മഅ്ദിനയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി, സുരക്ഷാ ചെലവിനുള്ള പണം കെട്ടിവെക്കണം
ന്യൂഡല്‍ഹി- പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിക്ക് കേരളത്തിലേക്ക് പോകണമെങ്കില്‍ സുരക്ഷ ചെലവിനത്തില്‍ 60 ലക്ഷം രൂപ കെട്ടിവെക്കണമെന്ന കര്‍ണാടക പോലീസിന്റെ ആവശ്യം സുപ്രീം കോടതി ശരിവെച്ചു. കേരളത്തിലേക്ക് പോകുന്നതിന് മുമ്പ് കര്‍ണാടക പോലീസ് ആവശ്യപ്പെട്ട പണം മുന്‍കൂറായി കെട്ടിവെക്കണമെന്ന് ഉത്തരവിട്ട സുപ്രീം കോടതി, കര്‍ണാടക പോലീസ് പണം ആവശ്യപ്പെട്ട നടപടിക്കെതിരെ മഅ്ദനി നല്‍കിയ ഹര്‍ജി തള്ളി.
ബംഗളൂരുവില്‍ കഴിയുന്ന മഅ്ദനിയുടെ ആരോഗ്യാവസ്ഥ വഷളായതോടെ നാട്ടില്‍ ചികിത്സ തുടരുന്നതിനും അസുഖബാധിതനായ പിതാവിനെ സന്ദര്‍ശിക്കുന്നതിനുമായാണ് ജാമ്യ ഇളവ് തേടിയത്. ജൂലൈ എട്ടു വരെയാണ് സുപ്രീംകോടതി ജാമ്യ ഇളവ് അനുവദിച്ചത്. കോടതി ഉത്തരവുമായി സിറ്റി പൊലീസ് കമീഷണറെ കണ്ട് മഅ്ദനിയുടെ യാത്രയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ നല്‍കിയെങ്കിലും മഅ്ദനി താമസിക്കുന്ന സ്ഥലങ്ങള്‍ ഉന്നത പോലീസ് സംഘം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചാലേ അനുമതി നല്‍കാനാവൂ എന്നാണറിയിച്ചത്.
ബംഗളൂരു സിറ്റി പോലീസ് കമീഷണര്‍ സി.എച്ച്. പ്രതാപ റെഡ്ഡിയാണ് മഅ്ദനിയുടെ കൂടെ അകമ്പടിക്കായി 20 പൊലീസുകാരെ നിയോഗിക്കുകയും 82 ദിവസത്തെ ഇവരുടെ ചെലവിലേക്കായി 60 ലക്ഷത്തോളം രൂപ മുന്‍കൂറായി കെട്ടിവെക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തത്. 18 ശതമാനം ജി.എസ്.ടി തുകയായി 2.67 ലക്ഷവും സേവന നികുതിയായി 1.48 ലക്ഷവും ഇതില്‍ ഉള്‍പ്പെടും. ഇതിന് പുറമെ, താമസവും ഭക്ഷണവും അടക്കമുള്ള മറ്റ് അനുബന്ധ ചെലവുകള്‍ വഹിക്കണമെന്നും വാക്കാല്‍ നിര്‍ദേശം നല്‍കിയിരുന്നു.
കേരളത്തിലേക്ക് പോകാന്‍ സുപ്രീം കോടതി അനുമതി നല്‍കിയതിനു പിന്നാലെ പണം നല്‍കണമെന്ന കര്‍ണാടക പോലീസിന്റെ നിര്‍ദേശത്തിനെതിരെ മഅ്ദനി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. തുകയില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് മഅ്ദനിക്ക് വേണ്ടി ഹാജരായത്. 20 അംഗ ടീമിനെയാണ് സുരക്ഷക്കായി നിയോഗിച്ചിരിക്കുന്നത്. ഇതിലും ഇളവ് വേണമെന്നും ആവശ്യപ്പെട്ടിരുന്നു. താമസവും ഭക്ഷണവും കൂടി കണക്കിലെടുത്താല്‍ അകമ്പടിച്ചെലവ് ഒരു കോടിയോളം വരുമെന്നും ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ പ്രത്യേക അപേക്ഷ നല്‍കാനും കര്‍ണാടക സര്‍ക്കാരിന് പകര്‍പ്പ് നല്‍കാനും ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചിരുന്നു.
എന്നാല്‍ ചെലവിനായി നിശ്ചയിച്ച തുക വെട്ടി ചുരുക്കാനാകില്ലെന്നും കേരള സന്ദര്‍ശനത്തിന് അകമ്പടി പോകുന്ന പോലീസുകാരുടെ എണ്ണം വെട്ടികുറയ്ക്കാന്‍ കഴിയില്ലെന്നും മഅ്ദനി 56.6 ലക്ഷം രൂപ കെട്ടിവെയ്ക്കണമെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നിലപാടെടുത്തു. അകമ്പടി ചെലവ് കണക്കാക്കിയത് സര്‍ക്കാരിന്റെ ചട്ടങ്ങള്‍ പ്രകാരമാണ്. ബംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ ഉദ്യോഗസ്ഥന്‍ യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ ഉള്ള സംഘം കേരളം സന്ദര്‍ശിച്ചാണ് ഇതിനായി ശുപാര്‍ശ തയ്യാറാക്കിയതെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത മറുപടി സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
2017ല്‍ മകന്‍ ഉമര്‍ മുഖ്താറിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കിയപ്പോള്‍ ഒരാഴ്ചത്തേക്ക് പോലീസിന്റെ ചെലവിനായി 18 ലക്ഷം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ കര്‍ണാടക സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച സുപ്രീംകോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് കെട്ടിവെക്കേണ്ട തുക 1.18 ലക്ഷമാക്കി കുറച്ചിരുന്നു.