LogoLoginKerala

ട്രെയിനിലെ തീവയ്പ് മറ്റൊരാളുടെ ഉപദേശ പ്രകാരം, തീവെച്ചത് ലൈറ്റര്‍ ഉപയോഗിച്ച്: സെയ്ഫിയുടെ മൊഴി

 
sharookh saifi

കോഴിക്കോട്- മറ്റൊരാളുടെ ഉപദേശ പ്രകാരമാണ് താന്‍ ട്രെയിനില്‍ തീയിട്ടതെന്നും ആക്രമണം നടത്തിയാല്‍ നല്ലത് സംഭവിക്കുമെന്ന് ഇയാള്‍ ഉപദേശിച്ചതായും ഷാറൂഖ് സെയ്ഫി അന്വേഷണ സംഘത്തിന് മൊഴി നല്‍കി. ദല്‍ഹിയില്‍ നിന്നുള്ള ട്രെയിന്‍ യാത്രക്കിടെ പരിചയപ്പെട്ട ഒരു സുഹൃത്തിനെക്കുറിച്ചും ഷാറൂഖ് സെയ്ഫി മൊഴി നല്‍കിയിട്ടുണ്ട്. ഇയാള്‍ മുംബൈയില്‍ ഇറങ്ങിയതായും മൊഴിയില്‍ പറയുന്നു. ദല്‍ഹിയില്‍ നിന്ന് കോഴിക്കോട്ടേക്ക് ജനറല്‍ ടിക്കറ്റാണ് കൈവശമുണ്ടായിരുന്നത്. കേരളത്തില്‍ എത്തിയ ശേഷം ഏത് സ്റ്റേഷനിലാണ് ഇറങ്ങിയതെന്ന് അറിയില്ല. ട്രെയിന്‍ ഇറങ്ങിയ ഉടനെ പെട്രോള്‍ പമ്പില്‍ പോയി മൂന്ന് കുപ്പി പെട്രോള്‍ വാങ്ങിയ ശേഷം തൊട്ടടുത്ത ട്രെയിനില്‍ കയറി അക്രമണം നടത്തുകയായിരുന്നു. പെട്രോള്‍ ഒഴിച്ച ശേഷം കയ്യില്‍ കരുതിയ ലൈറ്റര്‍ കൊണ്ട് കത്തിച്ചുവെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്. ട്രെയിനില്‍ തീയിട്ട ശേഷം പിടിക്കപ്പെടാതിരിക്കാന്‍ രണ്ട് കോച്ചിനപ്പുറത്തേക്ക് മാറിയിരിക്കുകയായിരുന്നു. കണ്ണൂരില്‍ എത്തിയ ശേഷം അജ്മീറിലേക്ക് പോകാന്‍ ലക്ഷ്യമിട്ട് മറ്റൊരു ട്രെയിനില്‍ കയറിയെന്നും ഖേദ് എന്ന സ്ഥലത്തെത്തിയപ്പോള്‍ ട്രെയിനില്‍ നിന്ന് വീണ് പരിക്കേറ്റെന്നും നാട്ടുകാര്‍ ആശുപത്രിയിലെത്തിക്കുകയാണുണ്ടായതെന്നും ഷാറൂഖ് സെയ്ഫി അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ട്.