LogoLoginKerala

കേന്ദ്ര ഏജന്‍സികളുടെ രാഷ്ട്രീയ ദുരുപയോഗം: പ്രതിപക്ഷ ഹര്‍ജി സുപ്രീം കോടതി മടക്കി

രാഷ്ട്രീയ നേതാക്കള്‍ക്ക് പ്രത്യേക പരിഗണന നല്‍കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ്
 
supreme court
നേതാക്കള്‍ പ്രതികളായ കേസുകളില്‍ അറസ്റ്റ് പാടില്ലെന്ന് ഏങ്ങനെ പറയാനാകും.  പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ഇടം ചുരുങ്ങിയെങ്കില്‍ പരിഹാരം കാണേണ്ടത് കോടതിയല്ല. ജനങ്ങള്‍ക്കില്ലാത്ത നിയമപരിരക്ഷ രാഷ്ട്രീയ നേതാക്കള്‍ക്ക് നല്കാനാകില്ല. വ്യക്തിഗത കേസുകള്‍ കോടതിയില്‍ കൊണ്ടുവരുന്നതാണ് ഉചിതമെന്നും നിര്‍ദേശം
 
ന്യൂഡല്‍ഹി - കേന്ദ്ര അന്വേഷണ ഏജന്‍സികളെ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് 14 പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി സ്വീകരിച്ചില്ല.  ഇ.ഡി, സി.ബി.ഐ, ആദായനികുതി വകുപ്പ് തുടങ്ങിയ ഏജന്‍സികളെ ഉപയോഗിച്ച് കേന്ദ്ര ഭരണകൂടം എതിരാളികളെ വേട്ടയാടുന്നുവെന്നായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ വാദം. എന്നാല്‍, ഈ വാദം ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചില്ല. രാഷ്ട്രീയ നേതാക്കള്‍ക്ക് പ്രത്യേക പരിഗണന നല്‍കാനാവില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. ഹര്‍ജിയുടെ സാധുതയിലും ചീഫ് ജസ്റ്റിസ് സംശയം പ്രകടിപ്പിച്ചു. അന്വേഷണങ്ങളില്‍നിന്നും പ്രോസിക്യൂഷന്‍ നടപടികളില്‍നിന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് സംരക്ഷണം തേടുകയാണോയെന്ന് കോടതി ചോദിച്ചു. പൗരന്മാര്‍ എന്ന നിലയില്‍ അവര്‍ക്ക് എന്തെങ്കിലും പ്രത്യേക അവകാശങ്ങള്‍ ഉണ്ടോയെന്നും ചീഫ് ജസ്റ്റിസ് ആരാഞ്ഞു. ഹര്‍ജി രാഷ്ട്രീയക്കാര്‍ക്കുള്ള അപേക്ഷയാണെന്നും അഴിമതിയോ കുറ്റകൃത്യമോ ബാധിച്ചേക്കാവുന്ന പൗരന്മാരുടെ അവകാശങ്ങളും താല്‍പര്യങ്ങളും ഹരജി കണക്കിലെടുത്തില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. നേതാക്കള്‍ പ്രതികളായ കേസുകളില്‍ അറസ്റ്റ് പാടില്ലെന്ന് ഏങ്ങനെ പറയാനാകുമെന്ന് കോടതി ചോദിച്ചു. പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ഇടം ചുരുങ്ങിയെങ്കില്‍ പരിഹാരം കാണേണ്ടത് കോടതിയല്ല. ജനങ്ങള്‍ക്കില്ലാത്ത നിയമപരിരക്ഷ രാഷ്ട്രീയ നേതാക്കള്‍ക്ക് നല്കാനാകില്ല. കോടതിക്കു മുന്നില്‍ വ്യക്തിഗത കേസുകള്‍ കൊണ്ടുവരുന്നതാണ് ഏറ്റവും ഉചിതമെന്നും കോടതി നിരീക്ഷിച്ചു. തുടര്‍ന്ന് പ്രതിപക്ഷം ഹര്‍ജി പിന്‍വലിക്കുകയായിരുന്നു.
കേന്ദ്ര ഏജന്‍സികള്‍ എടുത്ത 95 ശതമാനം കേസുകളും പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്ക് എതിരെയുള്ളതാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വിവിധ ഏജന്‍സികള്‍ അന്വേഷിക്കുന്ന കേസുകളില്‍ ഭൂരിപക്ഷത്തിലും പ്രതിപക്ഷ നേതാക്കളാണ് പ്രതികള്‍. അതിനാല്‍, സര്‍ച്ച്, അറസ്റ്റ്, റിമാന്‍ഡ് തുടങ്ങിയവയ്ക്ക് കോടതി ഇടപെട്ട് പ്രത്യേക മാര്‍ഗനിര്‍ദേശം തയ്യാറാക്കണമെന്നും മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വി മുഖേന നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഹരജി പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിസമ്മതിക്കുകയായിരുന്നു. പ്രതിപക്ഷ നേതാക്കള്‍ക്ക് സംരക്ഷണമോ, ഇളവുകളോ ആവശ്യപ്പെടുന്നില്ലെന്നും നിയമത്തിന്റെ ന്യായവും നിഷ്പക്ഷവുമായ പ്രയോഗമാണ് ആവശ്യപ്പെടുന്നതെന്നും സിങ്‌വി കോടതിയില്‍ വിശദീകരിച്ചു. പ്രതിപക്ഷത്തെ ദുര്‍ബലപ്പെടുത്താനും മനോവീര്യം തകര്‍ക്കാനും സര്‍ക്കാര്‍ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്നും ഇത് ജനാധിപത്യത്തിനും നിയമവാഴ്ചക്കും ഹാനികരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി. 
കോണ്‍ഗ്രസ്, ആം ആദ്മി, ഡി.എം.കെ, ആര്‍.ജെ.ഡി, ബി.ആര്‍.എസ്, തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍.സി.പി, സി.പി.എം തുടങ്ങി ഇടതു പാര്‍ട്ടികള്‍ അടക്കം 14 പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്നാണ് കൂട്ട ഹരജി നല്‍കിയിരുന്നത്.