LogoLoginKerala

സിദ്ധരാമയ്യ ആദ്യ ടേം മുഖ്യമന്ത്രിയാകും, രണ്ടാമൂഴം ഡി കെ ശിവകുമാറിന്

ഹൈക്കമാന്‍ഡിന്റെ ഫോര്‍മുല അംഗീകരിക്കപ്പെടുമോ
 
dk sivakumar - sidharamayya
ബെംഗളൂരു- കര്‍ണാടകത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ മുഖ്യമന്ത്രിയാകും. അഞ്ച് വര്‍ഷ ഭരണ കാലാവധിയില്‍ ആദ്യ രണ്ടര വര്‍ഷം സിദ്ധരാമയ്യയും അവസാനത്തെ രണ്ടര വര്‍ഷം ഡി കെ ശിവകുമാറും മുഖ്യമന്ത്രിയാകുന്ന ഫോര്‍മുലയാണ് ഹൈക്കമാന്‍ഡ് തയ്യാറാക്കുന്നത്. സിദ്ധരാമയ്യക്ക് കീഴില്‍ ഡി കെ ശിവകുമാറിന് സുപ്രധാന വകുപ്പ് നല്‍കാനും ധാരണയായിട്ടുണ്ട്. ഇരുവര്‍ക്കും ഇത് സ്വീകാര്യമായാല്‍ അധികാര കൈമാറ്റച്ചടങ്ങ് സുഗമമായി നടക്കും.

കോണ്‍ഗ്രസ് നിയമസഭാ കക്ഷിയില്‍ ഭൂരിപക്ഷം ലഭിക്കുന്ന ആളാണ് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുക. നിലവില്‍ നിയമസഭാ കക്ഷിയില്‍ ഭൂരിപക്ഷം ഡി കെ ശിവകുമാറിനാണെങ്കിലും സിദ്ധരാമയ്യയെ പിന്തുണക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കും. നിയമസഭാ കക്ഷി തിരഞ്ഞെടുത്താലുടന്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശമുന്നയിച്ച് ഗവര്‍ണര്‍ക്ക് കത്തു നല്‍കും.

എന്നാല്‍ ഇതത്ര എളുപ്പം നടന്നുകൊള്ളണമെന്നില്ല. പലതരത്തിലുള്ള പൊട്ടലും ചീറ്റലും കോണ്‍ഗ്രസില്‍ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. രണ്ട് ഗ്രൂപ്പുകളായി പോരടിച്ചവരാണ് ഡി കെ ശിവകുമാറും സിദ്ധരാമയ്യയും. 2023ലെ തിരഞ്ഞെടുപ്പ് തന്റെ അവസാന തെരഞ്ഞെടുപ്പാണെന്ന് സിദ്ധരാമയ്യ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സാഹചര്യത്തില്‍, ഒരിക്കല്‍ കൂടി മുഖ്യമന്ത്രിയായി വിധാന്‍ സൗദയുടെ പടികള്‍ കയറാനുള്ള അതിമോഹമാണ് സിദ്ധരാമയ്യ നടത്തുന്നതെന്നത് ഒരു വിഭാഗം പറയുന്നു. തന്റെ കഠിനാധ്വാനം കൊണ്ട് നേടിയ വിജയത്തിന്റെ  സൗഭാഗ്യം സിദ്ധരാമയ്യക്ക് കിട്ടുന്നതിലുള്ള കടുത്ത അതൃപ്തി ശിവകുമാറിനുണ്ട്.

മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജി പരമേശ്വര എന്നീ മുതിര്‍ന്ന നേതാക്കളും മുഖ്യമന്ത്രി പദത്തിനുള്ള ആഗ്രഹം മനസ്സില്‍ സൂക്ഷിക്കുന്നവരാണ്. എന്നാല്‍ ഈ ആഭ്യന്തര വൈരുദ്ധ്യങ്ങള്‍ പുറത്തേക്ക് വന്നാല്‍ അത് ബി ജെ പി മുതലെടുക്കുമെന്ന ഭയം എല്ലാവര്‍ക്കും ഉള്ളതുകൊണ്ടു തന്നെ ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം അംഗീകരിക്കാന്‍ തയ്യാറാകുമെന്നാണ് എ ഐ സി സി വൃത്തങ്ങളുടെ പ്രതീക്ഷ.