ബഫര്‍സോണിലെ സമ്പൂര്‍ണ നിയന്ത്രണം ഒഴിവാക്കി സുപ്രീം കോടതി
ന്യൂഡല്‍ഹി- കേരളത്തിന് ആശ്വാസം പകര്‍ന്ന് ബഫര്‍സോണ്‍ വിഷയത്തില്‍ സുപ്രീം കോടതി വ്യക്തത വരുത്തി ഉത്തരവ് പുറപ്പെടുവിച്ചു. ബഫര്‍സോണ്‍ മേഖലയില്‍ സമ്പൂര്‍ണ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ മുന്‍ ഉത്തരവില്‍ സുപ്രീം കോടതി ഭേദഗതി വരുത്തി. സുപ്രീം കോടതിയുടെ വനം-പരിസ്ഥിതി ബെഞ്ച് ഈ വിഷയവുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്നതിനിടെയാണ് ബഫര്‍ സോണില്‍ സമ്പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തിയ ജൂണ്‍ മൂന്നിലെ ഉത്തരവില്‍ ഇളവു വരുത്തുന്നുവെന്ന് അറിയിച്ചത്. ജസ്റ്റിസ് ബി.ആര്‍. ഗവായിയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.സുപ്രീം കോടതി നേരത്തെ പുറപ്പെടുവിച്ച വിധിയില്‍ ബഫര്‍ സോണില്‍ സമ്പൂര്‍ണ നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഇതില്‍ ഇളവു വരുത്തുമെന്നാണ് ഇന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഉത്തരവിന്റെ പൂര്‍ണരൂപം ഉടന്‍ പുറത്തെത്തും. അതേസമയം, ക്വാറി അടക്കമുള്ളവയ്ക്ക് നിയന്ത്രണം തുടരും.വലിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും നിയന്ത്രണമുണ്ടാകും.
രാജ്യത്തെ വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍സോണ്‍ നിശ്ചയിക്കുമ്പോള്‍, അവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു സമ്പൂര്‍ണ നിരോധനം പറ്റില്ലെന്നു സുപ്രീം കോടതി കഴിഞ്ഞ മാസം വാദം കേള്‍ക്കുന്നതിനിടെ വാക്കാല്‍ നിരീക്ഷിച്ചിരുന്നു. ബഫര്‍സോണില്‍ പുതിയ നിര്‍മാണം വിലക്കുന്ന പരാമര്‍ശം കഴിഞ്ഞ ജൂണില്‍ കോടതി പുറപ്പെടുവിച്ച ഉത്തരവിലുണ്ടെന്ന് അമിക്കസ് ക്യൂറി കെ. പരമേശ്വര്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ജസ്റ്റിസ് ബി.ആര്‍.ഗവായ് ഉള്‍പ്പെട്ട ബെഞ്ചിന്റെ പ്രതികരണം. അവിടെ താമസിക്കുന്നവരുടെ തൊഴില്‍, ടൂറിസം എന്നിവയെ ബാധിക്കുമെന്നും നിര്‍മാണ നിരോധനം പ്രായോഗികമല്ലെന്നും ജസ്റ്റിസ് ഗവായ് പറഞ്ഞു. ഖനനം പോലെ ഈ മേഖലയില്‍ നിരോധിക്കേണ്ട കാര്യങ്ങളെക്കുറിച്ചു മാത്രമാണ് ബഫര്‍സോണ്‍ വിധിയിലൂടെ ലക്ഷ്യമിട്ടതെന്നു കോടതി പറഞ്ഞു.ഒരു കിലോമീറ്റര്‍ ബഫര്‍സോണ്‍ നിര്‍ബന്ധമാക്കിയ 2022 ജൂണ്‍ മൂന്നിലെ വിധി ആ പ്രദേശങ്ങളിലുള്ളവര്‍ക്കു വായ്പ കിട്ടാത്ത സ്ഥിതിയുണ്ടാക്കിയെന്നു ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു