സ്വപ്‌നയുടെ തട്ടിപ്പ് കാലം തെളിയിക്കുന്നു: ഷാജ്കിരണ്‍

സ്വപ്നക്കെതിരെ ഷാജ്കിരണ്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം എങ്ങുമെത്താത്തതില്‍ ദുരൂഹത
കൊച്ചി-തനിക്കെതിരെ സ്വപ്‌ന ഉന്നയിച്ച ആരോപണങ്ങളുടെ പൊള്ളത്തരം കാലം തെളിയിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടനിലക്കാരനെന്ന് സ്വപ്‌ന സുരേഷ് ആദ്യം ആരോപിച്ച മുന്‍ മാധ്യമ പ്രവര്‍ത്തകന്‍ ഷാജ്കിരണ്‍. സ്വപ്‌നാ സുരേഷിനെ സഹായിക്കാനായി സമീപിക്കുന്നവര്‍ക്ക് ഇനിയും ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടാകുമെന്ന് താന്‍ നേരിട്ട കൈപ്പേറിയ അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഷാജ്കിരണ്‍ പറയുന്നു.
സ്വപ്‌നാ സുരേഷിന്റെ മാനസികാവസ്ഥ തനിക്ക് ഇപ്പോഴും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. മാധ്യമ ശ്രദ്ധയില്‍ നില്‍ക്കുന്നതിനു വേണ്ടിയുള്ള തന്ത്രമാണോ രാഷ്ട്രീയ ഉപദേശകരുടെ കൈയിലെ കളിപ്പാവയാകുന്നതാണോ എന്ന് വ്യക്തമല്ല. സ്വപ്‌നയുമായി വളരെ അടുത്ത ആത്മബന്ധം പുലര്‍ത്തിയിരുന്ന തന്നെ അവര്‍ ഒരു സുപ്രഭാതത്തില്‍ പിണറായിയുടെ ഇടനിലക്കാരനും പവര്‍ബ്രോക്കറുമാക്കി. ആ സംഭവത്തില്‍ സ്വപ്‌നക്കെതിരെ പോലീസില്‍ പരാതി നല്‍കിയെങ്കിലും അതിന് പിന്നാലെ പോയില്ല. റിയല്‍ എസ്‌റ്റേറ്റ് ബിസിനസാണ് ചെയ്യുന്നത്. വിവാദത്തില്‍ പെട്ടത് ബിസിനസിനെ ബാധിച്ചു. ഇനിയും വിവാദത്തില്‍ ചെന്നു ചാടാനില്ലെന്നും തന്റെ ബിസിനസുമായി മുന്നോട്ടു പോകാനാണ് താല്‍പര്യമെന്നും ഷാജ്കിരണ്‍ പ്രതികരിച്ചു.
സ്വപ്‌നയുടെ ആരോപണത്തേക്കാള്‍ വേദനിപ്പിക്കുന്നത് ചില മാധ്യമ പ്രവര്‍ത്തകരുടെ സമീപനമാണ്. താന്‍ ജോലി ചെയ്തിരുന്ന ദൃശ്യമാധ്യമ സ്ഥാപനത്തിലെ താനുമായി വ്യക്തിബന്ധമുണ്ടായിരുന്ന പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ സ്വപ്‌നയുടെ പുതിയ വെളിപ്പെടുത്തല്‍ വന്ന ഉടനെ തന്നെ അവതാരം എന്ന് ചാനലിലിരുന്ന് വിശേഷിപ്പിക്കുന്നതു കണ്ടു. തനിക്കെതിരായ സ്വപ്‌നയുടെ ആരോപണം പൊള്ളയാണെന്ന് വ്യക്തമായ ബോധ്യമുണ്ടായിട്ടും ഇത്തരം ചിത്രീകരണങ്ങള്‍ നടത്തുന്നവര്‍ ചില രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണ് ഇത് ചെയ്യുന്നതെന്ന് ഷാജ്കിരണ്‍ ആരോപിക്കുന്നു.
അതേസമയം സ്വപ്‌നക്കെതിരെ ഷാജ്കിരണ്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം കാര്യമായി മുന്നോട്ടു പോയിട്ടില്ലെന്നറിയുന്നു. ഫോണ്‍ സംഭാഷണങ്ങളുടെ ഫോറന്‍സിക് പരിശോധനാ ഫലം വൈകുന്നതാണ് കാരണമായി പറയുന്നത്. എന്നാല്‍ അന്നത്തെ വിജിലന്‍സ് മേധാവി എം ആര്‍ അജിത്കുമാറും ഷാജ്കിരണുമായുള്ള ബന്ധവും അവര്‍ തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങളില്‍ വിവാദപരമായ കാര്യങ്ങളുണ്ടെന്നതും അന്വേഷണം എങ്ങുമെത്താതിരിക്കാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.