LogoLoginKerala

മുസ്ലിം സംവരണ പ്രസംഗം; അമിത് ഷായെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി

 
Amit Shah

ന്യൂഡല്‍ഹി - കര്‍ണാടകത്തില്‍ മുസ്‌ലീം സംവരണം റദ്ദാക്കിയതിനെ അനുകൂലിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രസംഗിച്ച അമിത് ഷായ്ക്ക്  സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം.

കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ ഇത്തരം പ്രസ്താവനകള്‍ പാടില്ലെന്ന് ജസ്റ്റിസ് നാഗരത്‌ന പറഞ്ഞു. എന്തിനാണ് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്നും കോടതി ചോദിച്ചു. ഈ രീതി ഉചിതമല്ലെന്നും അനുവദിക്കാനാകില്ലെന്നും കോടതി പറഞ്ഞു. പൊതുപ്രവര്‍ത്തകര്‍ കോടതി നടപടിയുടെ പവിത്രത പാലിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. കര്‍ണാടകയില്‍ നാലു ശതമാനം മുസ്‌ലീം സംവരണം നിര്‍ത്തലാക്കിയ സര്‍ക്കാര്‍ തീരുമാനത്തിന് എതിരെയുള്ള ഹര്‍ജികളില്‍ അനുവദിച്ച സ്റ്റേ ഇന്ന് അവസാനിക്കാനിരിക്കെയാണ് കേസ് വീണ്ടും സുപ്രീം കോടതിയുടെ പരിഗണനയില്‍ വന്നത്. കര്‍ണാടകത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അമിത് ഷാ ഈ വിവാദ വിഷയത്തില്‍ നടത്തിയ പ്രസംഗം ഹര്‍ജിക്കാര്‍ കോടതിയില്‍ ഉന്നയിച്ചപ്പോഴാണ് കോടതി രൂക്ഷ ഭാഷയില്‍ പ്രതികരിച്ചത്. കേസ് ജൂലായ് 25 ന് പരിഗണിക്കാനായി മാറ്റിയിരിക്കുകയാണ്.