കസേരയുറപ്പിച്ച് സിദ്ധരാമയ്യ, ഡൽഹിക്കില്ലെന്ന് ശിവകുമാർ
May 15, 2023, 12:51 IST
ബെംഗളൂരു - നിയമസഭാ കക്ഷിയിൽ ഭൂരിപക്ഷം എം എൽ എ മാരുടെയും ഹൈക്കമാൻഡിന്റെയും പിന്തുണ സിദ്ധരാമയ്യക്കാണെന്ന് വ്യക്തമായതോടെ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള മത്സരത്തിൽ നിന്ന് ഡി കെ ശിവകുമാർ പിൻ വാങ്ങുന്നു. ഹൈക്കമാൻഡ് ശിവകുമാറിനെയും സിദ്ധരാമയ്യയെയും ഡൽഹിക്ക് വിളിപ്പിച്ചെങ്കിലും ശിവകുമാർ അസൗകര്യം അറിയിച്ചിരിക്കയാണ്. ഹൈക്കമാൻഡിന്റെ ഏത് തീരുമാനവും അംഗീകരിക്കാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്നു തന്റെ ജന്മദിനമാണെന്നും പ്രവര്‍ത്തകര്‍ എത്തുന്നതിനാല്‍ തിരക്കുണ്ടെന്നും അതിനാൽ ഡൽഹിയിൽ പോകുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നുമാണ് ശിവകുമാർ പറഞ്ഞത്.
സോണിയ ഗാന്ധിയുടെയും മറ്റു പാർട്ടി നേതാക്കളുടെയും തീരുമാനത്തിൽ വിശ്വാസമുണ്ട്. ഹൈക്കമാൻഡ് എന്തു തീരുമാനമെടുത്താലും അനുസരിക്കും. ജനങ്ങൾ കോൺഗ്രസിനു ഭൂരിപക്ഷം നൽകിയിട്ടുണ്ട്. എന്റെ ജോലി ഭംഗിയായി ചെയ്തുവെന്നും ജന്മദിനത്തിൽ ക്ഷേത്രദർശനത്തിനുശേഷം അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
ഡൽഹിയിൽ നിന്ന് പരാജിതനായി മടങ്ങേണ്ടി വരുമെന്ന് ഉറപ്പായതോടെയാണ് ശിവകുമാർ നിലപാട് മാറ്റിയതെന്നാണ് സൂചന. എന്നാൽ ഡൽഹിയിലെത്താൻ അദ്ദേഹത്തിന് മേൽ ഹൈക്കമാൻഡ് സമ്മർദം തുടരുകയാണ്.