LogoLoginKerala

കര്‍ണാടകയില്‍ ആഘോഷം, സത്യപ്രതിജ്ഞക്ക് ഒരുക്കം, പ്രതിഷേധവുമായി ഡി കെ പക്ഷം

 
Sidharamayya
ന്യൂഡല്‍ഹി - ഹൈക്കമാന്‍ഡ് തീരുമാനം പുറത്തുവന്നതോടെ കര്‍ണാടകയില്‍ നിയുക്ത മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അനുയായികള്‍ ആഘോഷം തുടങ്ങി. സത്യപ്രതിജ്ഞ നടക്കേണ്ട കണ്ഠീരവ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ തുടങ്ങി. ഡി കെ ശിവകുമാറിന്റെ വസതിയില്‍ നിരാശയും പ്രതിഷേധവും ഉയര്‍ന്നു. ഡി കെ ശിവകുമാറിനെ അനുകൂലിക്കുന്നവര്‍ സോണിയാ ഗാന്ധിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധിച്ചു. കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ നട്ടെല്ല് ഡി കെ ശിവകുമാറാണെന്നും അദ്ദേഹത്തിന് മുഖ്യമന്ത്രി പദം നല്‍കേണ്ടത് സാമാന്യ നീതിയാണെന്നും പ്രവര്‍ത്തകര്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. ഡി കെ ശിവകുമാര്‍ എ ഐ സി സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തുകയാണ്. ശിവകുമാറിന്റെ പ്രതികരണം അറിഞ്ഞാല്‍ മാത്രമേ ഹൈക്കമാന്‍ഡിന്റെ തീരുമാനം സുഗമമായി നടപ്പാക്കാന്‍ കഴിയുമോ എന്ന് വ്യക്തമാകൂ.
ഡി.കെ ശിവകുമാര്‍ ഹൈക്കമാന്‍ഡിന് മുന്നില്‍ വെച്ച ഏഴ് കാര്യങ്ങള്‍ ഇവയാണ്- പാര്‍ട്ടി പറയുന്നത് ഞാന്‍ കേള്‍ക്കും, അനുസരിക്കും. പക്ഷേ, മുഖ്യമന്ത്രിസ്ഥാനം ആദ്യ ടേമില്‍ എനിക്ക് നല്‍കാനാവില്ലെങ്കില്‍ ഞാന്‍ മന്ത്രിസഭയിലേക്കില്ല. എം.എല്‍.എയായി തുടരാം. സിദ്ധരാമയ്യക്ക് അഞ്ചുവര്‍ഷം തുടര്‍ച്ചയായി ഭരിക്കാന്‍ ഇതിന് മുമ്പ് അവസരം നല്‍കിയതാണ്. മുഖ്യമന്ത്രി ആയപ്പോഴും പ്രതിപക്ഷ നേതാവായപ്പോഴും സിദ്ധരാമയ്യ പാര്‍ട്ടി താല്‍പര്യങ്ങളേക്കാള്‍ വ്യക്തി താല്‍പര്യങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കിയത്. 2019-ല്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി കൂറു മാറിയവര്‍ സിദ്ധരാമയ്യയുടെ അടുപ്പക്കാരാണ്. ഞാന്‍ ഒരിക്കലും പാര്‍ട്ടിക്ക് പ്രതിസന്ധി ഉണ്ടാക്കില്ല. വിയോജിപ്പോടെ പൂര്‍ണമായും പാര്‍ട്ടി തീരുമാനം അനുസരിക്കും. 76 വയസ് കഴിഞ്ഞ സിദ്ധരാമയ്യ പുതിയ ആളുകളുടെ വഴിമുടക്കുന്നത് ശരിയല്ല. അദ്ദേഹത്തെ പാര്‍ട്ടി രണ്ടാം ടേമില്‍ പരിഗണിച്ചോളൂ. സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ 2018-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞില്ല. പാര്‍ട്ടി എന്നിലേല്‍പ്പിച്ച മുഴുവന്‍ ഉത്തരവാദിത്തങ്ങളും ഭംഗിയായി നിറവേറ്റിയിട്ടുണ്ട്. തുടര്‍ന്നും അതുണ്ടാവും. പക്ഷേ, എന്നെ പരിഗണിക്കണം.
എന്നാല്‍, ഈ നിര്‍ദേശങ്ങളൊക്കെ പറയുമ്പോഴും സോണിയ നല്‍കുന്ന ഉറപ്പില്‍ ഡി.കെ വഴങ്ങുമെന്നാണ് എ.ഐ.സി.സി കേന്ദ്രങ്ങളുടെ പ്രതീക്ഷ. ഡി.കെയുടെ സേവനം കര്‍ണാടകത്തില്‍ മാത്രം പോര, വരാനിരിക്കുന്ന പല നിര്‍ണായ ഘട്ടങ്ങളിലും ദേശീയ രാഷ്ട്രീയത്തിലും ആവശ്യമാണെന്നിരിക്കെ, ലോകസഭാ തെരഞ്ഞെടുപ്പിനു ശേഷം കര്‍ണാടകയുടെ സുപ്രധാന റോളുകളിലേക്ക് നിയോഗിക്കാം എന്ന ഉറപ്പുനല്‍കാനാണ് നേതൃത്വം ശ്രമിക്കുന്നത്.