എസ്എസ്എല്‍സി പരീക്ഷക്ക് നാളെ തുടക്കം, ഇത്തവണ ഫോക്കസ് ഏരിയ ഇല്ല, എല്ലാം പഠിക്കണം!|

എസ്എസ്എല്‍സി പരീക്ഷകള്‍ക്ക് നാളെ തുടക്കമാവുകയാണ്. സംസ്ഥാനത്ത് 4 ലക്ഷത്തി 19,362 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതുന്നത്. ഇതില്‍ 2.13 ലക്ഷം ആണ്‍കുട്ടികളും 2.05 ലക്ഷം പെണ്‍കുട്ടികളുമാണ് ഉള്ളത്. ഇതില്‍ 190 ഓളം വിദ്യാര്‍ത്ഥികള്‍ പ്രൈവറ്റ് കാറ്റഗറിയില്‍ പരീക്ഷയെഴുതും. കഴിഞ്ഞ രണ്ട് വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ ഒരു മാറ്റമുണ്ട്. അതായത് കഴിഞ്ഞ തവണകളിലെപോലെ ഫോക്കസ് ഏരിയ ഇല്ലാതെ പൂര്‍ണ്ണമായ പാഠഭാഗങ്ങളില്‍ നിന്നും ഇത്തവണ ചോദ്യങ്ങളുണ്ടാകുമെന്നാണ് അറിയിപ്പ്.
2021 ലും 22 ലും കോവിഡ് ഭീതിക്കിടെയായിരുന്നു എസ്എസ്എല്‍സി പരീക്ഷ. പാഠഭാഗങ്ങള്‍ തീരാത്തതിനാല്‍ ഫോക്കസ് ഏരിയ വെച്ചായിരുന്നു അന്നത്തെ പരീക്ഷ. അതായത് ചോയ്‌സ് അടിസ്ഥാനത്തിലായിരുന്നു ചോദ്യങ്ങള്‍. ഇത്തവണ അത് മാറി പഴയപോലെ പാഠഭാഗങ്ങള്‍ മുഴുവനും അടിസ്ഥാനമാക്കിയാകും ചോദ്യങ്ങള്‍. 29 വരെയാണ് എസ്എസ്എല്‍സി പരീക്ഷ. എസ് എസ്എല്‍സി പരീക്ഷ എഴുതുന്നതില്‍ 57.20 ശതമാനവും ഇംഗ്‌ളീഷ് മീഡിയം വിദ്യാര്‍ത്ഥികളാണ്.ഏപ്രില്‍ 3 മുതല്‍ എസ്എശ്എല്‍സി മൂല്യനിര്‍ണ്ണയും തുടങ്ങും. മെയ് രണ്ടാം വാരം എസ്എസ്എല്‍സി ഫലം പ്രഖ്യാപിക്കും.
അതേസമയം സംസ്ഥാനത്തെ എസ്എസ്എല്‍സി, ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ക്കായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ചൂട് കൂടുന്നത് കണക്കിലെടുത്ത് വിദ്യാര്‍ഥികള്‍ക്ക് കുടിവെള്ളം ലഭ്യമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ഇപ്പോള്‍ കനത്തചൂടാണ്. പലജില്ലകളിലും ചൂട് സഹനീയമായിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ കത്തുന്ന വേനല്‍ കണക്കിലെടുത്ത് എസ്എസ്എല്‍സി പരീക്ഷകള്‍ രാവിലെ 9.30 മുതലാണ് ആരംഭിക്കുക.
മാര്‍ച്ച് 9 വ്യാഴാഴ്ച ആരംഭിക്കുന്ന പരീക്ഷ മാര്‍ച്ച് 29നു അവസാനിക്കും. രാവിലെ 9.30 മുതല്‍ ഉച്ച 11.15 വരെയാണ് പരീക്ഷാ സമയം. ഗണിത ശാസ്ത്രം, സോഷ്യല്‍ സയന്‍സ് എന്നീ വിഷയങ്ങളുടെ കാര്യത്തില്‍ സമയക്രമത്തില്‍ മാറ്റമുണ്ട്, 9.30 മുതല്‍ 12.15 വരെയാണ് ഈ വിഷയങ്ങളുടെ പരീക്ഷസമയം.സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്ന് 1.4 ലക്ഷം വിദ്യാര്‍ത്ഥികളും എയ്ഡഡ് സ്‌കൂളുകളില്‍ നിന്ന് 2.51 ലക്ഷം പേരും അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ നിന്ന് 27,092 വിദ്യാര്‍ത്ഥികളുമാണ് ഇത്തവണ പരീക്ഷാര്‍ത്ഥികളായിട്ടുള്ളത്. സംസ്ഥാനത്ത് ആകെ 2,960 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്.
ഭാഷാ പരീക്ഷകളാണ് ആദ്യം. ബാങ്കുകളിലും ട്രഷറികളിലും സൂക്ഷിച്ചിട്ടുള്ള ചോദ്യപ്പേപ്പറുകള്‍ പരീക്ഷാ ദിവസങ്ങളില്‍ മാത്രമേ സ്‌കൂളുകളിലെത്തിക്കൂ. ചോദ്യപ്പേപ്പര്‍ വിതരണത്തിനായി ഓരോ വിദ്യാഭ്യാസ ജില്ലയിലും സ്‌കൂളുകളെ ക്ലസ്റ്ററുകളാക്കി തിരിച്ചിട്ടുണ്ട്. പരീക്ഷാ സമ്മര്‍ദത്തെ ലഘൂകരിക്കാന്‍ വിദഗ്ധരുടെ സേവനം സംസ്ഥാനതലത്തിലും ജില്ലാ തലത്തിലും ലഭ്യമാണ്. സംസ്ഥാനതലത്തിലെ 'വിഹെല്‍പ്' നമ്പറിലേക്ക് രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ വിളിക്കാം.
ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ തുടങ്ങുന്നത് മറ്റന്നാളാണ്. 30ന് പരീക്ഷകള്‍ തീരും. എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകള്‍ക്കിടെ ഒന്ന് മുതല്‍ 9 വരെയുള്ള ക്ലാസുകളിലെ പരീക്ഷകള്‍ കൂടി ഇത്തവണ വരുന്നുണ്ട്. 13 മുതലാണ് ഈ പരീക്ഷകള്‍ തുടങ്ങുന്നത്. അതും ഉച്ചക്ക് 1.30 മുതല്‍. എല്ലാ പരീക്ഷകളും ഒരുമിച്ച് വരുന്നത് കാരണം ഡ്യൂട്ടി സംവിധാനത്തില്‍ അധ്യാപകര്‍ക്ക് ആശങ്കയുണ്ട്.