LogoLoginKerala

സുപ്രീം കോടതിയില്‍ നാടകീയ രംഗങ്ങള്‍; ടീസ്റ്റക്ക് ഇടക്കാല ജാമ്യം

 
teesta setelvad

ന്യൂഡല്‍ഹി- 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ വ്യാജരേഖ ചമച്ചെന്ന കേസില്‍ ആക്ടിവിസ്റ്റ് ടീസ്റ്റ സെതല്‍വാദിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. സുപ്രീം കോടതി മൂന്നംഗ ബെഞ്ചാണ് ഏഴു ദിവസത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്. ടീസ്റ്റയ്ക്ക് ജാമ്യം നല്‍കുന്നതില്‍ സുപ്രീം കോടതി രണ്ടംഗ ബെഞ്ചില്‍ ഭിന്നാഭിപ്രായം ഉണ്ടായതിനെ തുടര്‍ന്നാണ് ഹര്‍ജി മൂന്നംഗ ബെഞ്ചിലേക്ക് മാറ്റിയത്. സുപ്രീം കോടതി രണ്ടംഗ ബെഞ്ചില്‍ ജസ്റ്റിസ് അഭയ് എസ്.ഓക്ക, ടീസ്റ്റയ്ക്ക് ജാമ്യം നല്‍കാമെന്ന് പറഞ്ഞപ്പോള്‍ ജസ്റ്റിസ് പ്രശാന്ത് കുമാര്‍ മിശ്ര വിയോജിച്ചു. ഇതോടെ മൂന്നംഗ ബെഞ്ചിന് കൈമാറുകയായിരുന്നു. കേസ് രാത്രി തന്നെ പുതിയ ബെഞ്ച് പരിഗണിക്കണമെന്ന ടീസ്റ്റയുടെ അഭിഭാഷകന്റെ അപേക്ഷ അംഗീകരിച്ചാണ് കോടതി ഇന്നു തന്നെ വാദം കേട്ട് വിധി പറഞ്ഞത്.

ടീസ്റ്റക്ക് ഇടക്കാല ജാമ്യം അനുവദിക്കാത്ത ഗുജറാത്ത് ഹൈക്കോടതി നടപടി തെറ്റാണെന്ന് വിലയിരുത്തിയ മൂന്നംഗം ബെഞ്ച് ഹൈക്കോടതി നടപടി അദ്ഭുതപ്പെടുത്തുന്നതാണെന്നും വാദത്തിനിടെ പരാമര്‍ശിച്ചു. ടീസ്റ്റയുടെ ജാമ്യാപേക്ഷ തള്ളിയ ഗുജറാത്ത് ഹൈക്കോടതി, എത്രയും വേഗം കീഴടങ്ങണമെന്ന് ശനിയാഴ്ച ഉത്തരവിട്ടിരുന്നു. കീഴടങ്ങാന്‍ 30 ദിവസത്തെ സാവകാശം വേണമെന്ന ടീസ്റ്റയുടെ ആവശ്യം ജസ്റ്റിസ് നിര്‍സാര്‍ ദേശായി നിരസിച്ചു. ഇതോടെയാണ് സുപ്രീം കോടതിയെ സമീപിച്ചത്.ഹെക്കോടതി നടപടിയെ സുപ്രീംകോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.