അരിക്കൊമ്പനെ കണ്ടെത്താനായില്ല, ടാസ്‌ക്‌ഫോഴ്‌സ് മടങ്ങുന്നു, ദൗത്യം പരാജയം
ഇടുക്കി- കാട്ടില്‍ മറഞ്ഞ അരിക്കൊമ്പനെ കണ്ടെത്താനാകാതെ, ഏറെ കൊട്ടിഘോഷിച്ച് നടത്തിയ ദൗത്യം അവസാനിപ്പിച്ച് സംഘം മടങ്ങി. ഉച്ചക്ക് 12 മണിയായിട്ടും അരിക്കൊമ്പനെ കണ്ടെത്താനാകാതെ വന്നതോടെ ദൗത്യസംഘം ബേസ്‌ക്യാമ്പിലേക്ക് മടങ്ങി. അരിക്കൊമ്പനെ കണ്ടെത്താന്‍ വാച്ചര്‍മാരുടെ സഹായത്തോടെ കാടരിച്ചു പെറുക്കുകയാണ് വനംവകുപ്പ്. അരിക്കെമ്പനെ കണ്ടെത്തിയ ശേഷം മാത്രം ദൗത്യം പുനരാരംഭിച്ചാല്‍ മതിയെന്നാണ് വനം വകുപ്പിന്റെ തീരുമാനം. ഇന്നലെ കനത്ത മഴ പെയ്ത സമയത്ത് അരിക്കൊമ്പന്‍ ആനയിറങ്കല്‍ ഡാം കടന്ന് ദേശീയപാതയും കടന്ന് പോയിരിക്കാമെന്നാണ് സംശയം. അങ്ങനെയെങ്കില്‍ അരിക്കൊമ്പന്‍ മടങ്ങി വരുന്നതു വരെ ദൗത്യം പുനരാരംഭിക്കാന്‍ കാത്തിരിക്കേണ്ടതായി വരും. ഇന്നലെ വരെ വനംവകുപ്പ് വാച്ചര്‍മാരുടെ നിരീക്ഷണത്തിലായിരുന്ന അരിക്കൊമ്പന്‍ ഇന്നലെ രാത്രി പെയ്ത മഴയോടെയാണ് അപ്രത്യക്ഷനായത്.
അരിക്കൊമ്പനോട് വനംവകുപ്പ് തോറ്റുമടങ്ങുന്നത് ഇതാദ്യമല്ല. ഒരേ സമയം ഒറ്റയാനെ പോലെയും ആനക്കൂട്ടത്തിന്റെ നേതാവായും വിലസുന്ന അരിക്കൊമ്പന്‍ വിചിത്രസ്വഭാവിയും മയക്കുവെടി കിട്ടിയാല്‍ പോലും കീഴടങ്ങാന്‍ മടിക്കാത്ത കരുത്തനുമാണ്.
2018ല്‍ അരി കൊമ്പനെ മയക്കുവെടി വച്ചു പിടികൂടി ദേഹത്ത് റേഡിയോ കോളര്‍ ഘടിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവ് അനുസരിച്ച് ഡോ.അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ 2 തവണ അരി കൊമ്പനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ആനയിറങ്കല്‍ മുത്തമ്മ കോളനിക്കു സമീപം വച്ച് അരിക്കൊമ്പനെ 3 തവണ മയക്കുവെടി വച്ചു തമിഴ്‌നാട്ടില്‍ നിന്നുള്ള കുങ്കിയാനകളായ കലീം, വെങ്കിടേഷ് എന്നിവയുടെ സഹായത്തോടെ വരുതിയിലാക്കാനായിരുന്നു നീക്കം. എന്നാല്‍ അരിക്കൊമ്പന്‍ പൂര്‍ണമായും മയക്കത്തിലാകാത്തതിനാല്‍ ശ്രമം ഉപേക്ഷിച്ചു. ഒരു തവണ അരിക്കൊമ്പന്‍ മയങ്ങുകയും അതിന് മുകളില്‍ റേഡിയോ കോളര്‍ ധരിപ്പിക്കാന്‍ വനംവകുപ്പു ജീവനക്കാരന്‍ കയറുകയും ചെയ്തുവെങ്കിലും ആന മയക്കം വിട്ടുണര്‍ന്നതോടെ ശ്രമം പരാജയമായി.
ഡോ.അരുണ്‍ സക്കറിയയെ കൂടാതെ വനം വകുപ്പ് സീനിയര്‍ വെറ്ററിനറി സര്‍ജന്മാരായ ഡോ.ജയകുമാര്‍, ഡോ.മനോഹരന്‍ എന്നിവരുടെ നേതൃത്വത്തില്‍ വയനാട്ടില്‍ നിന്നുള്ള എലിഫന്റ് സ്‌ക്വാഡ് അംഗങ്ങളും പെരിയാര്‍, ദേവികുളം, പീരുമേട് എന്നിവിടങ്ങളില്‍ നിന്നുള്ള ദ്രുത പ്രതികരണ സേനാംഗങ്ങളും ഉള്‍പ്പെടെ നൂറോളം ഉദ്യോഗസ്ഥരുടെ സ്‌പെഷല്‍ ടീമാണ് അന്ന് അരിക്കൊമ്പനെ പിടികൂടാനുള്ള ശ്രമത്തില്‍ പങ്കാളികളായത്.