LogoLoginKerala

അരിക്കൊമ്പന്‍ വിഷയത്തില്‍ സുപ്രീം കോടതി ഇടപെട്ടില്ല, സര്‍ക്കാരിന്റെ അപ്പീല്‍ തള്ളി

 
supreme court

ന്യൂഡല്‍ഹി- അരിക്കൊമ്പന്‍ വിഷയത്തില്‍ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാരിന്റെ അപ്പീല്‍ സുപ്രീംകോടതി തള്ളി. ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് അടിയന്തരമായി പരിഗണിച്ചത്. വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട് യുക്തിസഹമാണെന്നും ഇടപെടില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
വിഷയത്തില്‍ ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതി ഇടപെടല്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്നും അരിക്കൊമ്പനുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറപ്പെടുവിച്ച എല്ലാ ഉത്തരവുകളും സ്റ്റേ ചെയ്യണമെന്നും അപ്പീലില്‍ ആവശ്യമുണ്ടായിരുന്നു. ഉപദ്രവകാരികളായ വന്യമൃഗങ്ങളുടെ കാര്യത്തില്‍ വന്യജീവി സംരക്ഷണ വകുപ്പ് പ്രകാരം നടപടിയെടുക്കാന്‍ അനുവദിക്കണമെന്നും ആവശ്യമുണ്ടായിരുന്നു. നടപടിയെടുക്കാന്‍ അധികാരം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ്. നിയമപരമായ ഈ അധികാരത്തിന്റെ അടിസ്ഥാനത്തിലാണ് അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടിച്ച് കോടനാട് ആനക്കൂട്ടിലേക്ക് മാറ്റാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടതെന്നും അപ്പീലില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. അരിയ്ക്കുവേണ്ടി പരക്കം പായുന്ന അക്രമകാരിയായ ആനയെ പറമ്പിക്കുളത്തേക്ക് മാറ്റുന്നത് പ്രായോഗികമല്ലെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വാദിച്ചു. എന്നാല്‍  പറമ്പിക്കുളത്തേക്ക് ആനയെ മാറ്റാന്‍ ഉള്ള തീരുമാനം വിദഗ്ധ സമിതിയുടേതാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൂടിയടങ്ങുന്ന വിദഗ്ധ സമിതിയാണ് ഈ ശുപാര്‍ശ നല്‍കിയതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. അതില്‍ ഇടപെടില്ലെന്ന് വ്യക്തമാക്കിയാണ് ഹര്‍ജി സുപ്രീം കോടതി തള്ളിയത്.