LogoLoginKerala

അഡ്വ. ബി എന്‍ ഹസ്‌കറിന് വക്കീല്‍ നോട്ടീസയച്ച് സ്വപ്‌നാ സുരേഷ്

എം വി ഗോവിന്ദനോട് മാപ്പു പറയാന്‍ താന്‍ ഒരിക്കല്‍ കൂടി ജനിക്കേണ്ടി വരുമെന്ന് സ്വപ്‌ന
 
swapna suresh

ബാംഗ്ലൂര്‍- സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അയച്ച വക്കീല്‍ നോട്ടീസിലെ ആവശ്യം തള്ളി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷ്. എം വി ഗോവിന്ദനോട് മാപ്പ് പറയണമെങ്കില്‍ സ്വപ്‌ന ഒരിക്കല്‍ കൂടി ജനിക്കണമെന്ന് അവര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. വിജേഷ് പിള്ളക്കെതിരായ കേസില്‍ മഹാദേവപുര എസിപി മുമ്പാകെ മൊഴി നല്‍കാനെത്തിയതായിരുന്നു സ്വപ്‌ന സുരേഷ്. ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചയില്‍ അപകീര്‍ത്തിപരമായ പ്രതികരണം നടത്തിയ ഇടത് നിരീക്ഷകനായ അഡ്വ. ബി എന്‍ ഹസ്‌കര്‍ മാപ്പു പറയണമെന്നാവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചതായും സ്വപ്‌ന അറിയിച്ചു.
എം വി ഗോവിന്ദന്റെ വക്കീല്‍ നോട്ടീസ് കിട്ടിയാല്‍ മറുപടി നല്‍കും. മാപ്പ് പറയുമെന്ന് പ്രതീക്ഷിക്കുകയേ വേണ്ട. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ കേസെടുത്താലും പിന്‍മാറില്ല. മുഖ്യമന്ത്രിക്കും കുടുംബത്തിനുമുള്ള സന്ദേശം കൂടിയാണിത്. സത്യം പുറത്ത് കൊണ്ട് വരുമെന്നും അവര്‍ പറഞ്ഞു. ആദ്യം ഷാജ്കിരണ്‍ എന്നൊരു അവതാരം വന്നു. മുഖ്യമന്ത്രിയുടെ ആളാണെന്ന് പറഞ്ഞു. അത്  പരസ്യമാക്കിയപ്പോള്‍ ക്രൈംബ്രാഞ്ച് കേസെടുത്തു. ഇപ്പോള്‍ ഗോവിന്ദന്റെ ആളെന്ന് പറഞ്ഞ് ഒരാള്‍ വന്നിരിക്കുന്നു. ഈ ഗോവിന്ദന്‍ ആരെന്ന് എനിക്കറിയില്ല. 30 കോടി വാഗ്ദാനവും നാട് വിട്ട് പോകണമെന്ന ഭീഷണയും ജനങ്ങളെ അറിയിച്ചു. ക്രൈംബ്രാഞ്ച് വീണ്ടും കേസെടുത്തു. എനിക്കെതിരെ കേസെടുക്കേണ്ട കാര്യമെന്താണ്- സ്വപ്‌ന ചോദിച്ചു.
ഒരാഴ്ചക്കുള്ളില്‍ കമന്റ് പിന്‍വലിച്ച് നിരുപാധികം മാപ്പ് പറയാത്ത പക്ഷം ഹസ്‌കറിനെതിരെ കോടതിയില്‍ കേസ് കൊടുക്കുമെന്ന് സ്വപ്‌ന പറഞ്ഞു. ഹസ്‌കറിന് നോട്ടീസയച്ച വിവരം സ്വപ്‌ന സുരേഷ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. എം വി ഗോവിന്ദന്‍ എന്നോട് ചോദിച്ചത് പോലെ എനിക്ക് ഹസ്‌കറിന്റെ കാശൊന്നും വേണ്ട. പക്ഷേ ഹസ്‌കറിന് ഒരു കാര്യം ഞാന്‍ ഉറപ്പ് തരാം. ഇത് ഒരു നോട്ടീസിന് വേണ്ടിയുള്ള നോട്ടീസ് അല്ല. ഇത് അവസാനം വരെ ഞാന്‍ വിടാന്‍ പോകുന്നില്ലെന്ന് സ്വപ്‌ന സുരേഷ് പറഞ്ഞു. തന്നെ വ്യക്തിഹത്യ ചെയ്യാന്‍ ആരാണ് ഹസ്‌കരെ നിയോഗിച്ചത്. തന്റെ വിദ്യാഭ്യാസയോഗ്യതയെ പരിഹസിക്കാന്‍ ഹസ്‌കര്‍ ആരാണ്. സിഎം രവീന്ദ്രന്‍ പത്ത് പാസായോയെന്ന് അദ്ദേഹം ആദ്യം അന്വേഷിക്കെട്ടെ. ഈ സര്‍ക്കാരില്‍ എത്രപേര്‍ പത്ത് പാസായിട്ടുണ്ടെന്ന് സ്വപ്‌ന ചോദിച്ചു.
വിജേഷ് പിള്ളയും സ്വപ്‌നയും കൂടിക്കാഴ്ച നടത്തിയ സുരി ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത് മഹാദേവപുര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആയതിനാലാണ് മഹാദേവപുര എ സി പി മുമ്പാകെ സ്വപ്‌ന ഇന്നലെ മൊഴി നല്‍കിയത്.  മൊഴിയെടുപ്പ് അര മണിക്കൂറോളം നീണ്ടു. പൊലീസ് സംരക്ഷണം വേണമെന്ന് സ്വപ്‌ന ആവശ്യപ്പെട്ടിട്ടുണ്ട്.
സ്വപ്‌ന സുരേഷിനെതിരായ വധഭീഷണി കേസില്‍ നാളെ കെ ആര്‍ പുര പൊലീസിന് മുന്നില്‍ ഹാജരാകുമെന്ന് വിജേഷ് പിള്ള അറിയിച്ചു. അഭിഭാഷകനൊപ്പമാകും വിജേഷ് പിള്ള എത്തുക. തനിക്ക് സമന്‍സ് കിട്ടിയിട്ടില്ലെന്നും എന്നാല്‍ പൊലീസ് സ്റ്റേഷനുമായി അഭിഭാഷകന്‍ ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഹാജരാകുന്നത് എന്നും വിജേഷ് പിള്ള പറഞ്ഞു.