സോണിയ ഗാന്ധി കർണാടകയിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിച്ചേക്കും ; റായ്ബറേലിയിൽ പ്രിയങ്ക.
Updated: Jul 22, 2023, 12:59 IST

യുപിഎ അധ്യക്ഷ സോണിയ ഗാന്ധി കർണാടകയിൽനിന്ന് രാജ്യസഭയിലേക്ക് മത്സരിച്ചേക്കുമെന്ന് കർണാടക കോൺഗ്രസ് വൃത്തങ്ങൾ. ആറു മാസത്തിനുള്ളിൽ കർണാടകയിലെ നാലു രാജ്യസഭാ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ചർച്ചകൾ സജീവമായിരിക്കുന്നത്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് സോണിയയ്ക്കു മുന്നിൽ ഇത്തരമൊരു സാധ്യത മുന്നോട്ട് വച്ചതായാണ് വിവരം. സോണിയ രാജ്യസഭ തിരഞ്ഞെടുത്താൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ സോണിയയുടെ മണ്ഡലമായ റായ്ബറേലിയിൽനിന്ന് അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രിയങ്ക മത്സരിപ്പിക്കാനാണ് നീക്കം. കോൺഗ്രസ് പ്രതിനിധികളായ ജി.സി.ചന്ദ്രശേഖർ, സയ്യിദ് നസീർ ഹുസൈൻ, ഡോ. എൽ.ഹനുമന്തയ്യ എന്നിവരുടെയും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെയും രാജ്യസഭയിലെ കാലാവധി അടുത്ത വർഷം ഏപ്രിൽ രണ്ടിന് അവസാനിക്കുകയാണ്. കാലാവധി അവസാനിക്കുന്ന സയ്യിദ് നസീർ ഹുസൈന് മല്ലികാർജുൻ ഖർഗെയുടെ വിശ്വസ്തനെന്ന നിലയിൽ ഒരു തവണ കൂടി സീറ്റ് നൽകിയേക്കും. കോൺഗ്രസിന്റെ സമൂഹ മാധ്യമ അധ്യക്ഷയായ സുപ്രിയ ശ്രീനാട്ടെയ്ക്കും അവസരം ലഭിക്കും. ഇവർക്കൊപ്പമാകും സോണിയയും മത്സര രംഗത്തുണ്ടാവുക. അഞ്ച് തവണ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സോണിയ ഗാന്ധി നിലവിൽ റായ്ബറേലിയിൽ നിന്നുള്ള എംപിയാണ്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് മുൻനിർത്തിയാണ് പുതിയ നീക്കം.