സുജയ പാര്‍വതി ബി ജെ പിയിലേക്കോ ലോകസഭയിലേക്ക് മത്സരിക്കുമെന്ന് അഭ്യൂഹം

സംഘപരിവാര്‍ ബന്ധത്തിന്റെ പേരില്‍ നിരന്തരം സൈബര്‍ ആക്രമണം നേരിടുന്ന ചാനല്‍ അവതാരക സുജയ പാര്‍വതി മാധ്യമ പ്രവര്‍ത്തനത്തിന് അവധി നല്‍ക സജീവരാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് അഭ്യൂഹം. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സുജയ പാര്‍വതി ബി ജെ പി സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നാണ് സൂചനകള്‍. ബി ജെ പിക്ക് വിജയസാധ്യതയുള്ള ഏതെങ്കിലുമൊരു മണ്ഡലത്തില്‍ സുജയയെ മത്സരിപ്പിക്കാന്‍ ബി ജെ പി നേതൃത്വത്തിന് താല്‍പര്യമുണ്ട്. 24 ന്യൂസ് ചാനലില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട സുജയ പാര്‍വതി ജനം ടിവിയിലേക്കെത്താനുള്ള സാധ്യത നിലനില്‍ക്കെയാണ് വമ്പന്‍ ട്വിസ്റ്റ് വരുന്നത്.
ബി എം എസ് വേദിയില്‍ തന്റെ രാഷ്ട്രീയം തുറന്നു പറഞ്ഞ് പ്രസംഗം നടത്തിയ സുജയ പാര്‍വതി, ബി ജെ പിയെയും കേന്ദ്ര സര്‍ക്കാരിനെയും പരസ്യമായി പിന്തുണക്കുകയും കേരളത്തിലെ ഇടതുഭരണത്തിനെതിരെ നേരിട്ടുള്ള വിമര്‍ശനം നടത്തുകയും ചെയ്തിരുന്നു. 24 ന്യൂസ് ചാനലില്‍ ഇടതുപക്ഷാഭിമുഖ്യം പുലര്‍ത്തിയ കാലത്ത് എഡിറ്റോറിയല്‍ ബോര്‍ഡില്‍ എത്തിയ താന്‍ ചാനലിന്റെ ഈയൊരു ഇമേജ് മാറ്റിയെടുക്കുകയും ബി ജെ പിക്ക് അര്‍ഹമായ പരിഗണന ഉറപ്പാക്കുകയും ചെയ്തിട്ടുണ്ടെന്ന് അവര്‍ തുറന്നു പറഞ്ഞു.
ഇത്തരമൊരു തുറന്നു പറച്ചില്‍ അവരുടെ രാഷ്ട്രീയ ലക്ഷ്യം വ്യക്തമാക്കുന്നതാണെന്ന് വിലയിരുത്തപ്പെടുന്നു. കേന്ദ്രമന്ത്രി വി മുരളീധരന്റെ നോമിനിയായാണ് സുജയ പാര്‍വതി 24 ചാനലിലെത്തിയത്. അടുത്ത ലോകസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ അഞ്ച് സീറ്റ് നേടുമെന്ന് കേരളത്തിന്റെ സംഘടനാ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവദേക്കര്‍ പ്രഖ്യാപിച്ചിരിക്കെ വിജയസാധ്യതയുള്ള സീറ്റുകളില്‍ വിജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെ കണ്ടെത്താനുള്ള തീവ്രശ്രമങ്ങള്‍ ബി ജെ പി നേതൃത്വം നടത്തി വരികയാണ്. വിജയസാധ്യതയുള്ള സ്ഥാനാര്‍ഥികള്‍ ഇല്ലാത്തതാണ് കേരളത്തില്‍ ബി ജെ പി നേരിടുന്ന പ്രശ്‌നം. ഈ കുറവ് പരിഹരിക്കുന്നതിനാണ് മാധ്യമ മേഖലയില്‍ നിന്നടക്കം സ്ഥാനാര്‍ഥികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. സുജയയെ പോലെ മുഖ്യധാരയില്‍ നില്‍ക്കുന്ന ഒരു മാധ്യമ പ്രവര്‍ത്തകയെ രംഗത്തിറക്കാനായാല്‍ അത് വിജയസാധ്യത വര്‍ധിപ്പിക്കുമെന്നാണ് ബി ജെ പി നേതൃത്വത്തിന്റെ വിലയിരുത്തല്‍.
ലോകസഭാ തിരഞ്ഞെടുപ്പ് 2014 മെയ് മാസത്തില്‍ നടക്കുമെന്നാണ് കരുതപ്പെടുന്നത്. തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയ പ്രചാരണ പരിപാടികള്‍ക്ക് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ തുടക്കം കുറിച്ചു കഴിഞ്ഞു. സ്ഥാനാര്‍ഥികളെ കണ്ടെത്തുന്ന ഘട്ടത്തിലേക്ക് പാര്‍ട്ടികള്‍ കടന്നിട്ടില്ലെങ്കിലും വിജയസാധ്യത കല്‍പിക്കപ്പെടുന്ന മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥി മോഹികള്‍ പ്രവര്‍ത്തനം കേന്ദ്രീകരിച്ചു തുടങ്ങിയിട്ടുണ്ട്. തൃശൂരില്‍ കേന്ദ്രീകരിച്ചാണ് സുരേഷ് ഗോപിയുടെ പ്രവര്‍ത്തനങ്ങള്‍.
റിപ്പോര്‍ട്ടര്‍ ചാനലില്‍ മികച്ച അവതാരകയായി തിളങ്ങി നില്‍ക്കുമ്പോഴാണ് വീണാ ജോര്‍ജ് സി പി എം സ്ഥാനാര്‍ഥിയായി നിയമസഭയിലെത്തിയതും മന്ത്രിയായതും. റിപ്പോര്‍ട്ടര്‍ ചാനല്‍ എം ഡിയായിരുന്ന എം വി നികേഷ് കുമാര്‍ നിയമസഭയിലേക്ക് മത്സരിച്ച് പരാജയം ഏറ്റുവാങ്ങി. റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഉടമസ്ഥത കൈയൊഴിഞ്ഞിരിക്കുന്ന നികേഷ് കുമാര്‍ അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിച്ചുകൊണ്ട് വീണ്ടും സജീവരാഷ്ട്രീയത്തിലിറങ്ങുമെന്ന അഭ്യൂഹങ്ങള്‍ അന്തരീക്ഷത്തിലുണ്ട്.