LogoLoginKerala

സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രിയാകും, സത്യപ്രതിജ്ഞ നാളെ

ഒന്നിലധികംഉപമുഖ്യമന്ത്രിമാരുണ്ടാകും
 
Sidharamayya
ന്യൂഡല്‍ഹി: അവകാശത്തര്‍ക്കങ്ങള്‍ക്കൊടുവില്‍ സിദ്ധരാമയ്യ കര്‍ണാടകയുടെ മുഖ്യമന്ത്രിപദത്തിലേക്ക്. ഇതു സംബന്ധിച്ചുള്ള പ്രഖ്യാപനം ഹൈക്കമാന്‍ഡ് വൈകിട്ടോടെ നടത്തും. നാളെ സത്യപ്രതിജ്ഞ നടക്കും. അതേ സമയം കര്‍ണാടകയിലെ കോണ്‍ഗ്രസ് വിജയത്തിന്റെ ചുക്കാന്‍ പിടിച്ച ഡി.കെ. ശിവകുമാര്‍ മന്ത്രിസഭയിലേക്കില്ലെന്ന നിലപാടിലാണ്. അദ്ദേഹം പി സി സി അധ്യക്ഷനും എം എല്‍ എയുമായി തുടരും. മുഖ്യമന്ത്രി പദം രണ്ടര വര്‍ഷം വീതം പങ്കിടാമെന്ന നിര്‍ദേശവും ഉപമുഖ്യമന്ത്രി സ്ഥാനമെന്ന വാഗ്ദാനവും ഡി.കെ. തള്ളിയെന്നാണ് റിപ്പോര്‍ട്ട്. ലിംഗായത്ത് സമുദായത്തില്‍ നിന്ന് എം.ബി പാട്ടീലും ദളിത് വിഭാഗത്തിന്റെ പരിഗണന എന്ന നിലയില്‍ ജി. പരമേശ്വര, കെ.എച്ച് മുനിയപ്പ എന്നിങ്ങനെ രണ്ട് ഉപമുഖ്യമന്ത്രിമാരും ഉണ്ടാകുമെന്നാണ് സൂചന. 
മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ മുഖ്യമന്ത്രി പദം പങ്കിടാമെന്ന ധാരണയുണ്ടായെന്നാണ് റിപ്പോര്‍ട്ട്. ആദ്യ ടേമില്‍ രണ്ട് വര്‍ഷം സിദ്ധരാമയ്യയും തുടര്‍ന്നുള്ള മൂന്നു വര്‍ഷം ഡി.കെ ശിവകുമാറും മുഖ്യമന്ത്രിയാകുക എന്നതാണ് ഫോര്‍മുല. ബുധനാഴ്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി സിദ്ധരാമയ്യ ചര്‍ച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രശ്‌നത്തില്‍ അന്തിമ തീരുമാനമായത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുര്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ നിരന്തരമായി നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷമാണ് സിദ്ധരാമയ്യ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയത്. കര്‍ണാടകയില്‍ സിദ്ധരാമയ്യയുടെ വീടിനു മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഘോഷങ്ങള്‍ തുടങ്ങി. ഡി.കെ. ശിവകുമാറിനെ അനുനയിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
75-കാരനായ സിദ്ധരാമയ്യക്ക് ഇത് മുഖ്യമന്ത്രി പദത്തില്‍ രണ്ടാമൂഴമാണ്. 2013 മുതല്‍ 2018 വരെയാണ് അദ്ദേഹം ആദ്യ തവണ മുഖ്യമന്ത്രിയായിരുന്നത്. ഇത്തവണ വരുണയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സിദ്ധരാമയ്യ 46,163 വോട്ടുകള്‍ക്കാണ് വിജയിച്ചത്. തന്റെ അവസാന തിരഞ്ഞെടുപ്പാണെന്ന് പ്രഖ്യാപിച്ചാണ് അദ്ദേഹം ഇത്തവണ മത്സരരംഗത്തിറങ്ങിയത്. ജയിച്ചുവന്ന എംഎല്‍എമാരില്‍ ഭൂരിപക്ഷത്തിന്റെ പിന്തുണ ലഭിച്ചതും സംസ്ഥാനത്തെ ഏറ്റവും ജനകീയന്‍ എന്ന ഇമേജും സിദ്ധയ്ക്ക് തുണയായി.