LogoLoginKerala

രാഹുലിനെ ശിക്ഷിച്ച ജഡ്ജി ഉള്‍പ്പെടെ 68 ജഡ്ജിമാരുടെ സ്ഥാനക്കയറ്റത്തിന് സുപ്രീം കോടതി സ്റ്റേ

 
Rahul Gandhi
ന്യൂഡല്‍ഹി- കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അപകീര്‍ത്തി കേസില്‍ ശിക്ഷിച്ച സൂറത്ത് മജിസ്ട്രേറ്റ് ഹരീഷ് ഹസ്മുഖ് ഭായി ഉള്‍പ്പെടെ 68 പേര്‍ക്കു ജില്ലാ ജഡ്ജിമാരായി സ്ഥാനക്കയറ്റം നല്‍കിയ ഗുജറാത്ത് സര്‍ക്കാരിന്റെ നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തു. വിഷയം കോടതിയുടെ പരിഗണനയില്‍ ഇരിക്കെയാണ്, നിയമന ഉത്തരവ് പുറത്തിറങ്ങിയത് എന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ എംആര്‍ ഷാ, സിടി രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റെ നടപടി.
അറുപത്തിയെട്ടു പേര്‍ക്കു സ്ഥാനക്കയറ്റം നല്‍കാനുള്ള ഗുജറാത്ത് ഹൈക്കോടതിയുടെ ശുപാര്‍ശയും അത് അംഗീകരിച്ചുകൊണ്ട് സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനവും സുപ്രീം കോടതി തടഞ്ഞു.
ഹൈക്കോടതി ശുപാര്‍ശയ്ക്കെതിരായ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കെയാണ് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. പട്ടികയില്‍ ഉള്ളവര്‍ പഴയ തസ്തികകളില്‍ തന്നെ തുടരണമെന്ന് ഉത്തരവില്‍ പറയുന്നു.
സ്ഥാനക്കയറ്റം യോഗ്യതയുടെയും സീനിയോറിറ്റിയുടെയും അടിസ്ഥാനത്തില്‍ ആയിരിക്കണമെന്ന് കോടതി പറഞ്ഞു. ഹൈക്കോടതിയുടെ ശുപാര്‍ശയും അതിനെത്തുടര്‍ന്നുള്ള സര്‍ക്കാര്‍ വിജ്ഞാപനവും നിയമ വിരുദ്ധമാണെന്ന് ഇടക്കാല ഉത്തരവില്‍ കോടതി വിലയിരുത്തി.
ജസ്റ്റിസ് ഷാ ഈ മാസം 15ന് വിരമിക്കുകയാണ്. അതിനാല്‍ തുടര്‍ വാദം മറ്റൊരു ബെഞ്ച് ആയിരിക്കും കേൾക്കുക.