മഹാരാഷ്ട്രയില്‍ ഷിന്‍ഡെ സര്‍ക്കാരിന് തുടരാം, രാജിവച്ചിരുന്നില്ലെങ്കില്‍ മുഖ്യമന്ത്രി ഉദ്ധവ് തന്നെ
ഗവര്‍ണര്‍ വിശ്വാസവോട്ട് നിര്‍ദേശിച്ചത് ഭരണഘടനാവിരുദ്ധമെന്നും സുപ്രീം കോടതി
ന്യൂഡല്‍ഹി- മഹാരാഷ്ട്രയില്‍ ഏകനാഥ് ഷിന്‍ഡേ സര്‍ക്കാരിന് ആശ്വാസം. ഷിന്‍ഡെ സര്‍ക്കാര്‍ അധികാരത്തില്‍ തുടരാന്‍ തടസമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഷിന്‍ഡെ വിഭാഗത്തിന് ആശ്വാസം. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുണ്ടായിരുന്ന സര്‍ക്കാര്‍ പുനസ്ഥാപിക്കണമെന്ന ആവശ്യം കോടതി നിരാകരിച്ചു. എന്നാല്‍ ഉദ്ധവ് താക്കറെ സര്‍ക്കാരിനോട് വിശ്വാസ വോട്ടെപ്പിന് നിര്‍ദ്ദേശിച്ച ഗവര്‍ണറുടെ നടപടി ഭരണഘടന വിരുദ്ധമായിരുന്നെന്ന് ഭരണഘടന ബഞ്ച് വിധിച്ചു. ഏകനാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയായ സാഹചര്യത്തെക്കുറിച്ച് കോടതി നടത്തിയ പരാമര്‍ശങ്ങള്‍ ഗവര്‍ണര്‍ക്കും നിയമസഭാ സ്പീക്കര്‍ക്കും കനത്ത തിരിച്ചടിയായി.
സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു എന്ന് തെളിയിക്കാനുള്ള രേഖകള്‍ ഗവര്‍ണര്‍ക്ക് മുന്നില്‍ ഇല്ലായിരുന്നു. ശിവസേനയിലെ തര്‍ക്കം വിശ്വാസവോട്ടെടുപ്പിന് കാരണമാകാന്‍ പാടില്ലായിരുന്നുവെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. എന്നാല്‍, രാജിവച്ചതിനാല്‍ ഉദ്ധവ് താക്കറെ സര്‍ക്കാരിനെ പുനസ്ഥാപിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഉദ്ധവ് രാജിവച്ച സാഹചര്യത്തില്‍ ഷിന്‍ഡെയെ മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടി ഭരണഘടനാപരമായി ശരിയാണ്. ഉദ്ധവ് രാജിവച്ചിരുന്നില്ലെങ്കില്‍ തല്‍സ്ഥിതി തുടരാന്‍ ഉത്തരവിടുമായിരുന്നു എന്നും കോടതി പറഞ്ഞു
മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയെയും മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെയും പിന്തുണയ്ക്കുന്നവര്‍ നല്‍കിയ ഒരുകൂട്ടം ഹര്‍ജികളിലാണ് കോടതി വിധി പറഞ്ഞത്. ശിവസേനയിലെ പിളര്‍പ്പിനെത്തുടര്‍ന്ന് സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷമുണ്ടായ അധികാര മാറ്റം സംബന്ധിച്ച് നിര്‍ണായകമാണ് ഈ വിധി. ഭാവിയില്‍ സമാന സാഹചര്യങ്ങളില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ സംബന്ധിച്ച വ്യക്തതയും വിധിയിലുണ്ട്.
പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നം പരിഹരിക്കാനുള്ളതല്ല വിശ്വാസ വോട്ടെടുപ്പ്. വിശ്വാസ വോട്ടെടുപ്പിനായി സഭ വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണര്‍ക്കു മതിയായ കാരണം വേണമെന്നും കോടതി വ്യക്തമാക്കി. പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിനു നോട്ടീസ് നല്‍കിയിട്ടില്ല. പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ പ്രമേയം ഗവര്‍ണര്‍ പരിഗണിക്കാന്‍ പാടില്ലായിരുന്നു. ഭരണഘടന നല്‍കാത്ത അധികാരമാണ് ഇക്കാര്യത്തില്‍ ഗവര്‍ണര്‍ ഉപയോഗിച്ചത്. ഇത് പിഴവാണ്. ആരും പിന്തുണ പിന്‍വലിക്കാതെയാണ് സര്‍ക്കാരിനു ഭൂരിപക്ഷം നഷ്ടപ്പെട്ടെന്ന സ്വയം വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ഗവര്‍ണര്‍ വിശ്വാസം തെളിയിക്കാന്‍ ആവശ്യപ്പെട്ടത്. ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തിന്റെ പിന്തുണയുള്ള ഭരത് ഗോഗവാലെയെ ശിവസേനയുടെ വിപ്പായി നിയമിച്ച നിയമസഭാ സ്പീക്കറുടെ നടപടി നിയമവിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു.