LogoLoginKerala

സ്വപ്‌ന വെളിപ്പെടുത്തിയ ഇടനിലക്കാരന് പിന്നാലെ ഇ ഡിയും പോലീസും

 
vijesh pillai
സ്വപ്‌നാ സുരേഷ് പറഞ്ഞ വിജയ് പിള്ള കൊച്ചിയില്‍
ബിസിനസ് നടത്താനെത്തി മുങ്ങിയ വിജേഷ് പിള്ള

കൊച്ചി- മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ കേസ് ഒത്തു തീര്‍പ്പാക്കാന്‍ 30 കോടി രൂപ വാഗ്ദാനവുമായി തന്നെ വന്ന് കണ്ടുവെന്ന് സ്വപ്‌ന സുരേഷ് പറയുന്ന വിജയ് പിള്ള കണ്ണൂര്‍ സ്വദേശിയായ വിജേഷ് പിള്ളയാണെന്ന് തെളിഞ്ഞു. വിജേഷ് പിള്ളക്ക് പിന്നാലെയാണ് ഇ ഡിയും സംസ്ഥാന പോലീസും. എറണാകുളം ഇടപ്പള്ളിയില്‍ 2017ല്‍ ബിസിനസ് സ്ഥാപനം നടത്തിയിരുന്ന വിജേഷ് പിള്ള ആരെന്ന് കണ്ടെത്താനാണ് അന്വേഷണ ഏജന്‍സികളുടെ ശ്രമം.  ഇടപ്പള്ളിയില്‍ വിജേഷ് പിള്ളയുടെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന വാടക കെട്ടിടത്തിന്റെ ഉടമയെ തേടി രണ്ട് മൂന്നു ദിവസം മുമ്പ് ഇ ഡിയും സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ വന്നതിന് പിന്നാലെ സ്‌പെഷ്യല്‍ ബ്രാഞ്ച് പോലീസും എത്തി. ഐ ടി സ്ഥാപനവും ഒ ടി ടി സ്ഥാപനവും നടത്തുന്നതിനായി കെട്ടിടം വാടകക്കെടുത്ത വിജേഷ് പിള്ള ഒരു ലക്ഷം രൂപ കുടിശക വരുത്തി മുങ്ങുകയായിരുന്നുവെന്ന് കെട്ടിട ഉടമ ജാക്‌സന്‍ മാത്യു പറഞ്ഞു.
ആക്ഷന്‍ ഒ ടി ടി എന്ന പേരില്‍ പ്ലാറ്റ്‌ഫോമില്‍ ബിസിനസ് പങ്കാളിത്തത്തിനായി കൊച്ചിയിലെ ഒരു ചലചിത്ര പ്രവര്‍ത്തകനെ വിജേഷ് പിള്ള സമീപിച്ചിരുന്നു. എന്നാല്‍ പിള്ളയുടെ സാമ്പത്തിക ഇടപാടുകളില്‍ സംശയം തോന്നിയതോടെ ഇദ്ദേഹം പിന്‍വാങ്ങുകയായിരുന്നു. വിശ്വാസ്യതക്ക് വേണ്ടി പോലും ഏതെങ്കിലും രാഷ്ട്രീയ നേതാവുമായി ബന്ധമുള്ളതായി വിജേഷ് പിള്ള പറഞ്ഞിട്ടില്ലെന്ന് സിനിമാ പ്രവര്‍ത്തകന്‍ പറയുന്നു. കാക്കനാട് പടമുഗളിലാണ് ഭാര്യക്കൊപ്പം ഇയാള്‍ താമസിച്ചിരുന്നത്. എന്നാല്‍ ഓഫീസില്‍ നിന്ന് ഒഴിപ്പിച്ച ശേഷം ഇയാളെക്കുറിച്ച് ഒരു വിവരവുമില്ല. ഹൈദരാബാദ് കേന്ദ്രീകരിച്ചാണ് ഇയാള്‍ നേരത്തെ പ്രവര്‍ത്തിച്ചിരുന്നതെന്നും സിനിമാ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തി.
ഒ ടി ടി പ്ലാറ്റ്‌ഫോമില്‍ സ്വപ്‌നയുടെ ജീവിതകഥ പ്രദര്‍ശിപ്പിക്കുന്നതിന് എന്ന പേരിലായിരുന്നു ആക്ഷന്‍ ഒ ടി ടിയുടെ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ എന്ന് പരിചയപ്പെടുത്തിയ വിജയ്പിള്ള തന്നെ സമീപിച്ചതെന്നാണ് സ്വപ്‌നയുടെ വെളിപ്പെടുത്തല്‍. ഫെബ്രുവരി 27ന് രാവിലെ 10.37നാണ് ഇയാളുടെ ആദ്യത്തെ ഫോണ്‍ കോള്‍ വരുന്നത്. കൂടിക്കാഴ്ചക്ക് സമയം ചോദിച്ചപ്പോള്‍ കാണാമെന്ന് അറിയിച്ചു. അടുത്ത വ്യാഴാഴ്ച കാണാമെന്ന് അറിയിച്ചു. എന്നാല്‍ ബുധാനാഴ്ച വിളിച്ച് വ്യാഴാഴ്ച അസൗകര്യമുണ്ടെന്നും വെള്ളിയാഴ്ചയോ ശനിയാഴ്ചയോ കാണാമെന്നും ഇയാള്‍ പറഞ്ഞു. ബാംഗ്ലൂരിലെ താമസ സ്ഥലത്തേക്ക് എത്താനായിരുന്നു വിജയ് പിള്ളയുടെ താല്‍പര്യം. എന്നാല്‍ പരിചയമില്ലാത്ത ആരെയും തന്റെ താമസസ്ഥലത്തേക്ക് കൊണ്ടുവരാന്‍ താല്‍പര്യമില്ലാതിരുന്ന സ്വപ്‌ന പുറത്തെവടെയെങ്കിലും വെച്ച് ഇയാളെ കാണാമെന്ന് പറയുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്വപ്‌നക്ക് ബാംഗ്ലൂരില്‍ ഫ്രീയായി നടക്കാന്‍ കഴിയുമോ എന്നാണ് ഇയാള്‍ ചോദിച്ചത്. എന്നാല്‍ തനിക്ക് യാത്ര ചെയ്യാന്‍ പ്രശ്‌നമില്ലെന്ന് വ്യക്തമാക്കിയ സ്വപ്‌നയോട് ഇയാള്‍ വൈറ്റ് ഫോര്‍ട്ടിലെ സൂര്യ എന്ന ഹോട്ടലില്‍ എത്താന്‍ നിര്‍ദേശിച്ചു. സരിത്തും രണ്ടു കുട്ടികളുമായാണ് സ്വപ്‌ന കൂടിക്കാഴ്ചക്കെത്തിയത്.
ഒ ടി ട പ്ലോജക്ടിനെക്കുറിച്ച് സംസാരം തുടങ്ങിയെങ്കിലും പിന്നീട് തനിക്ക് രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്നു പറഞ്ഞാണ് പ്രശ്‌ന പരിഹാരത്തിനായി 30 കോടിയുടെ ഓഫര്‍ മുന്നോട്ടുവെച്ചതെന്നാണ് സ്വപ്‌ന ഇ ഡിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്.