സുപ്രീം കോടതിയുടെ ജെല്ലിക്കട്ട് വിധി ആഘോഷമാക്കി തമിഴ്നാട്
ചെന്നൈ- ജെല്ലിക്കെട്ടിന് അനുമതി നല്‍കി സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി ആഘോഷമാക്കി തമിഴ്‌നാട്. പടക്കം പൊട്ടിച്ചും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും വിവിധ സംഘടനകളും കൂ്ടായ്മകളും ജെല്ലിക്കട്ട് വിധി ആഘോഷിച്ചു. സുപ്രീം കോടതി വിധി വന്നതോടെ അടുത്ത ജെല്ലിക്കട്ട് പൂര്‍വാധികം ഗംഭീരമായി നടത്തുന്നതിനുള്ള ഒരുക്കത്തിലാണ് പ്രാദേശിക തലത്തിലുള്ള ആഘോഷക്കമ്മറ്റികള്‍. സുപ്രീം കോടതി വിലക്ക് നിലനില്‍ക്കുമ്പോഴും തമിഴ്‌നാട്ടില്‍ പൊങ്കലിന്റെ ഭാഗമായി ജനുവരി മാസം മുതല്‍ ജെല്ലിക്കട്ട് നടക്കാറുണ്ട്. നിയമപ്രാബല്യം ലഭിച്ചതോടെ അടുത്ത സീസണില്‍ ജെല്ലിക്കട്ട് കൂടുതല്‍ രക്തരൂഷിതമാകുമെന്ന് മൃഗസ്‌നേഹികളുടെ സംഘടന മുന്നറിയിപ്പ് നല്‍കുന്നത്.
ജെല്ലിക്കെട്ടിന് അനുമതി നല്‍കിക്കൊണ്ട് തമിഴ്‌നാട് നിയമത്തില്‍ ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് കെ. എം. ജോസഫ് നേതൃത്വം നല്‍കിയ അഞ്ചംഗം ഭരണഘടനാ ബെഞ്ച് ഐകകണ്ഠമായാണ് വിധി പുറപ്പെടുവിച്ചത്. ആനിമല്‍ റൈറ്റ് ബോഡി, പെറ്റ സംഘടനകള്‍ ഉള്‍പ്പെടെയുള്ളവര്‍ തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ജെല്ലിക്കെട്ട്, കാളയോട്ട മത്സരങ്ങള്‍ക്ക് അനുമതി നല്‍കിക്കൊണ്ടുള്ള നിയമഭേദഗതിക്കെതിരേ സമര്‍പ്പിച്ച ഹര്‍ജികളിലാണ് വിധി. ജെല്ലിക്കെട്ട് തമിഴ്‌നാട് സംസ്‌കാരത്തിന്റെ ഭാഗമല്ലെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. എന്നാല്‍ കഴിഞ്ഞ ഒരു നൂറ്റാണ്ടോളമായി ജെല്ലിക്കെട്ട് തമിഴ്‌നാട്ടില്‍ നടത്തി വരുന്നതായി കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും ജെല്ലിക്കെട്ട് തമിഴ്‌നാടിന്റെ സംസ്‌കാരമല്ലെന്ന വാദത്തെ അംഗീകരിക്കാനാകില്ലെന്നും അതിനാവശ്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ആയുധങ്ങള്‍ ഉപയോഗിച്ചു കൊണ്ടുള്ള മത്സരമല്ലാത്തതിനാല്‍ ജെല്ലിക്കെട്ടിനെ ചോരക്കളിയായി കാണാന്‍ ആകില്ലെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ്മാരായ അനിരുദ്ധ ബോസ്, ഹൃഷികേശ് റോയ്. സി.ടി. രവികുമാര്‍ , അജയ് രാസ്‌തോഗി എന്നിവരും ബെഞ്ചിലുണ്ടായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ വിധി പറയാന്‍ മാറ്റിയ ഹര്‍ജികളിലാണ് കോടതി ഇന്ന് വിധി പ്രസ്താവിച്ചിരിക്കുന്നത്.
തമിഴ്‌നാട്ടിലെ പൊങ്കല്‍ ഉത്സവത്തോടനുബന്ധിച്ചാണ് കാളകളുമായി മല്‍പ്പിടുത്തം നടത്തുന്ന ജെല്ലിക്കെട്ട് നടത്തുന്നത്. കൂറ്റന്‍ കാളകളുടെ കൊമ്പ് മണ്ണില്‍ താഴ്ത്താന്‍ കഴിയുന്നവരാണ് മത്സരത്തില്‍ വിജയിയാകുന്നത്. കാളകളുമായുള്ള മല്‍പ്പിടുത്തത്തില്‍ നിരവധി യുവാക്കള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്യുന്നതിനാല്‍ 2007ല്‍ സുപ്രീം കോടതി ജെല്ലിക്കെട്ട് നിരോധിച്ചു. ഇതിനെതിരേ തമിഴ്‌നാട്ടില്‍ വ്യാപകമായ പ്രക്ഷോഭങ്ങള്‍ അരങ്ങേറി. അതേ തുടര്‍ന്ന് 2017ല്‍ തമിഴ് നാട് സര്‍ക്കാര്‍ പുതിയ ഭേദഗതി നിയമം പാസ്സാക്കിയതിലൂടെ ജെല്ലിക്കെട്ടിന് വീണ്ടും അനുമതി നല്‍കുകയായിരുന്നു. ഇതിനെതിരേ ഒരു കൂട്ടം ഹര്‍ജികളാണ് സുപ്രീം കോടതിയിലെത്തിയത്.
തമിഴ്നാടിന്റെ പാത പിന്തുടര്‍ന്ന്, 2017 ജനുവരിയിലെ കര്‍ണാടക മന്ത്രിസഭ, 1960 ലെ പിസിഎ നിയമം ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചു, ഒരു ജോടി എരുമകളെ കലപ്പയില്‍ കെട്ടിയിട്ട് ഒരാള്‍ നങ്കൂരമിട്ടിരിക്കുന്ന ഒരു കായിക വിനോദമായ കമ്പളയ്ക്ക് വഴിയൊരുക്കി. ഏറ്റവും വേഗമേറിയ ടീം വിജയിക്കുന്ന മത്സരത്തില്‍ സമാന്തരമായ ചെളി നിറഞ്ഞ ട്രാക്കുകളിലാണ് എരുമകളെ ഓടിക്കുന്നത്. മൃഗസ്‌നേഹികളുടെ സംഘടനയായ പെറ്റ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ച്, കര്‍ണാടക ഹൈക്കോടതി എല്ലാ കമ്പള മത്സരങ്ങളും നിരോധിച്ചുകൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ജല്ലിക്കട്ട് സംബന്ധിച്ച സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കേസില്‍ അന്തിമ തീര്‍പ്പുണ്ടാക്കുമെന്ന് ഹൈക്കോടതി പന്നീട് വ്യക്തമാക്കി. അതേ വര്‍ഷം ജൂലൈയില്‍, 1960-ലെ പിസിഎ നിയമത്തില്‍ മഹാരാഷ്ട്ര ഒരു ഭേദഗതി പാസാക്കി, കാളകളെ ഉള്‍പ്പെടുത്തിയുള്ള 'കാളവണ്ടി ഓട്ടമത്സരങ്ങള്‍' നടത്താന്‍ അനുവദിച്ചു. എന്നാല്‍ കാളവണ്ടി മത്സരങ്ങള്‍ക്ക് അനുമതി നല്‍കുന്നതില്‍ നിന്ന് മഹാരാഷ്ട്ര സര്‍ക്കാരിനെ തടഞ്ഞുകൊണ്ട് ബോംബെ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.