LogoLoginKerala

ഷാറൂഖ് സെയ്ഫുമായി പോലീസ് കേരളത്തിലേക്ക്

 
sharookh saifi

കോഴിക്കോട്- ട്രെയിന്‍ തീവയ്പ് കേസില്‍ മഹാരാഷ്ട്ര രത്‌നഗിരിയില്‍ പിടിയിലായ ഷാറൂഖ് സെയ്ഫിയെ കേരളാ പോലീസിന് കൈമാറി. രത്‌നഗിരിയിലെത്തിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയത്. സംഘം പ്രതിയുമായി കേരളത്തിലേക്ക് തിരിച്ചു. എന്നാല്‍ റോഡ് മാര്‍ഗമാണോ ട്രെയിന്‍ മാര്‍ഗമാണോ വിമാനമാര്‍ഗമാണോ പ്രതിയെ കൊണ്ടുവരുന്നതെന്ന് വെളിപ്പെടുത്താന്‍ പോലീസ് തയ്യാറായിട്ടില്ല. എപ്പോള്‍ എത്തുമെന്ന ചോദ്യത്തിനും വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. 
പ്രതിയെ ദിവസങ്ങള്‍ക്കുള്ളില്‍ പിടികൂടിയ അന്വേഷണ സംഘത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു. അത്യന്തം ഞെട്ടിക്കുന്ന സംഭവം നടന്ന ഉടന്‍ തന്നെ കുറ്റക്കാരെ കണ്ടെത്താന്‍ പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം രൂപീകരിക്കുകയും ശാസ്ത്രീയ പരിശോധനയടക്കം നടത്തി തെളിവ് ശേഖരിക്കുകയും ചെയ്തു. അതിന്റെ ഭാഗമായി പ്രതിയെ മഹാരാഷ്ട്രയിലെ രത്‌നഗിരിക്ക് സമീപം പിടികൂടാന്‍ കഴിഞ്ഞു. കേസുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അന്വേഷണം തുടരുന്നതിനിടയിലാണ് പ്രതി പൊലീസ് കസ്റ്റഡിയിലായത്. സംഭവ സ്ഥലത്ത് നിന്ന് കടന്നു കളഞ്ഞ അക്രമിയെ മൂന്നു ദിവസത്തിനുള്ളില്‍ തന്നെ പിടികൂടാന്‍ കഴിഞ്ഞത് കേരള പൊലീസിന്റെ അന്വേഷണ മികവിന്റെയും മറ്റു സംസ്ഥാനങ്ങളിലെയും രാജ്യത്തെയും വിവിധ ഏജന്‍സികളുടെ സഹകരണത്തിന്റെയും ഫലമായിട്ടാണ്. അന്വേഷണത്തില്‍ പങ്കാളികളായ എല്ലാ പൊലീസ് ഉദ്യോഗസ്ഥരെയും മഹാരാഷ്ട്ര എ.ടി.എസ്, കേന്ദ്ര ഇന്റലിജന്‍സ്, റെയില്‍വെ അടക്കം സഹകരിച്ച മറ്റ് ഏജന്‍സികളെയും അഭിനന്ദിക്കുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. 
കേരളാ പൊലീസിന്റെ പഴുതടച്ച അന്വേഷണത്തിനൊടുവിലാണ് എലത്തൂര്‍ ട്രെയിന്‍ ആക്രമണക്കേസിലെ പ്രതിയായ ഷഹറൂഖ് സെയ്ഫിയെ പിടികൂടിയത്.