LogoLoginKerala

അരിക്കൊമ്പന്‍: ഹൈക്കോടതിയുടെ എല്ലാ ഉത്തരവുകളും സ്‌റ്റേ ചെയ്യണം; സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

തടസഹര്‍ജിയുമായി വാക്കിംഗ് ഐ ഫൗണ്ടേഷന്‍ ഫോര്‍ അനിമല്‍ അഡ്വക്കസി
 
arikomban

ന്യൂഡല്‍ഹി- അരിക്കൊമ്പന്‍ വിഷയത്തില്‍ കേരള ഹൈക്കോടതിയുടെ എല്ലാ ഉത്തരവുകളും സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തു. ഇതിനെതിരെ മൃഗസ്‌നേഹികളുടെ സംഘടനയായ വാക്കിംഗ് ഐ ഫൗണ്ടേഷന്‍ ഫോര്‍ അനിമല്‍ അഡ്വക്കസി സുപ്രീം കോടതിയില്‍ തടസഹര്‍ജിയും ഫയല്‍ ചെയ്തു.
ഹൈക്കോടതി ഇടപെടല്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്.  ഉപദ്രവകാരികളായ വന്യമൃഗങ്ങളുടെ കാര്യത്തില്‍ നടപടിയെടുക്കാന്‍ അധികാരം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപ്പീലില്‍ വാദിക്കുന്നു. 1971 ലെ വന്യജീവി സംരക്ഷണ നിയമത്തിലെ 11 (1) വകുപ്പ് പ്രകാരം ഉപദ്രവകാരികളായ വന്യമൃഗങ്ങളുടെ കാര്യത്തില്‍ നടപടിയെടുക്കാന്‍ അധികാരം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ്. നിയമപരമായ ഈ അധികാരത്തിന്റെ അടിസ്ഥാനത്തിലാണ് അരിക്കൊമ്പനെ മയക്ക് വെടിവെച്ച് പിടിച്ച് കോടനാട് ആനക്കൂട്ടിലേക്ക് മാറ്റാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടത്. ഈ തീരുമാനത്തില്‍ ഹൈക്കോടതി ഇടപെട്ടത് തെറ്റാണെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപ്പീലില്‍ ചൂണ്ടിക്കാട്ടി.
ഇടുക്കി ചിന്നക്കനാലില്‍ അരിക്കൊമ്പന്‍ നടത്തിയ അക്രമങ്ങളെ സംബന്ധിച്ചും അപ്പീലില്‍ സംസ്ഥാന സര്‍ക്കാര്‍ വിശദീകരിച്ചിട്ടുണ്ട്. ഏഴുപേരെയാണ് ഇതുവരെ അരിക്കൊമ്പന്‍ കൊലപ്പെടുത്തിയത്. 2017-ല്‍ മാത്രം 52 വീടുകളും കടകളും തകര്‍ത്തു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മൂന്ന് റേഷന്‍ കടകളും, 22 വീടുകളും, 6 കടകളും തകര്‍ത്തു. എന്നാല്‍ ഏഴുപേരെ കൊലപ്പെടുത്തിയത് പോലും കണക്കിലെടുക്കാന്‍ ഹൈക്കോടതി തയ്യാറായില്ലെന്ന് അപ്പീലില്‍ സംസ്ഥാന സര്‍ക്കാര്‍ കുറ്റപ്പെടുത്തി.
എന്നാല്‍ സര്‍ക്കാരിന്റെ അപ്പീല്‍ പരിഗണിക്കുമ്പോള്‍ തങ്ങളുടെ വാദം കൂടി കേള്‍ക്കണമെന്നാണ് മൃഗസ്‌നേഹികളുടെ സംഘടന നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അരിക്കൊമ്പനെ എവിടേക്ക് മാറ്റണമെന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമറിയിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിത്.