LogoLoginKerala

ഷാഫി പറമ്പില്‍ തോല്‍ക്കുമെന്ന പരാമര്‍ശം പിന്‍വലിച്ച് സ്പീക്കര്‍, പരിധി വിട്ട പ്രതിപക്ഷ പ്രതിഷേധങ്ങള്‍ ആവര്‍ത്തിച്ചാല്‍ നടപടി

 
speaker
സമാന്തര സമ്മേളനം സഭാ പൈതൃകത്തിന് യോജിക്കാത്തത്. ചെയറിന്റെ മുഖം മറയ്ക്കുന്ന തരത്തില്‍ ബാനര്‍ പ്രദര്‍ശിപ്പിക്കുന്ന രീതിയിലും

കടുത്ത വിയോജിപ്പ്.

ഷാഫി പറമ്പില്‍ എംഎല്‍എ അടുത്ത തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന നിയമസഭയിലെ വിവാദ പരാമര്‍ശം പിന്‍വലിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍. പരാമര്‍ശം അനുചിതമായിരുന്നുവെന്നും അത് സഭാ രേഖകളില്‍ ഉണ്ടായിരിക്കില്ലെന്നും സ്പീക്കര്‍ റൂളിംഗ് നല്‍കി. സ്പീക്കറുടെ ഓഫീസ് ഉപരോധവും സമാന്തര സമ്മേളനം ചേര്‍ന്ന് ചിത്രമെടുത്ത് പ്രചരിപ്പച്ചതും ആവര്‍ത്തിക്കാന്‍ പാടില്ലെന്നും സ്പീക്കര്‍ റൂളിംഗ് നല്‍കി. പ്രതിപക്ഷ പ്രതിഷേധം ചിത്രീകരിക്കുന്നില്ലെന്ന സഭാ ടിവിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതികള്‍ പരിശോധിക്കുമെന്നും സ്പീക്കര്‍ വ്യക്തമാക്കി.
നടപടി ചട്ടപ്രകാരം സഭസമ്മേളനത്തിലായിരിക്കുമ്പോള്‍ സമാന്തര സമ്മേളനം എന്ന പേരില്‍ ഒരു നീക്കം നടത്തുകയും അതിന്റെ ദൃശ്യങ്ങള്‍ മൊബൈലിലൂടെ പകര്‍ത്തി ചാനലുകള്‍ക്ക് ലഭ്യമാക്കുകയും ചെയ്ത നടപടികളില്‍ വളരെ സീനിയറായ അംഗങ്ങള്‍ വരെ പങ്കെടുത്തു എന്നത് ചെയറിനെ അത്ഭതപ്പെടുത്തുകയുണ്ടായി. അത്തരം പ്രവര്‍ത്തനങ്ങള്‍ നമ്മുടെ സഭാ പൈതൃകത്തെ എത്രമാത്രം ദോഷകരമായി ബാധിക്കുമെന്ന കാര്യം ബഹുമാനപ്പെട്ട അംഗങ്ങള്‍ സ്വയം ചിന്തിക്കുമെന്നാണ് ചെയര്‍ കരുതുന്നത്. ഭാവിയില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും.
പ്രതിഷേധത്തിന്റെ ഭാഗമായി പ്ലക്കാര്‍ഡുകളും ബാനറുകളും സഭയില്‍ പ്രദര്‍ശിപ്പിക്കുന്ന രീതി കൂടിക്കൂടി വരുന്നതിലും ചെയറിന്റെ മുഖം മറയ്ക്കുന്ന തരത്തില്‍ ബാനര്‍ പ്രദര്‍ശിപ്പിക്കുന്ന രീതിയിലും ചെയറിനുള്ള കടുത്ത വിയോജിപ്പുകൂടി അറിയിക്കുന്നു. ഒരംഗം സംസാരിക്കുമ്പോള്‍ നിരന്തരം തടസ്സപ്പെടുത്തുക, അപശബ്ദങ്ങള്‍ പുറപ്പെടുവിക്കുക, ചെയറിന്റെ ആവര്‍ത്തിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചുകൊണ്ട് ഇരുവിഭാഗങ്ങളും വാഗ്വാദങ്ങളില്‍ ഏര്‍പ്പെടുക എന്നിങ്ങനെയുള്ള അനഭിലഷണീയമായ പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിക്കുവാന്‍ എല്ലാ അംഗങ്ങളും തയ്യാറാകണമെന്ന് ചെയര്‍ അഭ്യര്‍ത്ഥിച്ചു.
ഈ മാസം 14,15 തീയതികളില്‍ സഭയില്‍ ഉണ്ടായ സംഭവങ്ങള്‍ ഒഴിവാക്കപ്പെടേണ്ടതായിരുന്നു. അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കര്‍ തള്ളുന്നുവെന്നതാണ് പ്രതിപക്ഷത്തിന്റ പ്രധാന പരാതി. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമല്ല സ്പീക്കര്‍ നോട്ടീസില്‍ തീരുമാനം എടുക്കുന്നത്. ഇത് ചെയറിന്റെ നിക്ഷ്പക്ഷതയെ ചോദ്യം ചെയ്യുന്നതാണ്. പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ ഹനിക്കാന്‍ സ്പീക്കര്‍ എന്ന നിലയില്‍ ശ്രമിച്ചിട്ടില്ല. മുന്‍ഗാമികളുടെ മാതൃക പിന്തുടര്‍ന്ന് ചട്ടപ്രകാരമാണ് തീരുമാനങ്ങളെടുത്തതെന്നും സ്പീക്കര്‍ വ്യക്തമാക്കി.