LogoLoginKerala

ചാവേര്‍ ആക്രമണ ഭീഷണിക്കത്ത് എഴുതിയത് കൊച്ചി സ്വദേശി, കാരണം വ്യക്തിവൈരാഗ്യം

 
modi

 

കൊച്ചി- പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ ചാവേര്‍ ആക്രമണമുണ്ടാകുമെന്ന് കാണിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് ഊമക്കത്ത് എഴുതിയയാളെ തിരിച്ചറിഞ്ഞു. കലൂര്‍ സ്വദേശി ജോസഫ് ജോണിന്റെ പേരില്‍ വ്യാജഭീഷണിക്കത്ത് എഴുതിയത് ഇയാളോട് വ്യക്തിവൈരാഗ്യമുള്ള ഒരാളാണെന്നാണ് പോലീസ് കണ്ടെത്തിയത്. ജോസഫ് ജോണിന്റെ പേരില്‍ അദ്ദേഹത്തിന്റെ ഫോണ്‍ നമ്പര്‍ സഹിതമാണ് സുരേന്ദ്രന് ലഭിച്ച ഭീഷണിക്കത്ത് എഴുതിയിട്ടുള്ളത്. ഇയാളെ കുടുക്കാന്‍ ബോധപൂര്‍വം ഇയാളുടെ നാട്ടുകാരനായ മറ്റൊരാളാണ് കത്തെഴുതിയതെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ജോസഫ് ജോണിനെ ബുധനാഴ്ച മുതല്‍ പോലീസ് ചോദ്യം ചെയ്യുകയും ഇദ്ദേഹത്തിന്റെ കൈയ്യക്ഷരമടക്കം പരിശോധിച്ച് ഇയാളല്ല കത്തെഴുതിയതെന്ന് ബോധ്യപ്പെടുകയും ചെയ്തിട്ടുണ്ട്. വ്യക്തിവൈരാഗ്യമുള്ള ആള്‍ തങ്ങളെയും ബന്ധുക്കളെയും കുടുക്കാന്‍ ഇതിന് മുമ്പും ഇത്തരം ഊമക്കത്തുകള്‍ എഴുതിയിട്ടുണ്ടെന്നാണ് ജോസഫ് ജോണ്‍ പോലീസിനോട് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ സംശയിക്കപ്പെടുന്ന ആളെ പോലീസ് കണ്ടെത്തി ചോദ്യം ചെയ്തതായാണ് വിവരം. എന്നാല്‍ കതൃക്കടവ് സ്വദേശിയായ കാറ്ററിംഗ് സ്ഥാപന ഉടമ ആരോപണം നിഷേധിച്ചു. കുടുംബയൂണിറ്റിന്റെ കണക്ക് ചോദിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമുണ്ടായെങ്കിലും അതിനപ്പുറം തനിക്ക് ഇതില്‍ പങ്കില്ലെന്ന് ഇയാള്‍ പറഞ്ഞു.

സുരേന്ദന് ലഭിച്ച ഭീഷണിക്കത്തില്‍ ജോസഫ് ജോണിന്റെയും അധ്യാപികയായ ഭാര്യയുടെയും രണ്ട് പെണ്‍മക്കളുടെയും വിവരങ്ങളും മൊബൈല്‍ ഫോണ്‍ നമ്പറുമുണ്ട്. പ്രഥമദൃഷ്ട്യാ ജോസഫ് ജോണിനെ കുടുക്കാന്‍ മറ്റാരോ എഴുതിയതാണ് ഈ കത്തെന്ന് ബോധ്യമാകുന്നുണ്ടെന്ന് പോലീസ് പറയുന്നു. കളമശേരി സെന്റ് പോള്‍സ് കോളേജിലെ റിട്ടയേഡ് സ്റ്റാഫാണ് ജോസഫ് ജോണ്‍.
അതേസമയം കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ ഭീഷണിക്കത്ത് ഗൗരവമായെടുക്കുകയും കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കുകയും കേന്ദ്രം അതിന്റെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രിക്ക് സുരക്ഷ ശക്തമാക്കാന്‍ കേരളത്തിന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.  എലത്തൂരിലുണ്ടായ ട്രെയിന്‍ തീവയ്പ്, ശ്രീലങ്കന്‍ തീവ്രവാദ സംഘടനകള്‍ക്കുള്ള സ്വാധീനം, സംസ്ഥാനത്ത് നിന്നും വിവിധ തീവ്രവാദ സംഘടനകളിലേക്ക് യുവതീയുവാക്കള്‍ ചേര്‍ന്ന സംഭവം എന്നിവയും മാവോയിസ്റ്റ് ഭീഷണിയും ഐ ബി ഇതുമായി ചേര്‍ത്ത് വായിച്ചു. പോപ്പുലര്‍ ഫ്രണ്ട് നിരോധനം സംബന്ധിച്ചും പ്രധാനമന്ത്രി സുരക്ഷാഭീഷണി നേരിട്ടേക്കാമെന്ന് ഐ.ബി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.