ഷാരൂഖ് സെയ്ഫി 11 ദിവസം പോലീസ് കസ്റ്റഡിയില്‍, രാപ്പകലില്ലാതെ വിവിധ ഏജന്‍സികള്‍ ചോദ്യം ചെയ്യും

കോഴിക്കോട്- എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ പതിനൊന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യന്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രതിയെ ഹാജരാക്കിയത്. 14 ദിവസത്തെ കസ്റ്റഡിയിലാണ് പോലീസ് ആവശ്യപ്പെട്ടതെങ്കിലും 11 ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചത്. മാലൂര്‍കുന്ന് എ ആര്‍ ക്യാമ്പില്‍ എത്തിച്ച്് ചോദ്യം ചെയ്യല്‍ ആരംഭിച്ചു. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ രാജ്പാല്‍ മീണയുടെ നേൃത്വത്തിലാണ് ഇന്നലെ ചോദ്യം ചെയ്യല്‍ നടന്നത്. പ്രതി കുറ്റം സമ്മതിച്ചെന്നും ചോദ്യം ചെയ്യല്‍ തുടരുകയാണെന്നും എഡിജിപി അജിത്കുമാര്‍ പറഞ്ഞു. അന്വേഷണം പ്രാഥമിക ഘട്ടത്തില്‍ മാത്രമാണെന്നും അദ്ദേഹം വിശദീകരിച്ചു.
കൂട്ടുപ്രതികളെക്കുറിച്ച വെളിപ്പെടുത്തലിന് വിസമ്മതിക്കുന്ന പ്രതിയെ രാത്രിയും പകലും വിവിധ സംഘങ്ങള്‍ മാറിമാറി ചോദ്യം ചെയ്യുകയാണ്. എന്‍ ഐ എ സംഘവും ഇയാളെ ചോദ്യം ചെയ്യാനായി എത്തിയിട്ടുണ്ട്. കൂടാതെ മഹാരാഷ്ട്ര എ ടി എസ്, ഡല്‍ഹി എ ടി എസ്, കേന്ദ്ര ഐ ബി, റോ തുടങ്ങിയ ഏജന്‍സികള്‍ ഇയാളെ ഊഴം വെച്ച് ചോദ്യം ചെയ്യതാനെത്തുന്നുണ്ട്. ശാസ്ത്രീയമായ ചോദ്യം ചെയ്യലിലൂടെ ഇയാളെക്കൊണ്ട് സത്യം പറയിക്കാന്‍ കഴിയുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. അധികം വൈകാതെ തീവെപ്പ് നടത്തിയ സ്ഥലത്ത് കൊണ്ടു പോയി തെളിവെടുപ്പ് നടത്തും. എലത്തൂരില്‍ ആരംഭിച്ച് രത്‌നഗിരി വരെ നീളുന്ന ദീര്‍ഘമായ തെളിവെടുപ്പായിരിക്കും നടക്കുക.
ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത പ്രതിയെ കനത്ത സുരക്ഷയിലാണ് പൊലീസ് കോടതിയിലെത്തിച്ചത്. കോടതി പരിസരത്തും വന്‍ സുരക്ഷയാണ് പൊലീസൊരുക്കിയത്. ഇന്നലെ കരള്‍ സംബന്ധമായ അസുഖം കണ്ടതിനെത്തുടര്‍ന്നാണ് പരിശോധനക്കെത്തിച്ച ഷാറുഖിനെ മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തത്. ബിലിറൂബിന്‍ അടക്കമുള്ള പരിശോധനകളില്‍ അസ്വാഭാവികമായ കൗണ്ട് ഉണ്ടായിരുന്നുവെങ്കിലും ഇന്ന് സ്ഥിതി മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു. കൈയില്‍ നേരിയ പൊള്ളലേറ്റ പാടുകളുണ്ട്. ശരീരമാസകലം ഉരഞ്ഞ പാടുകളുണ്ട്. ഉത് ട്രെയിനില്‍ നിന്നുള്ള വീഴ്ചയില്‍ പറ്റിയതാണെന്നാണ് വിലയിരുത്തല്‍. മുറിവുകള്‍ക്ക് നാല് ദിവസത്തെ പഴക്കമുണ്ട്. കണ്‍പോളകളിലെ മുറിവ് ഗൗരവമുള്ളതല്ല. സിടി സ്‌കാന്‍ എക്‌സ്‌റെ പരിശോധനകളിലും കുഴപ്പമില്ല. ഉമിനിരും തൊലിയും മറ്റും രാസപരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.