പ്രധാനമന്ത്രിക്കെതിരെ ചാവേർ ആക്രമണം ഉണ്ടാകുമെന്ന് കെ സുരേന്ദ്രന് ഊമക്കത്ത്
Sat, 22 Apr 2023

തിരുവനന്തപുരം- പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ചാവേര്‍ ആക്രമണമുണ്ടാകുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് ഊമക്കത്ത് ലഭിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കത്തിന്റെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല.
കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ ഭീഷണിക്കത്ത് ഗൗരവമായെടുത്തിട്ടുണ്ട്. വിഷയം ഗൗരവമായി എടുക്കണമെന്നും സുരക്ഷ ഉറപ്പ് വരുത്തണമെന്നും ഐ ബി കേന്ദ്രത്തിന് റിപ്പോർട്ട് നൽകി.
എലത്തൂരിലുണ്ടായ ട്രെയിൻ തീവയ്പ്,
ശ്രീലങ്കന്‍ തീവ്രവാദ സംഘടനകള്‍ക്കുള്ള സ്വാധീനം, സംസ്ഥാനത്ത് നിന്നും വിവിധ തീവ്രവാദ സംഘടനകളിലേക്ക് യുവതീയുവാക്കള്‍ ചേര്‍ന്ന സംഭവം എന്നിവയും ഐ ബി ഇതുമായി ചേർത്ത് വായിക്കുന്നു. മാവോയിസ്റ്റ് സാന്നിധ്യവും ഐ.ബി ഗൗരവകരമായി നോക്കിക്കാണുന്നുണ്ട്. പി.എഫ്.ഐ നിരോധനം സംബന്ധിച്ചും പ്രധാനമന്ത്രി സുരക്ഷാഭീഷണി നേരിട്ടേക്കാമെന്ന് ഐ.ബി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇവരില്‍ നിന്ന് ഭീഷണിയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാൽ ബി ജെ പി സംസ്ഥാന പ്രസിഡണ്ടിന് ഇത്തരമൊരു ഊമക്കത്തയച്ചത് വെറുമൊരു സ്റ്റണ്ടായി മാത്രമേ കേരളാ പോലീസിലെ ഉന്നതർ കാണുന്നുള്ളൂ.