അന്വേഷണം ഏറ്റെടുക്കാന്‍ എന്‍ ഐ എക്ക് കഴിയും. ഇക്കാര്യത്തില്‍ കേരള പോലീസും കേന്ദ്ര ഏജന്‍സികളും തമ്മില്‍ തുടക്കം മുതലേ ചില അഭിപ്രായഭിന്നതകള്‍ രൂപപ്പെട്ടിരുന്നു. കേരള പോലീസിന്റെ കസ്റ്റഡിയിലുള്ള ഷാരൂഖ് സെയ്ഫിയെ ചോദ്യം ചെയ്യുന്ന കാര്യത്തില്‍ കേന്ദ്ര ഏജന്‍സി ഉദ്യോഗസ്ഥര്‍ക്ക് വേണ്ടത്ര പരിഗണന കേരള പോലീസ് നല്‍കുന്നില്ലെന്ന പരാതി അവര്‍ക്കുണ്ട്. എന്നാല്‍ കേസന്വേഷിക്കുന്ന കേരള പോലീസിന് അന്വേഷണം കാര്യക്ഷമമായി നടത്താനുള്ള സംവിധാനങ്ങളുണ്ടെന്നും ഇവ ഉപയോഗിച്ചുള്ള അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നുമാണ് വിശദീകരിക്കുന്നത്. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. തെളിവ് ലഭിക്കാതെ യു എ പി എ എന്ന ഭീകരവാദ വിരുദ്ധ നിയന്ത്രണ നിയമം ചുമത്താന്‍ എങ്ങനെ കഴിയുമെന്ന് അവര്‍ ചോദിക്കുന്നു. ആക്രമണം ആസൂത്രിതമാണെന്നും ഇയാള്‍ ഒറ്റക്ക് ചെയ്തതല്ലെന്നും തന്നെയാണ് കേരള പോലീസും കരുതുന്നത്. എന്നാല്‍ തീവ്രവാദ ബന്ധം സംബന്ധിച്ച് തെളിവ് ഇനിയും ലഭിക്കേണ്ടതായിട്ടാണിരിക്കുന്നത്. ഇയാളുടെ സിം കാര്‍ഡുകള്‍ കേന്ദ്രീകരിച്ചും മൊബൈല്‍ ഫോണിന്റെ മെമ്മറി കാര്‍ഡ് ഫൊറന്‍സിക് പരിശോധനക്ക് വിധേയമാക്കിയും ശാസ്ത്രീയമായി തെളിവ് ശേഖരിക്കാനാണ് ശ്രമം നടക്കുന്നത്. ഇവയില്‍ നിന്ന് തെളിവ് ലഭിച്ചാലുടന്‍ യു എ പി എ ചുമത്തുമെന്നും അതിന് അധികം താമസമില്ലെന്നും പോലീസ് സൂചിപ്പിച്ചു.
ഇത്തരം കേസുകളില്‍ ആദ്യമേ തന്നെ യു എ പി എ ചുമത്തിയ ശേഷം തെളിവുകള്‍ കണ്ടെത്തുകയാണ് കേന്ദ്ര ഏജന്‍സികളുടെ ശൈലി. ഷാരൂഖ് സെയ്ഫിയെ കേരളത്തില്‍ എത്തിക്കാന്‍ കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ടെന്നും ഇതിന് വലിയ സഹായം ലഭിച്ചെന്നുമാണ് ഐ ബിയും ഡല്‍ഹി എ ടി എസും മറ്റും കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍ ഇവര്‍ ആരൊക്കെയാണെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വരേണ്ടതുണ്ട്. കൃത്യത്തിന് പിന്നില്‍ ആസൂത്രിതമായ പ്രവര്‍ത്തനം നടന്നിട്ടുണ്ടെന്ന വ്യക്തമാണ്. വന്‍സംഘം തന്നെ ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചിരിക്കാം. ഷാരൂഖ് സെയ്ഫിക്ക് ആശയപരമായ പ്രചോദനങ്ങള്‍ നല്‍കിയതിന് പിന്നിലും തീവ്രവാദസംഘമുണ്ട്. കൃത്യം നടത്താനായി വലിയസംഘം ഷാരൂഖിനെ മാസങ്ങളോളം പ്രചോദിപ്പിച്ചെന്നാണ് വിവരം. ഇത്തരത്തില്‍ പ്രചോദനം നല്‍കിയാണ് ഇയാളെ കൃത്യം നടത്താന്‍ പ്രേരിപ്പിച്ചത്. കൃത്യത്തിനായി കേരളം തിരഞ്ഞെടുത്തതിന് പിന്നിലും ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് തിരഞ്ഞെടുത്തതിന് പിന്നിലും വലിയ ആസൂത്രണം നടന്നിട്ടുണ്ടെന്നും കേന്ദ്ര ഏജന്‍സികള്‍ കരുതുന്നു. ട്രെയിനിലെ ഒരു ബോഗി പൂര്‍ണമായി കത്തിക്കാനായിരുന്നു പദ്ധതി. മൂന്നുകുപ്പി പെട്രോള്‍ ഉള്‍പ്പെടെ എല്ലാ സജ്ജീകരണങ്ങളും ഷാരൂഖിന്റെ കൈവശമുണ്ടായിരുന്നു. എന്നാല്‍ ആസൂത്രണംചെയ്തത് പോലെ കൃത്യം നടപ്പാക്കാന്‍ ഇയാള്‍ക്ക് കഴിഞ്ഞില്ല. എന്നാല്‍ ആക്രമണം നടത്താനുള്ള വിദഗ്ധ പരിശീലനമൊന്നും ഇയാള്‍ക്ക് നല്‍കാതിരുന്നതായിരിക്കാം പദ്ധതി പാളിപ്പോകാന്‍ കാരണമെന്നാണ് കരുതുന്നത്.