പാര്‍ട്ടി വേദികളിലെ തന്റെ അസാന്നിധ്യത്തിന് മറുപടി പറയേണ്ടത് കെ സുരേന്ദ്രനെന്ന് ശോഭാ സുരേന്ദ്രന്‍

കൊച്ചി-പാര്‍ട്ടി വേദികളില്‍ തന്റെ അസാന്നിധ്യം കുറയുന്നുണ്ടെങ്കില്‍ അതിന് മറുപടി പറയേണ്ടത് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണെന്ന് സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രന്‍. ശോഭാസുരേന്ദ്രന്‍ എന്ത് പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കണ്ടയാള്‍ സംസ്ഥാന അധ്യക്ഷനാണ്. സംസ്ഥാന അധ്യക്ഷന്‍ നിശ്ചയിക്കുന്ന എല്ലാ പരിപാടികളിലും താന്‍ കൃത്യമായി പങ്കെടുക്കുന്നുണ്ട്. സംസ്ഥാന ഘടകം ഏല്‍പിക്കുന്ന ചുമതല ഏറ്റെടുത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. തന്റെ അസാന്നിധ്യം കേരളത്തിലെ പൊതുസമൂഹത്തിന് ഫീല്‍ ചെയ്തിട്ടുണ്ടെങ്കില്‍ അതിന് സംസ്ഥാന അധ്യക്ഷന്‍ മറുപടി നല്‍കും. തന്നോടല്ല ഇതേക്കുറിച്ച് ചോദിക്കേണ്ടത്- ശോഭാ സുരേന്ദ്രന്‍ പ്രതികരിച്ചു.
ഇടതു മുന്നണിയില്‍ ചേരാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ നേരിട്ട് തള്ളിക്കളയാന്‍ അവര്‍ തയ്യാറായില്ല. രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്ന തന്നെപോലൊരു വ്യക്തിയെക്കുറിച്ച പലതരത്തിലുള്ള അഭിപ്രായങ്ങള്‍ ഉന്നയിക്കാനും സ്വയം മറുപടി കണ്ടെത്താനും സാധിക്കുന്ന കാലത്തിലൂടെയാണ് നമ്മള്‍ കടന്നു പോകുന്നത്. താന്‍ എവിടെയും പോയിട്ടില്ലാത്തതിനാല്‍ ഇടതു മുന്നണിയില്‍ ചേരുമോ എന്ന ചോദ്യത്തിന് തന്നെ പ്രസക്തിയില്ല. പൊതുസമൂഹത്തോട് തനിക്ക് കാര്യങ്ങള്‍ പറയണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ ഒരു മടിയും മറയുമില്ലാതെ ഇവിടത്തെ മാധ്യമസുഹൃത്തുക്കളെ വിളിച്ച് കാര്യം കൃത്യമായി പങ്കുവെക്കാനുള്ള തന്റേടം തനിക്കുണ്ട്. 13 വയസു മുതല്‍ എബിവിപിയിലും ബാലഗോകുലത്തിലും പിന്നീട് മഹിളാമോര്‍ച്ചയിലും മുഴുവന്‍ സമയ പ്രവര്‍ത്തകയായി വിവിധ ചുമതലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. സംഘടനയുടെ നിര്‍ണായകമായ ചുമതലകളില്‍ വീണ്ടും പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹിക്കുന്ന ആളാണ്. അതിന് സാധ്യതയുണ്ട് എന്നാണ് തനിക്ക് തോന്നുന്നത്. അതുകൊണ്ട് ഇത്തരം വാര്‍ത്തകള്‍ക്ക് പിറകില്‍ കേരളത്തിലെ മാധ്യമങ്ങള്‍ പോകും എന്ന് വിശ്വസിക്കുന്നില്ല. നരേന്ദ്ര മോഡി വിഭാവനം ചെയ്യുന്ന കാര്യങ്ങള്‍ നടപ്പാക്കുന്നതിന് സംസ്ഥാന ഉപാധ്യക്ഷ എന്ന രീതിയില്‍ ഈപൊതുമണ്ഡലത്തിലുണ്ടാകുമെന്നും അവര്‍ വ്യക്തമാക്കി.