LogoLoginKerala

ശോഭാ സുരേന്ദ്രന്‍ ബി ജെ പി വിടാനൊരുങ്ങുന്നു, കേരളത്തിലെ ഓപ്പറേഷന്‍ താമരക്ക് തിരിച്ചടി

 
shobha surendran

കോഴിക്കോട്- ബി ജെ പിയുടെ ഓപ്പറേഷന്‍ താമരക്ക് കനത്ത തിരിച്ചടിയായി തീപ്പൊരി നേതാവ് ശോഭാ സുരേന്ദ്രന്‍ പാര്‍ട്ടി വിടാനൊരുങ്ങുന്നതായി സൂചന. കെ സുരേന്ദ്രനും വി മുരളീധരനുമായുള്ള രൂക്ഷമായ അഭിപ്രായ ഭിന്നതയാണ് ശോഭാ സുരേന്ദ്രനെ കടുത്ത തീരുമാനമെടുക്കാന്‍ നിര്‍ബന്ധിതയാക്കുന്നത്. പാര്‍ട്ടി വേദിയില്‍ പരസ്യമായി ആക്ഷേപിച്ച കെ സുരേന്ദ്രന്റെ നടപടിയാണ് ഇപ്പോള്‍ ശോഭാ സുരേന്ദ്രനെ പ്രകോപിപ്പിച്ചിരിക്കുന്നത്. ഏറെ കാലം നേതൃത്വവുമായി നിസ്സഹകരിച്ചു നിന്ന ശോഭാ സുരേന്ദ്രന്‍, ഇടവേളക്ക് ശേഷം സുരേന്ദ്രനുമായി വേദി പങ്കിട്ട ആദ്യപരിപാടിയില്‍ തന്നെയാണ് സുരേന്ദ്രന്‍ അവരെ അപമാനിക്കുന്ന പ്രസംഗം നടത്തിയത്. പണ്ട് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന ഒന്നോ രണ്ടോ വനിതകള്‍ ഉണ്ടായിരുന്ന പാര്‍ട്ടിയില്‍ ഇപ്പോള്‍ തെരുവിലിറങ്ങാനും സമരം ചെയ്യാനും നിരവധി വനിതകളുണ്ടെന്ന് തൃശൂരില്‍ ശോഭാസുരേന്ദ്രനെ വേദിയിലിരുത്തി സുരേന്ദ്രന്‍ പറഞ്ഞു.
ഇതോടെ ബി ജെ പി നേതൃത്വത്തില്‍ തനിക്ക് പരിഗണന ലഭിക്കില്ലെന്ന് ഉറപ്പിച്ചിരിക്കുകയാണ് ശോഭാ സുരേന്ദ്രന്‍. ബിജെപിയുടെ സംസ്ഥാന തലത്തിലുള്ള വിവിധ പരിപാടികളില്‍ നിന്ന് കഴിഞ്ഞ മൂന്നു വര്‍ഷമായി ശോഭയെ തഴയുകയായിരുന്നു. ഇക്കാര്യം അവര്‍ ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു. സംസ്ഥാന നേതൃത്വത്തിന് ശോഭയോട് താല്‍പര്യമില്ലെങ്കിലും കേന്ദ്ര നേതൃത്വം ശോഭയുടെ പങ്കാളിത്തം ആഗ്രഹിക്കുന്നുണ്ട്  അതിന് സംസ്ഥാന നേതൃത്വം വിലങ്ങു തടിയാവുന്നതാണ് ശോഭ അനുകൂലികളെ അലട്ടുന്നത്.  മുന്‍ എം.എല്‍.എയും മുതിര്‍ന്ന നേതാവുമായ ഒ. രാജഗോപാല്‍, മിസോറാം ഗവര്‍ണര്‍ ആയിരുന്ന കുമ്മനം രാജശേഖരന്‍ തുടങ്ങിയവര്‍ നിരന്തരമായി പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചിരുന്നെങ്കിലും ലക്ഷ്യം കണ്ടിരുന്നില്ല. ഈ സാഹചര്യത്തിലാണ് പാര്‍ട്ടി വിടുന്നതിനെക്കുറിച്ച് അവര്‍ ഗൗരവമായി ആലോചിക്കുന്നത്. 
നേരത്തെ ശോഭാ സുരേന്ദ്രന്‍ സി പി എമ്മിലേക്ക് പോകുമെന്ന പ്രചാരണം സജീവമായിരുന്നുവെങ്കിലും അവര്‍ അത് നിഷേധിക്കുകയായിരുന്നു. ഇപ്പോള്‍ എല്ലാ വഴികളും അടഞ്ഞ സാഹചര്യത്തില്‍ അവര്‍ സി പി എമ്മുമായി അടുക്കാന്‍ ഒരുങ്ങുന്നുവെന്നാണ് സൂചന. പിണറായി വിജയന്റെ വിശ്വസ്തരുമായി അവര്‍ ചര്‍ച്ച നടത്തിയതായും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.