അരിക്കൊമ്പന്‍ ജനവാസ മേഖലകളില്‍, പ്രത്യേക സംഘത്തെ നിയോഗിച്ച് തമിഴ്‌നാട്

കൊച്ചി- അരിതേടി അരിക്കൊമ്പന്‍ ജനവാസ മേഖലയിലിറങ്ങുന്നത് തടയാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് തമിഴ്‌നാട്. മേഘമലയില്‍ മണലാര്‍ ശ്രീവല്ലി പൂത്തൂര്‍ സെക്ഷന്‍ 31 ഡിവിഷനില്‍ ഇന്നലെ അരിക്കൊമ്പനെ കണ്ടിരുന്നു. അരിതേടിയിറങ്ങിയ അരിക്കൊമ്പന്‍ ഹൈവേസ് ഹില്‍സില്‍ തോട്ടംതൊഴിലാളി ലയത്തിന്റെ വാതില്‍തകര്‍ത്തതായും വാര്‍ത്ത പ്രചരിച്ചു.
പെരിയാര്‍ കടുവാസങ്കേതത്തിന്റെ ഭാഗമായ തമിഴ്‌നാട്ടിലെ ജനവാസ പ്രദേശങ്ങളില്‍ അരിക്കൊമ്പന്‍ അടിക്കടി വരുന്നതായി ജി പി എസ് കോളറില്‍ നിന്നുള്ള സിഗ്നലുകളില്‍ നിന്ന് വ്യക്തമായതോടെ പെരിയാറിലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തമിഴ്‌നാട് വനംവകുപ്പിന് വിവരങ്ങള്‍ നല്‍കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് തമിഴ്‌നാട് വനംവകുപ്പ് ആനയെ നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചത്.
വ്യാഴാഴ്ച വൈകീട്ടോടെ മണലാര്‍ മേഖലയില്‍ ഇറങ്ങിയ കാട്ടാനയുടെ ദൃശ്യങ്ങള്‍ ഇന്നലെ പുറത്തുവന്നിരുന്നു. തേയിലത്തോട്ടത്തിലൂടെ നടന്നുവന്ന് പുഴയില്‍ നിന്ന് വെള്ളം കുടിച്ച് മടങ്ങിയ അരിക്കൊമ്പന്‍ പിന്നീട് കേരളാര്‍ത്തിക്കുള്ളിലെ വനമേഖലയിലേക്ക് മടങ്ങിപ്പോയി.
കടുവാസങ്കേതത്തിലെ മംഗളാദേവി ക്ഷേത്രത്തില്‍ ഉത്സവം നടക്കുകയാണ്. ജനക്കൂട്ടത്തിന്റെ സാന്നിധ്യവും ശബ്ദകോലാഹലങ്ങളുമാകാം മറ്റ് ദിശകളിലേക്ക് മാറിപ്പോകാന്‍ ആനയെ പ്രേരിപ്പിക്കുന്നതെന്നും സംശയിക്കുന്നുണ്ട്.
ഹൈവേസ് ഹില്‍സില്‍ തോട്ടംതൊഴിലാളി ലയത്തിന്റെ വാതില്‍തകര്‍ത്തതായി പ്രചരിച്ച വാര്‍ത്ത ശരിയല്ലെന്ന് വനംവകുപ്പും നാട്ടുകാരും പറയുന്നു. അരികൊമ്പന്‍ വരുന്നതിനു മുന്‍പ് വന്യജീവി ശല്യമുള്ള ലയങ്ങളില്‍ വന്ന ഒരാനയാണ് ഇന്നലെ അതിക്രമം നടത്തിയത് അത് അരികൊമ്പന്‍ അണ് എന്നൊന്നും അറിയില്ല, മലയാളക്കാര്‍ മൈക്കുമായി വന്ന് ചോദിച്ചു ഞങ്ങള്‍ക്ക് അറിയില്ല എന്ന് പറഞ്ഞു, അവരാണ് പറഞ്ഞത് അരികൊമ്പന്‍ ആന ആണ് എന്ന്. അരി ചാക്കോ, അരിയോ കൊണ്ടുപോയിട്ടില്ല, അരി വീട്ടില്‍ ഉണ്ടായിട്ടില്ല. ഇതെല്ലാം ഇവിടെ സ്വാഭാവികമാണ് നമ്മക്ക് ആന ദൈവമാണ് അരി തിന്നുമെങ്കില്‍ അരി കൊടുക്കും- നാട്ടുകാര്‍ പറഞ്ഞതായി ഡെയ്‌ലി തമിഴ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്തായും ജാഗ്രത പാലിക്കാന്‍ തമിഴ്‌നാട് വനംവകുപ്പ് വനാതിര്‍ത്തക്കടുത്ത് താമസിക്കുന്നവരോട് നിര്‍ദേശിച്ചിട്ടുണ്ട്.