LogoLoginKerala

ശരത് പവാര്‍ രാജി പിന്‍വലിച്ചു

 
sharad pawar

മുംബൈ- എന്‍.സി.പി. ദേശീയ അധ്യക്ഷസ്ഥാനം രാജിവെക്കാനുള്ള തീരുമാനം പിന്‍വലിച്ച് ശരദ് പവാര്‍. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് തുടരുമെന്ന് അദ്ദേഹം അറിയിച്ചു. രാജി തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ പ്രവര്‍ത്തകരും ജനങ്ങളും അസ്വസ്ഥരായെന്നും തന്നെ പിന്തുണയ്ക്കുന്നവരും മഹാരാഷ്ട്രയില്‍നിന്നും രാജ്യത്തിന്റെ മറ്റിടങ്ങളില്‍നിന്നുമുള്ള രാഷ്ട്രീയക്കാരും തീരുമാനം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടെന്നും ഈ അഭ്യര്‍ഥനകള്‍ പരിഗണിച്ച് എന്‍.സി.പി. ദേശീയ അധ്യക്ഷസ്ഥാനം ഒഴിയാനുള്ള തീരുമാനം പിന്‍വലിക്കുകയാണെന്നും ശരദ് പവാര്‍ പറഞ്ഞു.

മേയ് രണ്ടിനാണ് പവാര്‍ അപ്രതീക്ഷിതമായി രാജി പ്രഖ്യാപനം നടത്തിയത്. 1999-ല്‍ പാര്‍ട്ടി സ്ഥാപിച്ചതു മുതല്‍ പവാര്‍ ആയിരുന്നു അധ്യക്ഷസ്ഥാനത്ത്. എന്‍.സി.പിയുടെ പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ രൂപവത്കരിച്ച പാര്‍ട്ടി കമ്മിറ്റി വെള്ളിയാഴ്ച പവാറിന്റെ രാജി നിരാകരിച്ചിരുന്നു. മഹാരാഷ്ട്രയിലെ എന്‍.സി.പി. പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കമ്മിറ്റിയുടെ ഏകകണ്ഠമായ ഈ നടപടി. ഇതിന് പിന്നാലെയാണ് രാജി തീരുമാനം പിന്‍വലിക്കുന്നതായി പവാര്‍ അറിയിച്ചത്.