LogoLoginKerala

തര്‍ക്കം പരിഹരിക്കാന്‍ താരിഖ് അന്‍വര്‍ കേരളത്തിലേക്ക്, ഗ്രൂപ്പ് നേതാക്കള്‍ ഡല്‍ഹിക്ക്

കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡ് താരിഖ് അന്‍വറല്ലെന്ന് എം എം ഹസ്സന്‍
 
taeiq anvar mm hassan

കൊച്ചി-ഒരിടവേളക്കു ശേഷം കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഉരുണ്ടുകൂടിയിരിക്കുന്ന ഗ്രൂപ്പ് പോരിന് പരിഹാരം കാണാന്‍ എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ കേരളത്തിലേക്ക്. നാളെ തിരുവനന്തപുരത്തെത്തുന്ന താരിഖ് 3 ദിവസം നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. എന്നാല്‍ താരിഖ് അന്‍വര്‍ ഏകപക്ഷീയ സമീപനം സ്വീകരിക്കുന്നുവെന്ന പരാതിയുമായി എ ഐ നേതാക്കള്‍ ഹൈക്കമാന്‍ഡിനെ നേരിട്ടു കാണുന്നതിന് ഡല്‍ഹി യാത്രക്കൊരുങ്ങുകയാണ്. താരിഖ് അന്‍വര്‍ കേരളത്തിലെത്തുമ്പോള്‍ ഡല്‍ഹിക്ക് പറക്കാനാണ് നീക്കം.

ബ്ലോക്ക് പ്രസിഡന്റുമാരുടെ കാര്യത്തില്‍ വേണ്ടത്ര കൂടിയാലോചന നടന്നില്ലെന്ന ആരോപണം തെറ്റാണെന്നു താരിഖ് പറഞ്ഞതാണ് എ ഐ ഗ്രൂപ്പുകളെ ചൊടിപ്പിച്ചത്. പുനഃസംഘടനാ നിര്‍ണയ സമിതി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നുവെന്നും പട്ടികയില്‍ ഏതാനും ചിലരുടെ കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടെന്നും അവ കേരളത്തില്‍ പരിഹരിക്കുമെന്നും താരിഖ് പറഞ്ഞു.

കേരളത്തിലെ വിഷയത്തില്‍ ഇടപെടില്ലെന്ന നിലപാടാണു ദേശീയ നേതൃത്വം കഴിഞ്ഞ ദിവസം സ്വീകരിച്ചതെങ്കിലും പ്രതിപക്ഷനേതാവ് വി.ഡി.സതീശനെ ഉന്നമിട്ട് ഗ്രൂപ്പുകള്‍ നിലപാട് കടുപ്പിച്ച സാഹചര്യത്തിലാണ് മധ്യസ്ഥ ചര്‍ച്ചയ്ക്കായി താരിഖിനെ നിയോഗിച്ചത.

എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പരസ്പര വിശ്വാസം നഷ്ടപ്പെട്ടുവെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍. ഐക്യം നഷ്ടപ്പെട്ടുവെന്നും അതിന് കാരണക്കാര്‍ ആയവരുമായി ചര്‍ച്ച നടത്തിയിട്ട് യാതൊരു കാര്യമില്ലെന്നും ഈ പ്രശ്‌നം പരിഹരിക്കാനായി ഹൈക്കമാന്‍ഡിന് മാത്രമേ കഴിയുകയുള്ളൂവെന്നും ഹസ്സന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഹൈക്കമാന്‍ഡ് എന്നു പറയുന്നത് താരിഖ് അന്‍വര്‍ അല്ല, പക്ഷേ താരിഖ് അന്‍വര്‍ വിളിച്ചാലും ചര്‍ച്ചയ്ക്ക് പോകും. മതിയായ ചര്‍ച്ച നടത്തിയിരുന്നുവെങ്കില്‍ പ്രശ്നങ്ങള്‍ ഒഴിവാക്കാമായിരുന്നു. ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് പ്രധാനകാരണം ചര്‍ച്ച നടക്കാതെയുള്ള നാടകീയമായ പ്രഖ്യാപനമാണെന്നും ഹസ്സന്‍ കുറ്റപ്പെടുത്തി.